Showing posts with label 6/12. Show all posts
Showing posts with label 6/12. Show all posts

Thursday, December 06, 2007

കാലവും കാത്ത് : കവിത

നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ

ഒന്നും നിന്റെ കുറ്റമല്ല
ആരുടേയുമല്ല.
എല്ലാം കാലം തന്നതാണ്
കാലമതു തിരിച്ചെടുക്കുവതെന്ന്
കാത്തിരുന്നു കാണുക നാം.

അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.
പൊയ്മുഖങ്ങളും
വിഡ്ഡിച്ചിരികളും
നമ്മുടെ ജീവിതത്തിന്റെ
ഭാഗമായതെങ്ങനെ?

അടുത്തിരിക്കുമ്പോഴും
മനസ്സുകള്‍ മൈലുകളകലെ.
അന്യോന്യം സന്തോഷിപ്പിക്കാന്‍;
കപട സ്നേഹം,
പച്ചചിരി,
മതേതരം ,
സഹിഷ്ണുത,
പാടിപതിഞ്ഞ പദങ്ങള്‍
അര്‍ത്ഥമില്ലാത്ത പുലമ്പലുകള്‍.

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.