Wednesday, December 12, 2007

കുരുക്കൊന്നുമില്ലാതെ : കവിത

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....
നാട്ടില്‍ നിന്നാദ്യമായ്
മറുനാ‍ട്ടില്‍ വന്ന്
വീട്ടുപനി പിടിപെട്ടവനെപോലെ...
കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍....

എത്ര രസകരങ്ങളായിരുന്നാ കാഴ്ചകളെന്ന്
തെല്ലിട ഞാനൊന്നോര്‍ത്തുപോയ്.
ചരിഞ്ഞു കയറുമ്പോള്‍
പിന്നിലുള്ളവന്റെ കയര്‍ക്കല്‍...
പാതക്കു വീതിപോരാതെ
പാഴ്മണ്ണിലൂടെ പോകും നാലുചക്രങ്ങള്‍
ഉയര്‍ത്തുന്ന പൊടിപടലമെങ്ങും
ഹാ... എന്തു ഭംഗി...
മഞ്ഞവര മുറിച്ചവന്
ശീട്ട് മുറിക്കുന്ന നിയമപാലകര്‍...
നാലുചക്രത്തിനു പിന്നാലെപോയ,
പാഴ്മണ്ണില്‍ പുതഞ്ഞ
സണ്ണിയുടെ നിലവിളി....
ഓഡിയുടെ മൂട്ടിലിടിച്ച
ഫോര്‍ഡിലച്ചായന്റെ ഫോണ്‌വിളി...
കാത്തുനിന്ന് നിന്ന്
ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍...
നാലുപാത രണ്ടാവുന്നിടത്തുള്ള
തള്ളലുകള്‍, കീ കീ കള്‍
ശകാരങ്ങള്‍....
പാര്‍ക്കിങ്ങിനിടം കിട്ടാതെ
ഓഫീസ് കെട്ടിടത്തെ പലതവണ
പ്രദക്ഷിണം വെക്കുന്നത്....

ഇന്നിതൊന്നുമില്ലാതെ
വിരസമാം യാത്ര...
ഗതാഗതക്കുരുക്കില്ലാതെ
എത്ര വിരസം ഈ ദുബായ്...

അലാറത്തിന്റെ അലറലവസാനിപ്പിച്ച്
വിരസമല്ലാത്ത ദുബായിലേക്ക്
ഞാന്‍ കണ്ണുമിഴിച്ചു.

Tuesday, December 11, 2007

സമാധിയില്‍ : കവിത

പ്രപഞ്ചത്തിലോരോ അണുവിലേക്കും
മനസ്സിന്റെ അനന്തപ്രയാണം
പ്രാണന്റെ മര്‍മ്മരമായ്...
നിവര്‍ന്നു കിടക്കുന്നൊരാകാശം
അവസാനമില്ലാതലയുന്ന
കാറ്റിനും മേഘജാലങ്ങള്‍ക്കുമൊരിടമായ്

കുഞ്ഞോളങ്ങളും കാറ്റലകളും,
രൌദ്രഭാവവും തിരമാലകളും
ചൂടും തണുപ്പും ഇടകലരാതെയു-
ള്ളിലൊളിപ്പിക്കും മഹാസാഗരം പോല്‍

ഉള്ളെന്നും പുറമെന്നുമില്ലാതെ
ചലനമെന്നും നിശ്ചലമെന്നുമില്ലാതെ
പഴയതും പുതിയതുമല്ലാതെ
എല്ലാമായ ഒന്ന്
ഒരിടത്തുമില്ലെങ്കിലുമെ-
ല്ലായിടത്തുമുള്ള ഒന്ന്.

മനസ്സില്‍ നിറയുന്നത്
നിറഞ്ഞ ശൂന്യതയെന്നറിയുന്നു
ഞാനീ അഗാധ നിശ്ചലതകളില്‍

Thursday, December 06, 2007

കാലവും കാത്ത് : കവിത

നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ

ഒന്നും നിന്റെ കുറ്റമല്ല
ആരുടേയുമല്ല.
എല്ലാം കാലം തന്നതാണ്
കാലമതു തിരിച്ചെടുക്കുവതെന്ന്
കാത്തിരുന്നു കാണുക നാം.

അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.
പൊയ്മുഖങ്ങളും
വിഡ്ഡിച്ചിരികളും
നമ്മുടെ ജീവിതത്തിന്റെ
ഭാഗമായതെങ്ങനെ?

അടുത്തിരിക്കുമ്പോഴും
മനസ്സുകള്‍ മൈലുകളകലെ.
അന്യോന്യം സന്തോഷിപ്പിക്കാന്‍;
കപട സ്നേഹം,
പച്ചചിരി,
മതേതരം ,
സഹിഷ്ണുത,
പാടിപതിഞ്ഞ പദങ്ങള്‍
അര്‍ത്ഥമില്ലാത്ത പുലമ്പലുകള്‍.

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.

Tuesday, December 04, 2007

നല്ല നാല് വീക്കുകള്‍ : കവിത

നാലു വീക്കു കൊടുത്താല്‍
നന്നാവുമായിരുന്നെന്ന്
നാട്ടുകാര്‍

നാലല്ല നാല്പത്
വീക്കി നോക്കിയിട്ടും
നന്നായില്ലെന്ന്
നോക്കിയവര്‍

വീക്കുതന്ന്
നന്നാക്കാന്‍ നോക്കേണ്ടെന്നും
നന്നാവാതിരിക്കല്‍ ഒരു
വീക്നെസ്സ് ആണെന്നും
ഞാന്‍

സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍.

ആരെങ്കിലും ചോദിച്ചോ
‘ഒന്ന് നന്നായിക്കൂടേന്ന്’
ഞാനും ചോദിക്കട്ടെ
‘ഒന്ന് നന്നായിക്കൂടേന്ന്’
പുതുവര്‍ഷാശംസകള്‍!!!

Tuesday, November 27, 2007

വേഗം : കവിത

വേഗമേറെ വേണമെന്നില്ല
വേഗത്തിന്റെ കണക്കേവര്‍ക്കും
വേറെ വേറെയല്ലേ.

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

Tuesday, November 20, 2007

ശൂന്യം : കവിത

ശൂന്യമാണുത്തമം..
ശൂന്യമാണുത്തരം..

നിറഞ്ഞ ശൂന്യതക്കെങ്ങനെ
നിറവു വരുന്നു
നിറവു വന്നാലതൊന്നല്ലേ.
നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു.

പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം.
ഇവിടെ ഞാനധികമെങ്കില്‍
അവിടെ ഞാന്‍ ഇല്ലെന്നുമാത്രമല്ല
കുറവുമാണ്.
കുഴിയെടുത്ത മണ്ണിന്‍ കുന്ന്
കുഴിനികത്താനെടുത്താല്‍
കുഴിയും കുന്നും നികന്ന്
ശൂന്യമാകും പോലെ,
ഇവിടെ അധികമായഞാന്‍
അവിടെ കുറവായിടത്തെത്തിയാല്‍
ഞാനില്ലാതാവുന്നു
ശൂന്യമാകുന്നു.

ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം.

അനന്തതയെന്നും ബാക്കി...
ദൈവവും.

Monday, November 12, 2007

പുട്ടുണ്ടാക്കണം : കവിത

അടുക്കളയില്‍...
കുടം അടുത്തുണ്ട്,
വെള്ളവും നിറച്ച് അടുപ്പില്‍,
കുറ്റിയും, പൊടിയും,
തേങ്ങയും കൂടെയുണ്ട്.

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.
തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
അറിയില്ല.

വെള്ളം തിളക്കണം
ആവി വരണം
കുറ്റി വെക്കണം
ആവി വരണം
വേവണം ചൊവ്വനെ
മൂട്ടില്‍കുത്തി പുറത്തു ചാടിക്കണം.

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍
പൊരുതിയവര്‍,
ഒത്തുകൂടി മണികളാകാതെ
മാറിനിന്നവര്‍...
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അനങ്ങാനാവാതെ.

കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.

Saturday, November 10, 2007

അക്രമം

അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം

എന്നിട്ടും
ഹിരോഷിമ ഓര്‍ക്കുന്നതും
അമേരിക്ക ചെയ്യുന്നതും
കണ്ണൂരില്‍ നടമാടുന്നതും
സെപ്റ്റംബര്‍ പതിനൊന്നും
അക്രമങ്ങളുടെ പട്ടികയില്‍.
ക്രമമായ ചിന്തയുടേയും
പദ്ധതികളുടേയും
ക്രമമായ പൂര്‍ത്തീകരണവും
എങ്ങനെ
അക്രമമാവും?

എന്നാല്‍
ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന
വെള്ളപ്പൊക്കവും വരള്‍ച്ചയും,
സുനാമിയും ഭൂമികുലുക്കവും
അക്രമമാവാത്തതെന്ത്?

ക്രമത്തിനു വരേണ്ടതെല്ലാം
ക്രമത്തില്‍ വരാതാകുമ്പോള്‍
അക്രമമാകുമെങ്കില്‍
ക്രമം തെറ്റി വരുന്ന
ആര്‍ത്തവവും അക്രമമല്ലേ?

Tuesday, October 16, 2007

എന്താണമ്മേ? : കുട്ടിക്കവിത

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

ആഴമതെന്നാലതെന്താണമ്മേ?
മൊഴിക്കുമാഴിക്കുമാണതുണ്ണീ.

ഭാരമെന്നാലതെന്താണമ്മേ?
മണ്ണിനും മനസ്സിനുമാണതുണ്ണീ.

പൊഴിയുന്നതെല്ലാമെന്താണമ്മേ?
വയസ്സും വാസന്തവുമാണതുണ്ണീ.

സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ.

Sunday, October 14, 2007

പുതുവൃത്തങ്ങള്‍ : കവിത

നികൃഷ്ടജീവി
പാതിരിയാവണം കൂദാശ കൊടുക്കണം
പലകാലം കഴിഞ്ഞത് വെളിയില്‍ പറയണം
ഈവണ്ണമൊത്താലവന്‍ നികൃഷ്ടജീവിയായ് വരും
രാജ്യം ഭരിക്കുന്ന മേലാളന്മാര്‍ക്ക്

പോഴന്‍
മനുഷ്യനായിരിക്കണം, മന്ത്രിയായിരിക്കണം
സ്വന്തം കൂട്ടത്തിലില്ലാത്തവനാവണം
മണ്ണിനിടയില്‍ പെട്ടവനാകണം
പോഴനാവാനും പൊങ്ങികിടക്കാനും ഉത്തമം.

വെറുക്കപ്പെട്ടവന്‍
പത്രമൊന്നു വാങ്ങണം സിന്‍ഡിക്കേറ്റ് കളിക്കണം
പലിശകിട്ടും പണം വെറുതെ കൊടുക്കണം
മുങ്ങി നടക്കണം പിന്നെ പൊങ്ങി തെളിയണം
ഇത്തരമൊത്തവന്‍ വെറുക്കപ്പെട്ടവനായ്‌വരും

Monday, October 08, 2007

തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്)

നിങ്ങളുടെ നട്ടെല്ല്
എങ്ങനെയാണ് വളഞ്ഞുപോയത്?
ആര്‍ക്കുമുമ്പിലാണ് നിങ്ങളെപ്പോഴും
തലകുനിച്ചു നിന്നത്?

വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത്.
ചോദ്യങ്ങള്‍ ചോദിക്കാതെ
വെറും കേള്‍വിക്കാരായ്.
വീണുടയാവുന്ന ദുരഭിമാനത്തിന്റെ
കാവലാളായ്,
വിനയത്തിന്റെ
വിനീത ദാസനായ്.

അദ്ധ്യാപകര്‍ പ്രവാചകരായിരുന്ന
കാലം കടന്നുപോയ്.
സോക്രട്ടീസ് അപ്രസകതനാക്കപ്പെട്ടു.

എല്ലാത്തിനും ഉത്തരവാദികളായ
തലതിരിഞ്ഞുപോയ
തലമുറയില്‍ നിന്നും
കുതറിയെണീക്കുക.

സമര്‍പ്പണം : ശ്രീശാന്തിനെ തെറിവിളിക്കുന്ന മലയാളിമക്കള്‍ക്ക്

Monday, October 01, 2007

റോഡ് : കവിത

പുതുമഴ
ഒരു ചാറ്റല്‍ മഴ
ഇലചാര്‍ത്തുകളില്‍നിന്നും
ഒഴിഞ്ഞു പോകുന്ന ജലം

നാട്ടിടവഴി
കന്നിമണ്ണിന്റെ ഗന്ധം
ശാലിനി നടക്കുകയായിരുന്നു
പുതിയ കരതേടി.

പലരും നടന്നുപോയി
ആരെയും നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

ഇടവഴിയുടെ
ഹൃദയം പിളര്‍ന്നു
അതിലവര്‍ ചരല്‍ നിറച്ചു
ചോര ചാലിട്ടൊഴുകി
ശാലിനി കരഞ്ഞു.

പലരും നടന്നുപോയില്ല പിന്നെ,
നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

കരിങ്കല്‍ ചീളുകള്‍ കൊണ്ടു
മാറിടം പിളര്‍ന്നു,
ടാറിട്ടതിനെയവര്‍
ദൃഢമാക്കി.
ശാലിനി പിന്നെ കരഞ്ഞില്ല.

മാറാരോഗവും
മങ്ങുന്ന കാഴ്ചയും
ആ‍തുരാലയം പോലുമന്യം.
ശാലിനി റോഡില്‍ വീണടിഞ്ഞു
റോഡുകള്‍ പൊളിഞ്ഞു കിടന്നു.

Sunday, September 23, 2007

മതിലുകള്‍

തുളസി കതിരിനു
നിന്റെ ഗന്ധമാണ്.
തുളസിതറയില്‍ നിന്നെത്തുന്ന
കാറ്റില്‍
പള്ളിയിലെ ബാങ്കൊലിയും.


കുന്നത്തെ കോവിലിലെ
മണിനാദവും
സന്ധ്യാദീപ വന്ദനവും
പിന്നെ നാമുരുവിട്ട
ദിക്ക് റുകളും*
ഓര്‍മ്മകളിലെന്നെ തളക്കുന്നു.


മനുഷ്യനെ ചേര്‍ത്തുവച്ച
മതിലുകള്‍ക്ക്
മേന്മയെന്ന് മുത്തശ്ശി.


ബാബറേയും രാമനേയും
അടക്കം ചെയ്ത മതിലില്‍
വിള്ളലുകള്‍ക്കായി നാം
കാത്തിരുന്നു.
ലാദനും സേതുവും
പണികള്‍ നടത്തിയ
മതിലുകള്‍ക്കിപ്പോഴും
വിള്ളലില്ല.


ഒരുമിക്കാം
നമുക്കടുത്തജന്മം പ്രിയേ
ഇരുവരും
മതിലിന്നൊരുവശത്തെങ്കില്‍.


മതിലുകള്‍ മരിക്കുന്നില്ലല്ലൊ.


*ദിക് റ് = മുസ്ലിം ദൈവീക സ്തോത്രങ്ങള്‍.

Monday, September 17, 2007

വ്യര്‍ത്ഥം

നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൂകം.

ജീവനകന്നുകൊണ്ടിരിക്കെ,
ആരിലുമെത്താത്ത
അനാഥകുഞ്ഞിന്റെ
രോദനം.
വഴികളില്‍
പട്ടികളും പൂച്ചകളും
വീണുമരിക്കുന്നു.
ഒരു കലാപത്തിന്റെ
തിരുശേഷിപ്പുകള്‍.

മൌനം പുണരുന്ന
ഹൃദയത്തുടിപ്പുകള്‍,
ചതഞ്ഞരഞ്ഞ
പൂവിതളുകള്‍.
നീയില്ലാതെന്‍ ജീവന്‍,
വ്യര്‍ത്ഥം.

Tuesday, August 14, 2007

സ്വാതന്ത്ര്യ സമരം

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും
കാരണം
മുടി കൊഴിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വിഗ്ഗു വേണമെന്നില്ല
മറച്ചാലും മറക്കുന്നില്ലല്ലോ
എല്ലാം ഓര്‍മ്മപ്പെടുത്തുന്ന
കണ്ണാടി
ചുറ്റുവട്ടത്തുള്ളപ്പോള്‍.

പ്ലാന്റേഷന്‍-
സ്വര്‍ണ്ണപല്ലുപോലെ
ഒരാര്‍ഭാടം മാത്രം.

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും.

സ്നേഹിച്ചും
സ്വപ്നങ്ങളില്‍ കാലുറപ്പിച്ചും
സജീവമാകാം
സ്വന്തമസ്തിത്വത്തിന്റെ
സ്വാതന്ത്ര സമരങ്ങളില്‍.

ഏവര്‍ക്കും ഷഷ്ടിപൂര്‍ത്തി ആശംസകള്‍!!!

Sunday, July 29, 2007

സുഹൃത്തെ ചിരിക്കുക

 • സുഹൃത്തെ
  വിടപറയുക
  കാലത്തിന്റെ ഏടുകളില്‍
  എന്നോ എഴുതപ്പെട്ടത്
  ഇനി നിനക്ക്
  അനിവാര്യതയാവുന്നതറിയുക

  സുഹൃത്തെ
  മറക്കുക
  ഒരുമിച്ചുണ്ടായിരുന്ന
  നാളിന്റെ
  നഷ്ടബോധങ്ങളില്‍,
  എല്ലാം
  നോവുപടര്‍ത്തും
  ഓര്‍മ്മയാകുമെങ്കിലും

  സുഹൃത്തെ
  ചിരിക്കുക
  നിന്റെചിരിയില്‍
  എന്റെ സ്വാതന്ത്ര്യസ്വര്‍ഗ്ഗങ്ങള്‍
  പൂക്കുന്നു.
  നീ വിതുമ്പുമ്പോള്‍
  ഒരു പൂക്കാലമൊന്നായ്
  കൊഴിയുന്നു.

  സമര്‍പ്പണം :
 • ഒരു സുഹൃത്തിന്റെ വിടവാങ്ങല്‍ വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ അഭിലാഷിന്

Thursday, June 07, 2007

ബ്ലോഗരുടെ ചോറൂണ്

അവിയല്‍
കാളന്‍
തോരന്‍
പച്ചടി
കിച്ചടി
സാമ്പാറ്
തൊട്ടുകൂട്ടാന്‍
എന്തിനേറെ
അടപ്രഥമനും തയ്യാര്‍
ജന്മദിനത്തിലവളെനിക്കായ്
നിരത്തിയ വിഭവങ്ങള്‍
വായിലൂടെ ഒരു കപ്പലോട്ടാം.
‘ഒന്നു നോക്കിയിട്ടു വരാം‘
അവള്‍ മൊഴിഞ്ഞു
പുറത്താരൊ വന്നെന്നു കരുതി ഞാന്‍.
മണിയര കഴിഞ്ഞിട്ടും
കാണുന്നില്ലവളെ.
എത്തിനോക്കിയപ്പോള്‍
അവള്‍
പിന്മൊഴിയില്‍
മുങ്ങിനീരാടുന്നു
ബ്ലോഗില്‍ നിന്നു ബ്ലോഗിലേക്ക്
ചാഞ്ചാടുന്നു.
ഞാനോ
വിഭവങ്ങള്‍ക്കു മുന്നില്‍,
ചോറു വിളംബാത്ത
ഇലക്കു മുന്നില്‍.

Wednesday, May 30, 2007

എന്റെ സ്വപ്നങ്ങള്‍

എന്റെ സ്വപ്നങ്ങള്‍...
ബാല്യത്തിന്റെ
കുതൂഹലതകള്‍
നിറഞ്ഞ സ്വപ്നങ്ങള്‍
കൌമാരത്തിന്റെ
കുസൃതികളില്‍ പെട്ട
സ്വപ്നങ്ങള്‍
യൌവ്വനത്തില്‍
‍വെട്ടിപ്പിടിക്കലിന്റെ
സ്വപ്നങ്ങള്‍...
പിന്നെയും കണ്ടു
അനേകം സ്വപ്നങ്ങള്‍.
ജീവനില്ലാത്ത,
ജീവന്റെ സ്വപ്നങ്ങള്‍.
എല്ലാസ്വപ്നങ്ങളും
ഇനിയും
സ്വപ്നങ്ങളായിരിക്കുന്നു.

ഞാനെന്റെ സ്വപ്നങ്ങളെല്ലാം
തൂക്കിവിറ്റു.
വാങ്ങിയവനാരായാലും
മുടിഞ്ഞു കാണും.
ഞാന്‍ തന്നെയായിരുന്നുവോ
എന്റെ സ്വപ്നങ്ങള്‍ വാങ്ങിയവനും.?

Wednesday, April 18, 2007

തിരിച്ചു നടക്കുമ്പോള്‍

വാകമരച്ചുവട്ടിലൂടെ നടന്ന് പോകുന്നു.
കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...
ഒരുതീരം നമ്മെനോക്കി ചിരിക്കുന്നു
നമുക്കാശമാത്രം നല്‍കും
പിന്നെ
ചിരികളുടെ ലോകവും
പരിചിത ഭാവങ്ങളും
മറഞ്ഞേപോകും.
നാമപരിചിതരാവും.
നാമിരുവരിലേയും
അപരിചിതത്വത്തെ
സ്നേഹിച്ച്, പങ്കുവച്ച് പിരിയും.
ഒന്നും കൈമാറാതെ
അഗാധമായ ദു:ഖങ്ങളില്‍
സ്ഥായിയായ സത്യങ്ങളിലൂടെ.

Monday, April 09, 2007

സ്നേഹപ്പൂമ്പൊടി

എന്നിലെ ഒരിടമാകുന്ന
എന്റെ പുഷ്പമേ
സ്നേഹപ്പൂമ്പൊടി തീര്‍ത്ത്‌
പുഞ്ചിരിമലര് ‍തൂകി
നിന്നെ ഞാന്‍ സ്നേഹിക്കുന്നില്ലെ
എന്നിട്ടും...
നീയറിയാതെ പോയതെന്തെ
നീയൊന്നും പറയാതെ മറഞ്ഞതെന്തേ...
ഓര്‍ക്കുന്നുവോ നാമാദ്യം കണ്ടനാള്‍
‍ഓര്‍ക്കുന്നുവോ അന്നുനീയെന്‍
‍അരികില്‍ വന്നതും
കിന്നാരം ചൊന്നതും.
കാണുന്നതെല്ലാം എനിക്ക്
‌സ്വപ്നമെന്നായതും
നിന്‍ മധുരസ്വരം
സംഗീതമായതും.
എന്നിട്ടും
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും
ഞാനെന്‍ കനവുകള്‍
‍പകര്‍ന്നില്ലൊരിക്കലും
ഞാനെന്‍ മോഹങ്ങള്‍...
പിരിഞ്ഞിടുമെന്നൊരിക്കലും
നിനക്കാതിരുന്നൊരുനാള്‍
പിരിഞ്ഞുപോയ്‌ നീ
വിടചൊല്ലാതെ ദൂരെ.
ഇനിയെന്നാണ്‌ സഖീ
കാലം കടംകൊണ്ട പൂക്കാലം
നമ്മുക്ക്‌ തിരിച്ചു കിട്ടുക.

Sunday, March 25, 2007

Sulls | ലോക കോപ്പാ

ചീവീടിനെ ആങ്കലേയിച്ചൊരു കളി
കളിക്കാന്‍ ഭാരത പുത്രരും
കുറ്റിയും പന്തും കൊണ്ടുപോയി
പന്തടിക്കാനായി ഒരു പങ്കായവും
എണ്ണിയാലൊടുങ്ങാത്ത
ആരാധകര്‍
തലയിലേറ്റാനും
താഴെയിടാനും
തിരിഞ്ഞുകുത്താനും
അവര്‍തന്നെ ധാരാളം
ഈ കളിയൊരു മതവും
സച്ചിനെന്നൊരു ദൈവവും
ചുറ്റും ഉപദൈവങ്ങളും.
എന്തെല്ലാമായിരുന്നു മുദ്രാവാക്യങ്ങള്‍
‍സച്ചിന്റെ
സമ്പൂജ്യ ആറുകള്‍
കിരീടം വെച്ച
ദ്രാവിഡിന്റെ നാലുകള്‍
‍ഗാന്‍ഗുലിയുടെ
ആളനങ്ങാ മുട്ടലുകള്‍
‍അഗര്‍ക്കറിന്റെ മിന്നല്‍
ശ്രീശാന്തിന്റെ ഡാന്‍സ്‌
ഹര്‍ബജന്റെ തീസരാ
കുംബ്ലെയുടെ ഗൂഗ്ലി
അവസാനം,
നല്ല ചൊങ്ക തമിഴില്‍
ചൊന്നാല്‍ അസംസ്കൃതമാം
ഡോണിയുടെ മുടി വരെ
എണ്ണിയാലൊടുങ്ങാത്ത
സാധ്യതകള്‍...
പറഞ്ഞിട്ടിനിയെന്താ
പവനാഴി ശവമായി.

Thursday, March 15, 2007

Sullsown | ഷെമീമ

കണ്ട നാളിലെന്നോ ഖല്‍ബകം കൊതിച്ചു പോയ്
കാത്തിരുന്നു നിന്നെ പ്രണയമെന്നോതുവാന്‍
കൈവിറയാലെ കണ്ടു ഞാന്‍ നിന്നെ
കാര്യമോതിഞാന്‍ കാത്തിരുന്നു നിന്മൊഴി.

നിന്‍ മലര്‍ചുണ്ടില്‍ പുഞ്ചിരികണ്ടെന്‍
മനസ്സാകെ പൂത്തുലഞ്ഞ് മലര്‍വാടിയായ്
സ്വപ്നങ്ങളേറെ കണ്ടില്ലയെങ്കിലും
കണ്ടു ഞാന്‍ നിന്നെയെന്‍ മണവാട്ടിയായ്.

കനവുകൊണ്ടു മാലകോര്‍ത്തു
നിനവിലതു താലിയാക്കി
നിനക്കു ഞാന്‍ ചാര്‍ത്തീലെ
നീയതറിഞ്ഞീലെ
ഷെമീമാ, ഷെമീമാ, ഷെമീമാ.....

കത്തുന്ന ഖല്‍ബിന്റെ നൊമ്പരം കേള്‍ക്കുവാന്‍
കനിവും നീയേകാതെ മറഞ്ഞുപോയി
മറയാതെ എന്നെന്നും എന്‍ കനവിലുറങ്ങുന്നു
മായാത്ത നിന്‍ ചിത്രം മറയില്ലൊരിക്കലും

ഓര്‍ക്കുന്നു ഞാനിന്നും നീയകന്ന നാളുകള്‍
ഓര്‍മ്മയിലെങ്ങോ പോയ്മറഞ്ഞ രാവുകള്‍
ഒരു വാക്കു മിണ്ടാന്‍ ഒരു നോക്കു കാണാന്‍
ഖല്‍ബു തുടിക്കുന്നു, എന്‍ ഖല്‍ബ് കൊതിക്കുന്നു.
ഷെമീമാ, ഷെമീമാ, ഷെമീമാ.....

എങ്ങാണു നിന്‍സ്വരം എന്താനു നിന്മൊഴി
ചൊല്ലൂലെ പൈങ്കിളി പാല്‍ നിലാ ലങ്കൊളി
കണ്ണീരു കൊണ്ടു തീര്‍ത്ത കനവുകൊട്ടാരത്തില്‍
കാത്തിരിക്കുമെന്‍ പ്രിയെ ഞാനെന്നും നിനക്കായ്

(കൂട്ടുകാരന്‍ ബാബുവിന്റെ കവിത)

Tuesday, March 06, 2007

Sulls | ഇന്ന്

ഓരൊ ദിനവും നവം നവം
കര്‍മ്മങ്ങളാവാമതില്‍
നല്ലതും ചീത്തയും.

ഇന്നിനെ,
ഓടികിതച്ചെത്തിപ്പിടിച്ച
നേട്ടങ്ങളുടേയും,
തഴുകി തലോടും
സ്നേഹത്തിന്റേയും,
പുഞ്ചിരി വിരിയിക്കും
സന്തോഷത്തിന്റെയും,
നിനവുകള്‍ക്ക്‌ കൂട്ടു വെക്കാം.

ഇടവപ്പാതിയിലെ മഴപോലെ
കവിളണിഞ്ഞ കണ്ണീരുപോലെ
ദു:ഖത്തോട്‌ ചേര്‍ത്തും വെക്കാം.

പെയ്തൊഴിഞ്ഞ മാനംപോലെ
ശൂന്യതയാലും നിറക്കാം.

ഇന്നിന്റെ കര്‍മ്മങ്ങളൊന്നും
വ്യര്‍ത്ഥമാവരുത്‌.
ഈ ദിനം നീ നേടിയതൊ
ജീവന്റെ ഒരുദിനം തീറെഴുതി,
മരണത്തിലേക്കൊരടികൂടി അടുത്ത്‌.

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍,
കച്ചവടത്തിന്റെ
നീക്കിയിരിപ്പുകള്‍ മാറ്റിവച്ച്‌.

ഒരോര്‍മ്മയേക്കാള്‍
വലുതല്ലയെങ്കിലും
കൊടുത്തവിലയില്‍ ഖേദമെന്തിന്‌,
നീക്കിയിരിപ്പുകള്‍
‍മൂല്യവത്തെങ്കില്‍.

ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല.

Thursday, March 01, 2007

നാമിരുവരും സംവദിക്കാത്തത്.

അവനെയോര്‍ത്താണോ
നീയുറങ്ങിയത്?
അവന്റെ
ഏറ്റവും മൃദുലമായ
മുടിത്തുമ്പുകളില്‍ നീ
തലോടിയിരുന്നൊ?
വിഷാദച്ചവിയാര്‍ന്ന
ഒരുഗാനം
നീയറിയാതെ മൂളിയിരുന്നോ?
എല്ലാത്തിനും മീതെ
ഏറെയൊന്നും കൊതിക്കരുതെന്ന്
മനസ്സിനെ ശീലിപ്പിക്കാന്‍
മുതിര്‍ന്നിരുന്നോ?

ഇനിയെന്നാണ്...

മഴത്തുള്ളികള്‍ക്കിടയിലൂടെ...
മലഞ്ചെരുവിലെ
വഴിയിറക്കങ്ങളില്‍...
വിജനമായ നടവഴികളില്‍...
ഒരു തുളസിത്തറക്കുമുമ്പില്‍...

ഒരുമിക്കുക????

Tuesday, February 20, 2007

Sullsown | ജലം

നിനക്ക് -
കുടിക്കാന്‍.
കാറ്റത്ത്
മഴചാര്‍ത്തായ്
നനയാന്‍.
കുടനിവര്‍ത്താതെ
തെരുവിലൂടലയാന്‍

അവര്‍ക്ക് -
വിയര്‍പ്പിന്റെ
ഒരു മുത്തുമണി.
ഉരുകിതീരുന്ന
കണ്ണുനീര്‍.
ദാഹങ്ങള്‍ക്കൊടുവിലെ
സമാശ്വാസം.
മണല്‍‌പരപ്പിനറ്റത്തെ
മായകാഴ്ച.

പ്രണയവും ദു:ഖവും
സ്വപ്നങ്ങളും പോലെ
സാഗരം,
കോരിയാല്‍ തീരാത്ത
സ്നേഹം.

Monday, February 12, 2007

സ്കെയില്‍ | Sullsown

ആളുകള്‍
സ്കെയിലുകളുമായി നടക്കുന്നു.
സിയെംകള്‍, ഈഞ്ചുകള്‍
എംഎം കള്‍
ഇവ ഓരൊ സ്കയിലിലും
വ്യത്യാസപ്പെട്ടിരിക്കുന്നെന്ന്
അറിയാത്തവര്‍.
ഒരാളെ അളക്കുവാന്‍
ഒരുങ്ങുമ്പോള്‍
ഓര്‍ക്കെണ്ടതുണ്ട്‌,
അളക്കാനുപയോഗിക്കുന്നത്‌
അയാളുടെ യൂണിറ്റില്‍ തന്നെയോ എന്ന്.

Tuesday, February 06, 2007

അമ്മയലാറം | Sull's 50th Post

പേറ്റുനോവായ്‌
പ്രാണന്‍പിടഞ്ഞെന്നെയുണര്‍ത്തി
ജീവന്റെ
ചടുല നിശ്വാസങ്ങളില്‍.

ജനന മരണങ്ങളൊ-
ന്നല്ലെയുള്ളുയീ ജന്മം.

പുലരിയോരോന്നിലും
ചുടുക്കാപ്പിയും
പത്രവുമായ്‌
പിന്നെയുമുണര്‍ത്തി
എത്രയോ വട്ടം.

കീ കൊടുക്കാതെ
ബാറ്ററി മാറാതെ
ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

(എന്റെ അമ്പതാമത്തെ പോസ്റ്റ്. എന്റെ ഉമ്മക്കു വേണ്ടി)

Sunday, February 04, 2007

ഇരുട്ടു തീനികള്‍

ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്‌
നിന്നരികിലെ ഇരുട്ടിനെ.

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.
ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.
വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള്
‍ഞാന്‍ ഉരുകിയൊലിക്കുന്നു.

ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
‌ജലാശയത്തിന്റെ
അടിയില്‍
‍അടിഞ്ഞിരിക്കുന്നതു
സത്യമല്ലേ.
ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ
ഓടിയകലും ഇരുട്ടിനു തന്നെ
വെട്ടത്തേക്കാള്‍ വേഗം.

ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.

Tuesday, January 30, 2007

കൂടെ പോന്നവ

ഏറെയകലെ...
മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്
ഞാന്‍ നിന്നെക്കുറിച്ച്‌ ചിന്തിക്കുന്നു.
വിമാനങ്ങളുടെ ഉരുക്കു ചിറകുകളിലും
പക്ഷിത്തൂവലിന്റെ സൌമ്യത കാണുന്നു.
നിന്റെ നിശ്വാസമറിയുന്നു.
ഒടുവില്‍ കണ്ട മിഴികള്‍
‍ഉമ്മവെച്ചകന്നേ പോയ്‌.
ചേര്‍ത്തു പിടിച്ച കരങ്ങള്‍
‍വേര്‍പിരിഞ്ഞേപോയ്‌.
വിഷാദിയായ സ്വപ്നങ്ങള്‍,
പുഞ്ചിരിച്ചുകൊണ്ട്‌
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ്‌ തൊട്ട്‌
കൂടെ പോന്നു.
കൂടെത്തന്നെപോന്നു.

Monday, January 22, 2007

ബാല്യഗന്ധങ്ങള്‍

മഴനഞ്ഞോടിയ ബാല്യം...
എത്ര ആനന്ദത്തോടും
സ്നേഹവായ്പ്പോടും
കൂടിയാണ്‌
അത്‌ ഓര്‍മ്മിക്കുന്നത്‌...

ചെളിപുരണ്ട യൂനിഫൊം,
ഇതളുകളില്‍ കുറിപ്പെഴുതി
കൈമാറിയ ചെമ്പകപ്പൂക്കള്‍,
‍വഴിയരികിലെ കാരക്കമരം.
കയ്പും
ഇടക്കെപ്പോഴൊ
ചെറുമധുരവും തന്ന
ജീവിതം പോലെ...

പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.

കാണാതെയും
പറയാതെയും
നഷ്ടബോധത്തിന്റെ സ്നേഹമുദ്രകള്‍.

‍കാറ്റ്‌ കൊണ്ടുപോയ ബാല്യഗന്ധങ്ങള്‍....

Thursday, January 18, 2007

എണ്ണല്‍

കാലം.
ഒന്നും നഷ്ടപെടുത്തുകയായിരുന്നില്ല
എല്ലാം നമുക്ക്‌ തരികയായിരുന്നു
എല്ലാം സ്വീകരിച്ചവയല്ല.
വേണ്ടെന്നു വെച്ചവയും
മനസ്സിലെവിടെയൊ
ശേഖരിക്കപ്പെടുന്നു.

വിഷുപ്പക്ഷിപോലെ
വല്ലപ്പോഴും
വിരുന്നു വരുന്ന ഓര്‍മ്മക്കിളി.

സ്വപ്നങ്ങളുടെ കുട്ട
ആരൊ വേസ്റ്റിടാനെടുത്തുവച്ചു.

എല്ലാം ക്ലീനാക്കി എടുക്കുക.
പൂജ്യത്തില്‍ നിന്നൊ
മൈനസില്‍നിന്നൊ
ഒരാള്‍ക്ക്എണ്ണി തുടങ്ങാവുന്നതാണ്‌...

Tuesday, January 16, 2007

ജന്മദിനാശംസകള്‍

ബാലാര്‍ക്കനിന്‍ പൊന്‍കിരണങ്ങളേല്‍ക്കുന്ന
കുസുമ ദളങ്ങളും
പൊന്‍കസവെടുത്ത വെണ്‍മേഘങ്ങളും
ഇളം തെന്നലിന്‍ താരാട്ടു കേള്‍ക്കുന്ന
തുമ്പയും തുളസിയും,
ഒരു പ്രേമഗാനത്തിന്‍ വരികള്‍ കൊരുക്കുന്നുവോ.
നീലപട്ടുടുത്ത അംബരത്തോട്‌ താഴെ
മലനിരകള്‍ കൊഞ്ചിയതെന്ത്‌?
നിന്‍ പുഞ്ചിരിയാം ജാലകത്തിലൂ-
ടൊഴുകിയെത്തും പൊന്‍കിരണങ്ങള്‍
ഇന്നിന്റെ സൌന്ദര്യകൂട്ടാകുന്നുവോ?

ആശംസിക്കുന്നു നീയെന്നുമീ
ഭൂവിന്റെ സൌന്ദര്യമാകുവാന്‍.
എനിക്കെന്ന്നും തണലേകി തുണയായി
ദൂരങ്ങളും കാലങ്ങളും താണ്ടുവാന്‍.

നേരുന്നു പ്രിയേ ജന്മദിനാശംസകള്‍!!!

Thursday, January 11, 2007

മൊത്തക്കച്ചവടം

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

Wednesday, January 10, 2007

ഭംഗിയില്ലാത്ത ചിരി

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

(ബാക്കി സു വിന്റെ പോസ്റ്റില്‍ വായിക്കുക)