Wednesday, July 02, 2008

അറിയാതെ പറയാതെ

തെല്ലു തെളിഞ്ഞൊരാ
തിരിക്കു പിന്നില്‍
വ്യഥകളുരുക്കുന്ന ചുണ്ടുകള്‍
വഴിക്കണ്ണു നട്ടു.
മടിയില്‍,
കൂപ്പിയ കൈകളും
കൂമ്പിയ കണ്ണുകളും
അച്ഛനെക്കാത്ത്
ഈ മകളും.

വിയര്‍പ്പു മണികള്‍ തറയില്‍
ചാഞ്ഞിരിക്കവേ,
മടിക്കുത്തിലൊളിപ്പിച്ച മധുരം
തേടിപ്പിടിക്കുമെന്നെ
വാരിയെടുക്കുന്നോരച്ഛന്‍.
ഉമ്മതന്നെന്നെ മടിയിലുത്തി
കൊഞ്ചിച്ചിരുന്നെന്നച്ഛന്‍.

ഇടിഞ്ഞു വീഴുന്ന മാനം
തടഞ്ഞു നിര്‍ത്താനച്ഛന്‍
വീട്ടാ‍കടത്താല്‍
നെഞ്ചില്‍ നഞ്ച് കലക്കി.
അവസാന അത്താഴം
ഒന്നിച്ചിരിക്കുമ്പോള്‍
അമ്മയും അറിഞ്ഞില്ലേ ഒന്നും?

ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
എനിക്കതിനാവുകയില്ല.
കേട്ടില്ല ഒന്നും ഞാന്‍
കണ്ടില്ലയീലോകം...
അറിയാതെ പറയാതെ
കടന്നു പോവാനാവില്ല.
അമ്മിഞ്ഞപ്പാലിന്‍ മണം മാറാതെ
അരിഞ്ഞു മാറ്റിയെന്‍ ജീവന്‍.
ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.

കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി
പിന്നെ, ചാക്കില്‍
കെട്ടിവെക്കുന്നവര്‍ക്കും
ഇടം കൊടുത്തൊരീ മണ്ണില്‍
എന്നെ തനിച്ചാക്കാതെ
കൊന്നു കളഞ്ഞോരെന്ന-
ച്ഛനെന്‍ പ്രണാമം.

അതെ
ഞാനും ആത്മഹത്യ ചെയ്തതാണ്.