Tuesday, December 26, 2006

സ്വൈ‌ര്യമായുറങ്ങാം

വെന്റിലേറ്ററുകളില്ലാത്ത
മുറികളില്‍ ജീവനം.
ഒതുങ്ങിപ്പോയ ശ്വാസം
ഉള്‍വല്ലിഞ്ഞൊടുങ്ങുന്ന നാം.
സ്വൈ‌ര്യമായുറങ്ങാം.
ഉറക്കത്തില്‍,
സ്വാതന്ത്ര്യത്തിന്റെ
മേച്ചില്‍പുറങ്ങളില്‍ അലയാം;
ശുദ്ധശ്വാസത്തിന്റെ ഉറവകള്‍,
പുഴയോരങ്ങള്‍;
ഒന്നും തിരിച്ചുചോദിക്കാതെ
വിഭ്രമിക്കാതെ...
അനിവാര്യമായ ബിന്ദുക്കള്‍
‍ചുറ്റുമാകെ നിറയുമ്പോള്‍
‍വീണ്ടും
ഉറക്കമല്ലാതെ മറ്റെന്ത്‌?

Saturday, December 23, 2006

ഉറക്കം

കണ്‍തുറക്കുകെന്‍ ചങ്ങാതി നീ, ഞാന-
ണഞ്ഞില്ലെ കാതങ്ങള്‍ താണ്ടി ഇന്നിവിടെ.
നില്‍പു ഞാന്‍ നിന്നരികിലിതുസത്യമെങ്കിലും നീ-
യറിയുന്നില്ലെങ്കിലീ കാത്തു നില്‍പ്പെത്ത്ര വ്യര്‍ത്ഥം.
സഖീ, ഇനിയും നീ ഉണരാത്തതെന്തെ?

നീയുറക്കെച്ചിരിക്കുമ്പോള്‍ എന്‍ മനം പറ-
ഞ്ഞൊരിക്കല്‍ കാണും നിന്‍ ചിരി എന്‍ കണ്ണാല്‍.
കാണുവതിനായ്‌ കാത്തിരുന്നു നാളുകള്‍
അണഞ്ഞതിന്നല്ലോ ഞാന്‍ നിന്നരികിലെങ്കിലും,
ഇനിയും നീ ഉറങ്ങുവതെന്തേ ?

നീ പറഞ്ഞതെല്ലാം ഓര്‍ക്കുന്നു ഞാനിന്നുമാ
ആദ്യദിനത്തിലെ ചാറ്റ്‌ വിന്‍ഡോയിലെ
'ഹായ്‌' മുതലൊക്കെയും പിന്നെ പറഞ്ഞതും
നിന്നോടെനിക്കതെല്ലാം പറയണമിന്നെനിക്കെന്നിട്ടും
ഇനിയും നീ മയങ്ങുവതെന്തേ?

സ്വയം നീ പറഞ്ഞു തീര്‍ത്തൊരാ വാക്കുകള്‍
‍മറ്റാരും അറിയാത്ത നിന്‍ രഹസ്യങ്ങള്‍
നീയെന്നോടു പറഞ്ഞൊരാ സമയങ്ങള്‍
ഇപ്പോളെന്നെ കാര്‍ന്നുതിന്നുന്നൊരാ ഓര്‍മ്മകള്‍.
പ്രിയേ, നീ ഉണരുവതിനിയെപ്പോള്‍?

എങ്കിലും, ഉറങ്ങിക്കിടക്കുവതെന്തിനു നീ
നിന്‍ വീടിന്‍ നടുത്തളത്തില്‍?
ചിത്തത്തില്‍ നിന്‍ ചിത്രം വരഞ്ഞുവെങ്കിലും
കണ്ടില്ല നിന്നെയെന്‍ നയനങ്ങളാല്‍.
പ്രിയേ, ഇനിയും നീ ഉണരാത്തതെന്തെ?

ഇന്നാദ്യമായ്‌ അടുത്ത്‌ കാണുമ്പോള്‍ അറിയുന്നു
ഞാന്‍ അതവസാനത്തേതെന്ന്.
സ്നേഹത്തോടെ നീയെന്നോടു മന്ദ്രിച്ചതെല്ലാം
മുത്തുകളാവട്ടെ എന്‍ഹൃത്തില്‍ കാലാകാലം.
സ്നേഹിതേ, ഇനിയും നീ ഉണരത്തതെന്തെ?

എന്തേ നീ തനിച്ചു പോകുന്നീ യാത്ര?
എന്തേ എന്നോടൊരു 'ബൈ' പോലും ചൊല്ലാതെ.
വിടചൊല്ലാനറിയാതെ നിന്‍ മൌനമാം മനത്തോട്‌,
എന്മനം ചൊല്ലുന്നു നീ തിരിചു വരുമെന്ന്.
ഒരിക്കലെങ്കിലും കാണാന്‍ നിന്‍ ചിരിയെന്‍കണ്ണാല്.

‍ഈ നിമിഷം, നീ വിടപറയുന്നൊരീ നിമിഷം
എന്റെ സഹനം, സാഗരങ്ങള്‍ താണ്ടുന്നു,
പൊള്ളുന്നെന്‍ ഹൃദയം നീയെവിടെപ്പോയൊളിച്ചാലും,
ശോകമൂകമാം ആ തീനാളങ്ങളില്‍
ഏരിഞ്ഞമരുന്നെന്‍ ലോകം ഇന്നു ഭ്രാന്തമായ്‌.

Thursday, December 14, 2006

നാടിന്‍ തല

നാട്‌ 'ഉണ്ട'വനെ,
നാട്‌ 'ഉണ്ടാക്കുവാന്‍'
നാട്ടിന്‍ തലയാക്കിയാല്
‍നാടുണ്ടാവുമോ, കാടുണ്ടാവുമോ.

Monday, December 11, 2006

രണ്ടായിരത്തി ആറ്

ഇനി ചില ദിനങ്ങള്‍ കൂടി നീ കൊഴിഞ്ഞു തീരാന്
‍അതു കഴിഞ്ഞാല്‍ ചത്തു മലക്കും ഈ 2006
മരണാനന്തര കര്‍മ്മങ്ങള്‍ ജനുവരി ഒന്നിന്‌
അന്നാര്‍ക്കും നെരമില്ല ഒന്നിനും,
ക്രിയ ചെയ്യാനും, കുടമുടക്കാനും.
ഏവരും ആഘോഷങ്ങളുടെ നടുക്കടലില്‍
‍മുങ്ങിക്കുളിക്കുകയാവാം,
ഉള്ളം കുളിര്‍പ്പിക്കുകയാവാം.
പാതി മയക്കത്തിലും പാതി ബോധത്തിലും.
വാനില്‍, പൊട്ടിവിരിയും അമിട്ടുകളുടെ പൊടി പൂരം,
ബാറില്‍, ഡിസ്കൊയില്‍, നൈറ്റ്‌ ക്ലബ്ബില്‍
പുതുവര്‍ഷ കേളികലുടെ ഉന്മാദം.
എല്ലാരും മറക്കുന്നു
ഇതുവരെ തീറ്റിപോറ്റിയ 2006 നെ
മരിചു കിടക്കുന്ന 2006 നെ.
ഈ കുഞ്ഞു തണുപ്പില്‍ സ്വപ്നം കാണുന്നു ഞാനും
‘പുതുവര്‍ഷം എങ്ങനെ ഒരു പുതപ്പിനടിയിലാവാം‘.

Thursday, December 07, 2006

പ്രണയങ്ങള്‍

അരികിലണയും നീയെന്നുമെന്‍ വിസ്മയം
ചുടു ചുംബനപൂക്കള്‍ തന്‍ പരിലാളനം.
സാന്ധ്യ കുങ്കുമമണിഞ്ഞൊരാ വദനത്തിന്‍ തുടിപ്പുകള്‍,
ഒട്ടിചേര്‍ന്നു പിണഞ്ഞിരിക്കും നിന്‍ കരതലങ്ങള്‍.

നറുപുഞ്ചിരിയില്‍ വിരിയിച്ചു നീ എന്‍ കനവുകള്‍,
‍എന്‍ മനസ്സിന്റെ തന്ത്രിയില്‍ ശ്രുതിമീട്ടിയൊ?
ഇരുട്ടിലെ തണുപ്പിലെങ്ങോ നഷ്ടമായൊരെന്‍ ഹൃത്തിനെ
വീണ്ടെടുത്തു നീ തന്നൊരാ ആനന്ദങ്ങളില്‍.

പ്രണയമെന്നെ കയ്യൊഴിഞ്ഞൊരു വേളയില്‍,
നിരാശകളെന്റെ സ്വപ്നങ്ങള്‍ തട്ടിയുടച്ചപ്പോള്‍,
മനം വിങ്ങുന്നൊരാ മാത്രയില്‍
‍തെളിച്ചു നീയൊരു നിറദീപമെന്‍ ഹൃത്തില്‍.

കാതുകള്‍ക്കിമ്പമാം നിന്‍ മൃദു മന്ത്രണം
എന്നുമെന്നുള്ളില്‍ ആനന്ദമേകും പരിലാളനം.
മൃദുവാം ചിറകുകള്‍ വീശി ഞാനും
ഉയര്‍ന്നു പറന്നീടുന്നൊരീ വിണ്ണില്‍.

എന്‍ ജീവന്റെ അഭിലാഷ പൂരണം നീ
നിനക്കായെന്‍ സര്‍വസ്വവും നല്‍കീ ഞാന്‍.
എന്‍ നെഞ്ചോട്‌ ചേര്‍ത്തുനിന്നെ ഈരാവിന്റെ
മാറില്‍അലിഞ്ഞുചേരുംനിഴലുകളാവാം നമുക്കുപരസ്പരം.

Tuesday, December 05, 2006

പുല്‍നാമ്പ്

ഒരു പുല്‍നാമ്പിനെന്തു കര്‍മ്മം?

പൂമ്പാറ്റകള്‍ക്കു ചിറകുവിരിക്കനൊരിടം
വണ്ടുകള്‍ക്കു മൂളാനും മുരളാനും.

തെന്നലില്‍ തഴുകലില്‍ തലയാട്ടിക്കളിക്കാന്‍
സൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ മടിയിലൊതുക്കാന്‍
‍എല്ലാറ്റിനോടും തലകുനിക്കാന്‍.

രാവിന്റെ ശാന്തതയില്‍ മുത്തുമണികല്‍ കോര്‍ക്കാം
പ്രഭാത കിരണങ്ങള്‍ തന്‍ ശോഭനല്‍കാന്‍.

‍പിഞ്ചുപാദങ്ങള്‍ക്കു പട്ടുമെത്തയാവാം
ഓടിയും ചാടിയും പിന്നെ അടിതെറ്റി വീഴും കളികളില്‍.

നിന്‍ മൃതിയിലും നീ വിതറുന്നു ദിവ്യമാം നറുമണം
അനുഭൂതിയേകും ആ സുഗന്ധം.

അല്‍പമേയുള്ളു കര്‍മ്മമെങ്കിലും
ശുദ്ധമാം കര്‍മ്മം അതു നിന്‍ പുണ്യം
ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.

Wednesday, November 29, 2006

തകര്‍ന്ന ഹൃദയത്തിന്‍ പരിദേവനങ്ങള്‍

വേദന...
മരവിപ്പ്...
ക്ഷീണം....
ദേഷ്യം, കോപം, വെറുപ്പ്
അനാവശ്യവികാരങ്ങള്‍...
വേദനിപ്പിക്കുന്നു, ചുട്ടുപഴുപ്പിക്കുന്നു,
എന്നെ കരയിക്കുന്നു.
എന്‍ മനം തനിച്ച്
പേടിച്ച് വിറച്ച്.

നീ എന്തുകൊണ്ടെന്നെ ഉറങ്ങാന്‍ വിടുന്നില്ല?
ഞാനൊന്നു മയങ്ങട്ടെ,
ഞാനൊന്നു മറക്കട്ടെ.
എന്റെ നൊമ്പരങ്ങളെ ഇല്ലാതാക്കാന്‍,
മരവിപ്പിക്കാ‍ന്‍...

ഈ ഓര്‍മ്മകള്‍...
എന്നില്‍ കൂലം കുത്തിയൊഴുകുന്നു
ഒരു മൂലയില്‍ ഒതുങ്ങാതെ
സ്വന്തം പരിധിയും ലംഘിച്ച്.

വീണ്ടും വീണ്ടും ആജ്ഞകള്‍ എന്റെ നേരെ
ഞാനെന്റെ വേദനയില്‍ വിങ്ങിപ്പൊട്ടുമ്പോള്‍.
ഞാനെന്റെ കണ്ണുകളടക്കട്ടെ
കാലം പറന്നു പോകട്ടെ
എനിക്കു പലതും നേടാനുണ്ട്
ഈ ഭ്രാന്തന്‍ വിചാരങ്ങളെ മറന്നുകൊണ്ട്

എന്റെ ലോകം എന്നെചുറ്റിക്കുന്നു
അവ്യക്തമായി
സൂക്ഷ്മമല്ലാതെ
നിയന്ത്രണമില്ലാതെ...
എന്റെ ബോധം പറന്നുപോകുന്നു
ജാലക വാതിലിലൂടെ
എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എല്ലാം എല്ലാം.
ഓ ഇതെത്ര ഭീകരം
എനിക്കൊരു മനസ്സ് ഇല്ലാതാവുന്നു
ഞാന്‍ ഇല്ലാതാവുന്നു.