Tuesday, February 20, 2007

Sullsown | ജലം

നിനക്ക് -
കുടിക്കാന്‍.
കാറ്റത്ത്
മഴചാര്‍ത്തായ്
നനയാന്‍.
കുടനിവര്‍ത്താതെ
തെരുവിലൂടലയാന്‍

അവര്‍ക്ക് -
വിയര്‍പ്പിന്റെ
ഒരു മുത്തുമണി.
ഉരുകിതീരുന്ന
കണ്ണുനീര്‍.
ദാഹങ്ങള്‍ക്കൊടുവിലെ
സമാശ്വാസം.
മണല്‍‌പരപ്പിനറ്റത്തെ
മായകാഴ്ച.

പ്രണയവും ദു:ഖവും
സ്വപ്നങ്ങളും പോലെ
സാഗരം,
കോരിയാല്‍ തീരാത്ത
സ്നേഹം.

Monday, February 12, 2007

സ്കെയില്‍ | Sullsown

ആളുകള്‍
സ്കെയിലുകളുമായി നടക്കുന്നു.
സിയെംകള്‍, ഈഞ്ചുകള്‍
എംഎം കള്‍
ഇവ ഓരൊ സ്കയിലിലും
വ്യത്യാസപ്പെട്ടിരിക്കുന്നെന്ന്
അറിയാത്തവര്‍.
ഒരാളെ അളക്കുവാന്‍
ഒരുങ്ങുമ്പോള്‍
ഓര്‍ക്കെണ്ടതുണ്ട്‌,
അളക്കാനുപയോഗിക്കുന്നത്‌
അയാളുടെ യൂണിറ്റില്‍ തന്നെയോ എന്ന്.

Tuesday, February 06, 2007

അമ്മയലാറം | Sull's 50th Post

പേറ്റുനോവായ്‌
പ്രാണന്‍പിടഞ്ഞെന്നെയുണര്‍ത്തി
ജീവന്റെ
ചടുല നിശ്വാസങ്ങളില്‍.

ജനന മരണങ്ങളൊ-
ന്നല്ലെയുള്ളുയീ ജന്മം.

പുലരിയോരോന്നിലും
ചുടുക്കാപ്പിയും
പത്രവുമായ്‌
പിന്നെയുമുണര്‍ത്തി
എത്രയോ വട്ടം.

കീ കൊടുക്കാതെ
ബാറ്ററി മാറാതെ
ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

(എന്റെ അമ്പതാമത്തെ പോസ്റ്റ്. എന്റെ ഉമ്മക്കു വേണ്ടി)

Sunday, February 04, 2007

ഇരുട്ടു തീനികള്‍

ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്‌
നിന്നരികിലെ ഇരുട്ടിനെ.

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.
ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.
വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള്
‍ഞാന്‍ ഉരുകിയൊലിക്കുന്നു.

ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
‌ജലാശയത്തിന്റെ
അടിയില്‍
‍അടിഞ്ഞിരിക്കുന്നതു
സത്യമല്ലേ.
ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ
ഓടിയകലും ഇരുട്ടിനു തന്നെ
വെട്ടത്തേക്കാള്‍ വേഗം.

ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.