Showing posts with label പുട്ട്. Show all posts
Showing posts with label പുട്ട്. Show all posts

Monday, November 12, 2007

പുട്ടുണ്ടാക്കണം : കവിത

അടുക്കളയില്‍...
കുടം അടുത്തുണ്ട്,
വെള്ളവും നിറച്ച് അടുപ്പില്‍,
കുറ്റിയും, പൊടിയും,
തേങ്ങയും കൂടെയുണ്ട്.

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.
തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
അറിയില്ല.

വെള്ളം തിളക്കണം
ആവി വരണം
കുറ്റി വെക്കണം
ആവി വരണം
വേവണം ചൊവ്വനെ
മൂട്ടില്‍കുത്തി പുറത്തു ചാടിക്കണം.

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍
പൊരുതിയവര്‍,
ഒത്തുകൂടി മണികളാകാതെ
മാറിനിന്നവര്‍...
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അനങ്ങാനാവാതെ.

കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.