Showing posts with label ദുബൈ. Show all posts
Showing posts with label ദുബൈ. Show all posts

Wednesday, December 12, 2007

കുരുക്കൊന്നുമില്ലാതെ : കവിത

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....
നാട്ടില്‍ നിന്നാദ്യമായ്
മറുനാ‍ട്ടില്‍ വന്ന്
വീട്ടുപനി പിടിപെട്ടവനെപോലെ...
കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍....

എത്ര രസകരങ്ങളായിരുന്നാ കാഴ്ചകളെന്ന്
തെല്ലിട ഞാനൊന്നോര്‍ത്തുപോയ്.
ചരിഞ്ഞു കയറുമ്പോള്‍
പിന്നിലുള്ളവന്റെ കയര്‍ക്കല്‍...
പാതക്കു വീതിപോരാതെ
പാഴ്മണ്ണിലൂടെ പോകും നാലുചക്രങ്ങള്‍
ഉയര്‍ത്തുന്ന പൊടിപടലമെങ്ങും
ഹാ... എന്തു ഭംഗി...
മഞ്ഞവര മുറിച്ചവന്
ശീട്ട് മുറിക്കുന്ന നിയമപാലകര്‍...
നാലുചക്രത്തിനു പിന്നാലെപോയ,
പാഴ്മണ്ണില്‍ പുതഞ്ഞ
സണ്ണിയുടെ നിലവിളി....
ഓഡിയുടെ മൂട്ടിലിടിച്ച
ഫോര്‍ഡിലച്ചായന്റെ ഫോണ്‌വിളി...
കാത്തുനിന്ന് നിന്ന്
ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍...
നാലുപാത രണ്ടാവുന്നിടത്തുള്ള
തള്ളലുകള്‍, കീ കീ കള്‍
ശകാരങ്ങള്‍....
പാര്‍ക്കിങ്ങിനിടം കിട്ടാതെ
ഓഫീസ് കെട്ടിടത്തെ പലതവണ
പ്രദക്ഷിണം വെക്കുന്നത്....

ഇന്നിതൊന്നുമില്ലാതെ
വിരസമാം യാത്ര...
ഗതാഗതക്കുരുക്കില്ലാതെ
എത്ര വിരസം ഈ ദുബായ്...

അലാറത്തിന്റെ അലറലവസാനിപ്പിച്ച്
വിരസമല്ലാത്ത ദുബായിലേക്ക്
ഞാന്‍ കണ്ണുമിഴിച്ചു.