Sunday, September 23, 2007

മതിലുകള്‍

തുളസി കതിരിനു
നിന്റെ ഗന്ധമാണ്.
തുളസിതറയില്‍ നിന്നെത്തുന്ന
കാറ്റില്‍
പള്ളിയിലെ ബാങ്കൊലിയും.


കുന്നത്തെ കോവിലിലെ
മണിനാദവും
സന്ധ്യാദീപ വന്ദനവും
പിന്നെ നാമുരുവിട്ട
ദിക്ക് റുകളും*
ഓര്‍മ്മകളിലെന്നെ തളക്കുന്നു.


മനുഷ്യനെ ചേര്‍ത്തുവച്ച
മതിലുകള്‍ക്ക്
മേന്മയെന്ന് മുത്തശ്ശി.


ബാബറേയും രാമനേയും
അടക്കം ചെയ്ത മതിലില്‍
വിള്ളലുകള്‍ക്കായി നാം
കാത്തിരുന്നു.
ലാദനും സേതുവും
പണികള്‍ നടത്തിയ
മതിലുകള്‍ക്കിപ്പോഴും
വിള്ളലില്ല.


ഒരുമിക്കാം
നമുക്കടുത്തജന്മം പ്രിയേ
ഇരുവരും
മതിലിന്നൊരുവശത്തെങ്കില്‍.


മതിലുകള്‍ മരിക്കുന്നില്ലല്ലൊ.


*ദിക് റ് = മുസ്ലിം ദൈവീക സ്തോത്രങ്ങള്‍.

Monday, September 17, 2007

വ്യര്‍ത്ഥം

നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൂകം.

ജീവനകന്നുകൊണ്ടിരിക്കെ,
ആരിലുമെത്താത്ത
അനാഥകുഞ്ഞിന്റെ
രോദനം.
വഴികളില്‍
പട്ടികളും പൂച്ചകളും
വീണുമരിക്കുന്നു.
ഒരു കലാപത്തിന്റെ
തിരുശേഷിപ്പുകള്‍.

മൌനം പുണരുന്ന
ഹൃദയത്തുടിപ്പുകള്‍,
ചതഞ്ഞരഞ്ഞ
പൂവിതളുകള്‍.
നീയില്ലാതെന്‍ ജീവന്‍,
വ്യര്‍ത്ഥം.