Sunday, March 23, 2008

സഖീ... സഹിക്കുക.

ഇടക്കിടക്ക്
നിന്‍ മൂക്കിന്‍ തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ.
എന്റെ ഓര്‍മ്മയുടെ
അവലക്ഷണങ്ങളാണിവയെല്ലാം.
സഖീ.. സഹിക്കുക...
എനിക്കു വേണ്ടി...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

Thursday, March 13, 2008

അവരെന്തു ചെയ്യുന്നുണ്ടാവും?

തളിക്കുളം പത്താംകല്ലില്‍ ബസ്സിറങ്ങി
പടിഞ്ഞാറോട്ട് ഒരു നാഴിക പോയാല്‍
എന്റെ വീടായി.

ചുടു ചൂഢാമണി* മണക്കുന്ന
സന്ധ്യകളില്‍
പോകറ്റിലെ അഞ്ചുരൂപ
ചട്ടുകം താഴെവെക്കുന്ന
ഇടവേളകളില്‍
വിജയേട്ടന്റേതാവുന്നു.

മജീദിക്കയെപ്പോഴും ചിരിച്ചിരിക്കുന്നുണ്ടാവും
അവരുടെ ഹോട്ടലിലോ
മരുന്നു കടയിലോ
ഇരുമ്പു കടയിലോ

പിന്നെയങ്ങോട്ട് ഇരുട്ടുവീഴുന്ന
പാതയാണ്.
ഏതിരുട്ടത്തും വഴിതെറ്റാതെ വീടണയാന്‍.

വാലത്തെ വീടും
തൊപ്പിക്കാരന്റെ വീടും കഴിഞ്ഞ
വളവില്‍
തെങ്ങിനു ചാലിട്ടു നനക്കുന്ന
അശോകന്‍ മാഷ്
വീട്ടുമുറ്റത്തുലാത്തുന്നുണ്ടാവും

എരണേഴന്റെ ഉണങ്ങിയ
കടയില്‍
മുനിഞ്ഞു കത്തുന്ന ബള്‍ബ്

വിത്തെറിയാത്ത പാടമാണ്
പാതക്കിരുവശവും ഇനി.
ചീവീടുകള്‍ ഇണയെതിരയുന്ന
തിരക്കിലായിരിക്കും.

ചെറുകണ്ടനും നാണിക്കും
ചിദംബരന്‍
അന്നത്തെ ഉപ്പും മുളകും
പൊതിയുകയായിരിക്കും
കടയില്‍.

വിളക്കുകാലിനടിയില്‍
സൈക്കിളില്‍,
ഒരു കാലു നിലത്തൂന്നി
ബാബുവും കുമാരനും
തര്‍ക്കിക്കുന്നുണ്ടാവും.

“എന്താ സായ്‌വേ ഈ നേരത്ത്”
എന്തെങ്കിലും ചോദിക്കാതെ വിടാത്ത
റിട്ടയര്‍ പോലീസ് രാമേട്ടന്‍.

പൈപിന്‍ കരയില്‍
വെള്ളത്തിനു നില്‍ക്കുന്നവരുടെ
പുഞ്ചിരി, അന്വേഷണങ്ങള്‍....

ഉമ്മയുടെ സ്നേഹം...
സുലൈമാനിയോടൊപ്പം
വിജയേട്ടന്‍ പൊതിഞ്ഞു തന്ന
ചൂഢാമണി.

തിരിച്ചു നാടെത്തുമ്പോള്‍
ആരെല്ലാം ബാക്കികാണുമവിടെ?
ദൈവമേ,
ഏവരേയും നീ കാത്തു വച്ചേക്കണേ...

*കപ്പലണ്ടി വറുത്തത്.

Monday, March 10, 2008

മാവു പൂക്കുമ്പോള്‍ : കവിത



പത്തേമാരിയിലെത്തിയ
മാമ്പഴ സുഗന്ധം
അബ്ര*യിലെങ്ങും.
വായിലൂടെ ചാലുകീറുന്ന
കപ്പലുകള്‍....
പഴുത്തതെല്ലാം പകുത്തെടുത്ത
ബാല്യം,
ഓര്‍മ്മകള്‍ക്ക് മാദകഗന്ധം.

മുറ്റത്തെ മൂവാണ്ടനോടടുത്തില്ല
തൊടിയിലെ നീലനും,
മല്പിരിയനും, പ്രിയൂരും,
ചപ്പിക്കുടിയനും, പുളിയനും.
കയറിമറിയാനും
ഊയലാടാനും
വെറുതെയിരിക്കാനും
എന്നും എനിക്ക് കൂട്ട്.

തുഞ്ചത്തെ കൊമ്പത്തെ
പാതികൊത്തിയ മാമ്പഴം;
കാക്കയുടെ ബാക്കിക്കായ്
കൂട്ടുകൂടിയുള്ള
കാത്തിരിപ്പുകള്‍...

സ്കൂളിലേക്കുള്ള വഴിയില്‍
ഏറുകൊണ്ട മാവുകള്‍...
ഉപ്പുകൂട്ടി കഴിച്ച
പച്ച മാങ്ങകള്‍...
പച്ചമാങ്ങകള്‍ നല്‍കിയ
സൌഹൃദങ്ങള്‍...

കൊമ്പുകള്‍ കുലുക്കി
ചറ പറ പെയ്യുന്ന മാങ്ങകള്‍...
ചാക്കിലേറി ചരുമുറിയില-
ടയിരിക്കുന്ന മാങ്ങകള്‍...

വേനലകലാന്‍
കാറുനിറയുന്ന മാനം.
പടിഞ്ഞാറന്‍ കാറ്റിന്‍
രൌദ്രഭാവം.
ഒടിഞ്ഞു മറിയുന്ന
പൂളയും മുരിങ്ങയും
കട പുഴകുന്ന
കല്പക വൃക്ഷവും.
ഇടമുറിയാത്ത
തുള്ളികളെ തള്ളി,
പൊഴിയുന്ന മാമ്പഴം
പെറുക്കാനായോടിയത്...
പിന്നാലെ വരുന്ന
ശകാരങ്ങളും... പനിയും...

ഉരുവില്‍ കയറിയെത്തിയ
പെട്ടിയിലെ മാങ്ങകള്‍...
ആ നഷ്ട സുഗന്ധത്തിന്‍
മൂകസാക്ഷികള്‍..
------------------------------------------------------

*കടവ്, ഉരു അടുക്കുന്നിടം
(പടത്തിന്റെ കടപ്പാട് വേണ്ടവര്‍ വരിവരിയായി വരിക...)

Sunday, February 17, 2008

പഴ്‌സ് : കവിത

പുതിയൊരു പഴ്സ് വാങ്ങി.
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റണം.
ആദ്യം പണത്തില്‍ കൈവച്ചു...
പിന്നെ എനിക്കരുമയായ പടങ്ങള്‍...
പടിയിറങ്ങുമ്പോളുമ്മതന്ന
ചെളിപുരണ്ട അമ്പതിന്റെ നോട്ട്...

ഇനി ഒരു കൂട്ടം കാര്‍ഡുകള്‍
കാലാവധി കഴിഞ്ഞ്
ഇരിപ്പു തുടരുന്നവരും കൂട്ടത്തില്‍...
ഇനിയെന്തിനവര്‍
കളയാം...

പിന്നെ പരതി അങ്ങിങ്ങ്
അറകളോരോന്നായി...
ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍
പേഴ്സിനെപോലെ മറ്റാര്?
തുണ്ടുകളിലെഴുതിയ നമ്പറുകള്‍
കിട്ടി രണ്ടെണ്ണം... ആരുടെയെല്ലാമാവോ...
ഇനി എന്തു പറഞ്ഞു വിളിക്കും അവരെ?
കളയാം...

നാട്ടിലെ ബസ്സിന്റെ ടിക്കറ്റ്...
സിനിമാ ടിക്കറ്റിന്റെ പാതിമുറി...
ഹെല്‍മെറ്റിടാതെ കിട്ടിയ പെറ്റിയുടെ,
മടക്കുകളില്‍ കീറലുകള്‍ വീണ
മറ്റൊരു ടിക്കറ്റും...
ഓര്‍മ്മകളിലെ ഇന്നലെകള്‍...
ഇനിയെന്തിനിവയെല്ലാം?
കളയാം...

കൊടുത്തതിന്റെയോ കിട്ടാനുള്ളതിന്റെയോ
കണക്കെഴുതിയ കടലാസു കൂട്ടം...
തുണിക്കടയിലെ അടിക്കാതെ പോയ
സമ്മാനത്തിനുള്ള ബില്ല്...
ഇനിയെന്തു പുല്ല്...
കളയാം...

പുതിയ തിരിച്ചറിവ്,
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റാനൊക്കില്ല.
പഴയ പഴ്സ് ,
എന്റെ സ്വകാര്യങ്ങള്‍ അറിയുന്ന,
ഉള്ളില്‍ സൂക്ഷിക്കുന്ന,
എപ്പോഴും കൂടെയുള്ള,
എന്‍മനമറിഞ്ഞ പ്രണയിനിയോ?
ഓര്‍മ്മകളെല്ലാം ഡസ്റ്റ് ബിന്നിലിട്ട്
എന്നെയറിയാത്ത ഞാനറിയാത്ത
പുതു മണവാട്ടിയായ
പുതിയ പഴ്സും ഞാനും ബാക്കിയായ്.

കുംഭമാസത്തിലെ തുഷാരത്തില്‍ വന്നത്

Sunday, February 10, 2008

വാര്‍ത്തകള്‍ കേള്‍ക്കുന്നത്.... : കവിത

പ്രധാനവാര്‍ത്തകള്‍ പുഞ്ചിരിയോടെ..
പിന്നെ പരത്തി നിവര്‍ത്തി
ഘട്ടം ഘട്ടമായി...

പ്രമുഖന്റെ വിടവാങ്ങലെന്നും
ആദ്യയിടം.
അനുശോചങ്ങളുടെ
കൂരമ്പുകള്‍ നെയ്ത
ശരശയ്യയില്‍ മൃതന്‍.
സഹതാപത്തിലേറെ
വിദ്വേഷം വിതക്കുന്ന
കപടത.

അരാഷ്ട്രീയ രാഷ്ട്രീയത്തിന്
അടുത്ത സ്ലോട്ട്,
അഴികളിലൊടുങ്ങാത്ത
പുതിയ അഴിമതികളുടെ
പഴയ വിഴുപ്പലക്കലുകള്‍
തലപെരുപ്പിക്കുന്നു.

അടുത്ത വളവില്‍
നാട്ടുവാര്‍ത്തകളുടെ നാറ്റം.
മുഖത്തുമുണ്ടിട്ടു നടത്തും
വാണിഭങ്ങളുടെ വാണിഭം.
ഒരു വാണിഭം:
വാര്‍ത്തകളുടെ ചാകര.
ചാകര തേടുന്ന ചാരകണ്ണുകള്‍.

ബോംബുകളുടേയും
യുദ്ധങ്ങളുടേയും
അനാഥരുടേയും വിധവകളുടേയും
വിദേശദര്‍ശനം‍.
ഹൃദയഭിത്തിയിലെ
മുള്ളുവലികള്‍.

കായികത്തിന്റെ
കയ്പ്പുനീരും
ഇടക്ക് പെയ്യുന്ന
മധുരവും നുണഞ്ഞ്
അവസാന
ദലവും മറിയുമ്പോള്‍
സമാധാനത്തിന്റെ
തിരിച്ചുവരവറിയിച്ച്
വാര്‍ത്തകള്‍ അവസാനിക്കുന്നു.

വാര്‍ത്തകളുടെ വര്‍ത്തമാനത്തില്‍
വാര്‍ത്തകളാകാത്ത വാര്‍ത്തകള്‍...
ദിനമൊന്നു വളരാത്ത മൃതപ്പിറവികള്‍.
ദിനേനമൂന്നെന്ന
വൈദ്യന്റെ കുറിപ്പിനെവെട്ടും
മണിക്കൂറിലൊന്നെന്ന
അസമാധാനത്തിന്റെ വിഷഗുളികകള്‍.

നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...

Saturday, February 02, 2008

പ്രവാസിക്ക് പ്രഷറുണ്ടാക്കുന്നത്...

ഓഫീസില്‍ :
അവര്‍ പെണ്ണായതുകൊണ്ടോ
ജിസിസി ആയതുകൊണ്ടോ
എന്നേക്കാള്‍ സാലറി അവര്‍ക്ക്
കൂടാതെ, കാറും.
“ഇനിയെന്തെല്ലാം
നല്‍കുന്നുണ്ടാവോ ഡേഷ്‌‌ മോന്‍... “
ചോദിച്ചു ചെന്നാല്‍, തെറിക്കാവുന്ന
പണിയുള്ളവന്റെയുള്ളം.

റോഡില്‍ :
മഞ്ഞവര മുറിച്ച്
മുന്നിലേക്കു വരുന്ന
ദുബായ് മൂന്നക്ക നമ്പര്‍ പ്ലേറ്റ്.
“ഓയ് %#*))#$$“.
വഴികൊടുക്കാത്തതിന്
കാറുടമയുടെ പൊട്ടിത്തെറി.
അല്പം തലവെട്ടിച്ച്
“പോഡാ ‌‌‌------ “
കാറിലിരുന്ന് ആരും കേള്‍ക്കാതെ
എന്റെ പൊട്ടാത്ത തെറി.

വാസസ്ഥലത്ത് :
കഴുകിയിട്ട കാറില്‍
മണ്ണുവാരിയിട്ട
അപ്പുറത്തെ വില്ലയിലെ
ശ്രീലങ്കന്‍ തള്ള,
രാത്രിയില്‍ ആരും കാണാതെ
ആണിയെടുത്തു കോറുന്ന
തമിഴന്‍ തടിയന്‍.
തെളിവില്ലാത്തതിനാല്‍
തള്ളിപ്പോകുന്ന കൈകടത്തലുകള്‍.
“പട്ടി നായിന്റെ മക്കള്‍...”
മനസ്സമാധാനത്തിനായി
മനസ്സില്‍ കുറിച്ച വാക്കുകള്‍.

പിറകെ വരാവുന്ന കെണികളോര്‍ത്ത്
പിറകെ വലിക്കുന്ന ഭയത്തെ
മലയാളിതന്‍ സദാചാരമെന്ന്
വെറുതെ പുലമ്പുന്നു നമ്മള്‍.
പ്രഷറുമായി തിരികെമടങ്ങാന്‍
പ്രവാസിയെ പ്രാപ്തരാക്കുന്ന
പ്രതിലോമ പ്രതികരണങ്ങള്‍ മാത്രം.

Tuesday, January 29, 2008

മുഖങ്ങള്‍ : കവിത

നഗരത്തിന് പലമുഖമാണ്.

ഒരു മുഖമുണ്ടായിരുന്നു
പ്രിയതരമായി.

കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു.

പൊടിപിടിച്ച,
വക്കുപൊട്ടിയ,
ചളിതെറിച്ച -
മുഖം മാറ്റണം.
നഗരത്തില്‍ ഇനി
പൊയ്മുഖം മതി
എല്ലാമുഖവും പോലെ.