Tuesday, November 27, 2007

വേഗം : കവിത

വേഗമേറെ വേണമെന്നില്ല
വേഗത്തിന്റെ കണക്കേവര്‍ക്കും
വേറെ വേറെയല്ലേ.

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

Tuesday, November 20, 2007

ശൂന്യം : കവിത

ശൂന്യമാണുത്തമം..
ശൂന്യമാണുത്തരം..

നിറഞ്ഞ ശൂന്യതക്കെങ്ങനെ
നിറവു വരുന്നു
നിറവു വന്നാലതൊന്നല്ലേ.
നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു.

പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം.
ഇവിടെ ഞാനധികമെങ്കില്‍
അവിടെ ഞാന്‍ ഇല്ലെന്നുമാത്രമല്ല
കുറവുമാണ്.
കുഴിയെടുത്ത മണ്ണിന്‍ കുന്ന്
കുഴിനികത്താനെടുത്താല്‍
കുഴിയും കുന്നും നികന്ന്
ശൂന്യമാകും പോലെ,
ഇവിടെ അധികമായഞാന്‍
അവിടെ കുറവായിടത്തെത്തിയാല്‍
ഞാനില്ലാതാവുന്നു
ശൂന്യമാകുന്നു.

ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം.

അനന്തതയെന്നും ബാക്കി...
ദൈവവും.

Monday, November 12, 2007

പുട്ടുണ്ടാക്കണം : കവിത

അടുക്കളയില്‍...
കുടം അടുത്തുണ്ട്,
വെള്ളവും നിറച്ച് അടുപ്പില്‍,
കുറ്റിയും, പൊടിയും,
തേങ്ങയും കൂടെയുണ്ട്.

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.
തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
അറിയില്ല.

വെള്ളം തിളക്കണം
ആവി വരണം
കുറ്റി വെക്കണം
ആവി വരണം
വേവണം ചൊവ്വനെ
മൂട്ടില്‍കുത്തി പുറത്തു ചാടിക്കണം.

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍
പൊരുതിയവര്‍,
ഒത്തുകൂടി മണികളാകാതെ
മാറിനിന്നവര്‍...
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അനങ്ങാനാവാതെ.

കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.

Saturday, November 10, 2007

അക്രമം

അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം

എന്നിട്ടും
ഹിരോഷിമ ഓര്‍ക്കുന്നതും
അമേരിക്ക ചെയ്യുന്നതും
കണ്ണൂരില്‍ നടമാടുന്നതും
സെപ്റ്റംബര്‍ പതിനൊന്നും
അക്രമങ്ങളുടെ പട്ടികയില്‍.
ക്രമമായ ചിന്തയുടേയും
പദ്ധതികളുടേയും
ക്രമമായ പൂര്‍ത്തീകരണവും
എങ്ങനെ
അക്രമമാവും?

എന്നാല്‍
ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന
വെള്ളപ്പൊക്കവും വരള്‍ച്ചയും,
സുനാമിയും ഭൂമികുലുക്കവും
അക്രമമാവാത്തതെന്ത്?

ക്രമത്തിനു വരേണ്ടതെല്ലാം
ക്രമത്തില്‍ വരാതാകുമ്പോള്‍
അക്രമമാകുമെങ്കില്‍
ക്രമം തെറ്റി വരുന്ന
ആര്‍ത്തവവും അക്രമമല്ലേ?