Tuesday, November 18, 2008

തിരിച്ചുവരവ് - കവിത

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

നിന്‍ വരവിനായ്
മിഴിയിണകളിലൊരാശാ നാളം
നിന്‍ സ്മരണയില്‍
മനസ്സിലൊരു കെടാവിളക്ക്
ഓര്‍മ്മകള്‍ മറവിയിലേക്ക്
മുങ്ങാംകുഴിയിടുമ്പോഴും
ഞാന്‍ ഒരുക്കിവച്ചു.

കോര്‍ത്തുവച്ച കിനാക്കളെ
തച്ചുടക്കാനായ് നീ വരരുത്.
വിരഹത്തിന്‍ ചൂടിനാല്‍
മോഹങ്ങള്‍ കരിഞ്ഞുവീഴാം
കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം.
കനവുകള്‍ പലകുറി
പൊയ്‌പോകാം.
ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത്

ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.



സമര്‍പ്പണം : തിരിച്ചു വരവിലെ സംഗിക്ക്

Thursday, November 13, 2008

കനല്‍‌പാടുകള്‍

കാതോര്‍ത്തു ഞാനിന്നും നിന്‍ മധുസ്വനത്തിനായ്
എന്നാത്മാവിന്‍ ലയത്തിനായ്.
താളം തെറ്റിയ പുഴയൊഴുക്കുപോലെ,
ധമനികളിലെ ചോരയോട്ടത്തിന്റെ ഓളം
നഷ്ടമായിരിക്കുന്നു ഇവന്.
ഈ വേര്‍പാടെനിക്കു താങ്ങുവതല്ലെന്നറിഞ്ഞാലും.

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.
മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം, എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
കാല്‍‌പാടുകള്‍ മഴവന്നു മായ്‌കും വരെ,
ചോര വാര്‍ന്നൊഴുകുന്നൊരെന്‍ സ്വപ്നങ്ങളുമായ്,
നീ എന്നിലേക്കണയുന്ന കാലത്തിനായ് കാത്തിരിക്കട്ടേ?

Wednesday, October 22, 2008

അടര്‍ന്നകന്നത്...



അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

മനസ്സിന്റെ മണ്‍ചുമരില്‍
മായാത്ത ചിത്രമായ്
അവള്‍
കതിര്‍മണ്ഡപത്തില്‍
നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍

അവനിലേക്ക് ചേര്‍ത്തുവച്ച
നിന്റെ കരങ്ങളില്‍
അവന്റെ പേരെഴുതിയത്
എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്
അറിയുന്നില്ലയൊ നീ...

മനം
വരണ്ടു കീറിയിരുന്നു
കത്തിയുയരുന്ന ചോദ്യങ്ങളുട
താപമേറ്റ്.

തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ

മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.

അടര്‍ന്നകന്നത്...

അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.

അടര്‍ന്നകന്നത്... click here

Sunday, October 19, 2008

പ്രണയിച്ചു...




കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു.
വര്‍ഷ പരീക്ഷയിലെ വിജയത്തിനു
അഭിനന്ദനമറിയിച്ചതെന്തിനായിരുന്നു.
സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു.

ചെമ്പക ദലങ്ങളില്‍ വരഞ്ഞ നിന്‍ ഹൃത്തിനായ്
ആ ഇടവഴി പിന്നെയെന്‍ രാജവീഥിയായത്...
ചുരുട്ടിയ കൈകളില്‍ അടിച്ചു
പൊട്ടിച്ച ശീമകൊന്നയിലകള്‍
നിനക്കുണര്‍ത്തുപാട്ടായത്...

എനിക്കറിയാം
ഇടമുറിയാതെ പെയ്യുന്ന വര്‍ഷത്തിലും
ചേര്‍ത്തുപിടിച്ച പാവാടതുമ്പുലച്ച്
അമ്പലത്തിലേക്കുള്ള ഒതുക്കുകള്‍ കയറിയത്
എന്നിലേക്കുള്ള വരവു പോക്കുകളായിരുന്നെന്ന്.

നീണ്ടകാര്‍കൂന്തലിലോ നിന്‍ ശ്യാമവര്‍ണ്ണത്തിലോ
വിടര്‍ന്ന നയനങ്ങളിലൊ അതൊ
വിരിയുന്ന ചിരിയിലലിയുന്ന നുണക്കുഴിയിലോ
സഖീ ഞാന്‍ നിന്നെ തിരഞ്ഞത്?

നിന്റെയോര്‍മ്മകള്‍ തരുന്ന
കൈതപ്പൂ മണം,
പകര്‍ത്തിയെഴുതാനറിയാത്ത
പ്രണയത്തിന്റെ സാക്ഷിപത്രം.
------------
ഇതിവിടെ എഴുതിയതിനുള്ള മുന്‍‌കൂര്‍ ജാമ്യം കഴിഞ്ഞ പോസ്റ്റില്‍.

( പടകടപ്പാട് )

Tuesday, October 14, 2008

പ്രണയിക്കണമെന്നുണ്ടായിരുന്നു ...


പ്രണയിക്കണമെന്നുണ്ടായിരുന്നു
വീട്ടിലറിയാതെ...
ലോകരറിയാതെ...
ആരുമറിയാതെ...
അവള്‍പോലുമറിയാതെ..

പ്രണയിച്ചു കൈവിടാനൊരുക്കമില്ലായിരുന്നു
പ്രണയത്താല്‍ പ്രയാസപ്പെടാനും...
വീട്ടിലെതിര്‍ക്കാതിരിക്കണം
ജാതി,തറവാട്, സമ്പത്ത്
സൌന്ദര്യം, ശീലം, അറിവ്...

മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
വിദ്യാലയത്തില്‍,
നിരത്തില്‍,
വിവാഹങ്ങളില്‍,
പൂരപ്പറമ്പുകളില്‍...

ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.

കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.

(കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))

Tuesday, August 05, 2008

വിധിയും കാത്ത്

ഞാന്‍ ഇപ്പോള്‍ കോടതിയിലാണ്.
പ്രതിക്കൂട്ടില്‍
മരണവും പ്രതീക്ഷിച്ച്.

എനിക്കെതിരായി വാദങ്ങളും
മറുവാദങ്ങളും.
വാദിക്കുന്നതും അവര്‍
വിധിക്കുന്നതും അവര്‍.
എന്റെ അഭിപ്രായങ്ങള്‍-
ക്കിവിടെ ഇല്ല വില.

ഞാനൊരിക്കലും
ഒരു കുറ്റവും ചെയ്തിട്ടില്ല,
കുറ്റം ചെയ്തതായി
വാദിക്കുന്നുമില്ല ആരും,
തെളിയിക്കുന്നുമില്ല.

ജീവനെടുക്കണമെ-
ന്നാണവരുടെ വാദം,
ജീവിത വീഥിതന്‍
ഇരുളകലാന്‍.

വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും....

Wednesday, July 02, 2008

അറിയാതെ പറയാതെ

തെല്ലു തെളിഞ്ഞൊരാ
തിരിക്കു പിന്നില്‍
വ്യഥകളുരുക്കുന്ന ചുണ്ടുകള്‍
വഴിക്കണ്ണു നട്ടു.
മടിയില്‍,
കൂപ്പിയ കൈകളും
കൂമ്പിയ കണ്ണുകളും
അച്ഛനെക്കാത്ത്
ഈ മകളും.

വിയര്‍പ്പു മണികള്‍ തറയില്‍
ചാഞ്ഞിരിക്കവേ,
മടിക്കുത്തിലൊളിപ്പിച്ച മധുരം
തേടിപ്പിടിക്കുമെന്നെ
വാരിയെടുക്കുന്നോരച്ഛന്‍.
ഉമ്മതന്നെന്നെ മടിയിലുത്തി
കൊഞ്ചിച്ചിരുന്നെന്നച്ഛന്‍.

ഇടിഞ്ഞു വീഴുന്ന മാനം
തടഞ്ഞു നിര്‍ത്താനച്ഛന്‍
വീട്ടാ‍കടത്താല്‍
നെഞ്ചില്‍ നഞ്ച് കലക്കി.
അവസാന അത്താഴം
ഒന്നിച്ചിരിക്കുമ്പോള്‍
അമ്മയും അറിഞ്ഞില്ലേ ഒന്നും?

ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
എനിക്കതിനാവുകയില്ല.
കേട്ടില്ല ഒന്നും ഞാന്‍
കണ്ടില്ലയീലോകം...
അറിയാതെ പറയാതെ
കടന്നു പോവാനാവില്ല.
അമ്മിഞ്ഞപ്പാലിന്‍ മണം മാറാതെ
അരിഞ്ഞു മാറ്റിയെന്‍ ജീവന്‍.
ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.

കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി
പിന്നെ, ചാക്കില്‍
കെട്ടിവെക്കുന്നവര്‍ക്കും
ഇടം കൊടുത്തൊരീ മണ്ണില്‍
എന്നെ തനിച്ചാക്കാതെ
കൊന്നു കളഞ്ഞോരെന്ന-
ച്ഛനെന്‍ പ്രണാമം.

അതെ
ഞാനും ആത്മഹത്യ ചെയ്തതാണ്.

Tuesday, June 24, 2008

ജീവനില്ല്ലാത്ത മതം

ലാല്‍-പാല്‍-ബാല്‍
സര്‍ദാരും മൌലാനയും
നേതാജിയോടൊത്ത്
പടിയിറങ്ങി.
ഭരണപരിഷ്കാരങ്ങള്‍ക്കും,
പൊടിപിടിച്ച
വര്‍ഷങ്ങളുടെ കണക്കെടുപ്പിനും
ഇനി അല്‍പം വിശ്രമം.
പുതിയ സമൂഹം
പുതിയ പാഠം.

ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?

നേരെയും കുറുകനെയും
വരകളൊരുങ്ങി
കളങ്ങളില്‍ കാര്യങ്ങളെഴുതി.
ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, അന്യര്‍
എല്ലാം നേര്‍വരയില്‍
നില്‍ക്കേണ്ടവര്‍.
പകര്‍ച്ചവ്യാധി
കുടിവെള്ളക്ഷാമം
ഭൂകമ്പം
വിലക്കയറ്റം
ഇവര്‍ കുറുകനെയും.
ഇനിയൊരു ഭൂകമ്പമുണ്ടായാല്‍ മതി
എന്റെ കുറിപ്പ് മുഴുവനാക്കി
എനിക്ക് മാര്‍ക്ക് വാങ്ങാന്‍.

പഠിച്ചു പഠിച്ച്
വലിയ ആളായി ഞാന്‍
ആഘോഷങ്ങളുടെ
നാട്ടില്‍ പോകും.
എന്നിട്ടു വേണം
മാന്യമായി മിശ്രവിവാഹം കഴിക്കാന്‍.

Thursday, May 29, 2008

പായല്‍

ഇരുട്ടിന്റെ തണുപ്പാണെനിക്കഭയം.
ചൂടിനെ മറക്കുന്ന തണുപ്പ്.
വെളിച്ചത്തെ മറക്കുന്ന ഇരുട്ട്.

കിളിവാതിലിനപ്പുറം
ഒരു ലോകമുണ്ട്
അവിടെ,
ചെടികളില്‍ പൂക്കളുണ്ട്
ഫലം തരും വൃക്ഷങ്ങളുണ്ട്.

പുറം കാഴ്ചകളറിയും ഹൃത്ത്
പിടക്കുന്നു,
കിരണങ്ങളിലലിയാന്‍,
സൂര്യന്റെ
ഇളം ചൂടുനുകരാന്‍.

പറ്റിപ്പിടിച്ചിരിക്കാമിനിയും
പായലുപോല്‍
ഈ ഇരുട്ടില്‍
ഈ തണുപ്പില്‍...

പുറത്തെ
ഒറ്റ മൈനയെ എനിക്കു ഭയമാണ്.

Sunday, March 23, 2008

സഖീ... സഹിക്കുക.

ഇടക്കിടക്ക്
നിന്‍ മൂക്കിന്‍ തുമ്പിലേക്ക്
രക്തമിരച്ചു കയറാറുണ്ടോ?
മുഖം ചുവന്നു തുടുക്കാറുണ്ടോ?
എന്തോ ചെയ്യാനുറച്ച്
ചെയ്യാനാവാതെ പോകാറുണ്ടോ?
എങ്കിലും...
അതു പാഴായതില്‍ ഖേദമുണ്ടാകാറുണ്ടോ?
ഒന്നിനും പറ്റാതെ
മൂക്കുതിരുമ്മി തീര്‍ക്കാറുണ്ടോ?

നിനക്കെന്നെ മറക്കാമെങ്കിലും
എനിക്കു നിന്നെ
ഓര്‍ക്കാതിരിക്കാനാവില്ലല്ലോ.
എന്റെ ഓര്‍മ്മയുടെ
അവലക്ഷണങ്ങളാണിവയെല്ലാം.
സഖീ.. സഹിക്കുക...
എനിക്കു വേണ്ടി...

എന്നെ ഓര്‍ക്കാതിരിക്കുക
എനിക്കു നിന്നെ
തുമ്മിതീര്‍ക്കാന്‍ വയ്യ.

Thursday, March 13, 2008

അവരെന്തു ചെയ്യുന്നുണ്ടാവും?

തളിക്കുളം പത്താംകല്ലില്‍ ബസ്സിറങ്ങി
പടിഞ്ഞാറോട്ട് ഒരു നാഴിക പോയാല്‍
എന്റെ വീടായി.

ചുടു ചൂഢാമണി* മണക്കുന്ന
സന്ധ്യകളില്‍
പോകറ്റിലെ അഞ്ചുരൂപ
ചട്ടുകം താഴെവെക്കുന്ന
ഇടവേളകളില്‍
വിജയേട്ടന്റേതാവുന്നു.

മജീദിക്കയെപ്പോഴും ചിരിച്ചിരിക്കുന്നുണ്ടാവും
അവരുടെ ഹോട്ടലിലോ
മരുന്നു കടയിലോ
ഇരുമ്പു കടയിലോ

പിന്നെയങ്ങോട്ട് ഇരുട്ടുവീഴുന്ന
പാതയാണ്.
ഏതിരുട്ടത്തും വഴിതെറ്റാതെ വീടണയാന്‍.

വാലത്തെ വീടും
തൊപ്പിക്കാരന്റെ വീടും കഴിഞ്ഞ
വളവില്‍
തെങ്ങിനു ചാലിട്ടു നനക്കുന്ന
അശോകന്‍ മാഷ്
വീട്ടുമുറ്റത്തുലാത്തുന്നുണ്ടാവും

എരണേഴന്റെ ഉണങ്ങിയ
കടയില്‍
മുനിഞ്ഞു കത്തുന്ന ബള്‍ബ്

വിത്തെറിയാത്ത പാടമാണ്
പാതക്കിരുവശവും ഇനി.
ചീവീടുകള്‍ ഇണയെതിരയുന്ന
തിരക്കിലായിരിക്കും.

ചെറുകണ്ടനും നാണിക്കും
ചിദംബരന്‍
അന്നത്തെ ഉപ്പും മുളകും
പൊതിയുകയായിരിക്കും
കടയില്‍.

വിളക്കുകാലിനടിയില്‍
സൈക്കിളില്‍,
ഒരു കാലു നിലത്തൂന്നി
ബാബുവും കുമാരനും
തര്‍ക്കിക്കുന്നുണ്ടാവും.

“എന്താ സായ്‌വേ ഈ നേരത്ത്”
എന്തെങ്കിലും ചോദിക്കാതെ വിടാത്ത
റിട്ടയര്‍ പോലീസ് രാമേട്ടന്‍.

പൈപിന്‍ കരയില്‍
വെള്ളത്തിനു നില്‍ക്കുന്നവരുടെ
പുഞ്ചിരി, അന്വേഷണങ്ങള്‍....

ഉമ്മയുടെ സ്നേഹം...
സുലൈമാനിയോടൊപ്പം
വിജയേട്ടന്‍ പൊതിഞ്ഞു തന്ന
ചൂഢാമണി.

തിരിച്ചു നാടെത്തുമ്പോള്‍
ആരെല്ലാം ബാക്കികാണുമവിടെ?
ദൈവമേ,
ഏവരേയും നീ കാത്തു വച്ചേക്കണേ...

*കപ്പലണ്ടി വറുത്തത്.

Sunday, February 17, 2008

പഴ്‌സ് : കവിത

പുതിയൊരു പഴ്സ് വാങ്ങി.
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റണം.
ആദ്യം പണത്തില്‍ കൈവച്ചു...
പിന്നെ എനിക്കരുമയായ പടങ്ങള്‍...
പടിയിറങ്ങുമ്പോളുമ്മതന്ന
ചെളിപുരണ്ട അമ്പതിന്റെ നോട്ട്...

ഇനി ഒരു കൂട്ടം കാര്‍ഡുകള്‍
കാലാവധി കഴിഞ്ഞ്
ഇരിപ്പു തുടരുന്നവരും കൂട്ടത്തില്‍...
ഇനിയെന്തിനവര്‍
കളയാം...

പിന്നെ പരതി അങ്ങിങ്ങ്
അറകളോരോന്നായി...
ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍
പേഴ്സിനെപോലെ മറ്റാര്?
തുണ്ടുകളിലെഴുതിയ നമ്പറുകള്‍
കിട്ടി രണ്ടെണ്ണം... ആരുടെയെല്ലാമാവോ...
ഇനി എന്തു പറഞ്ഞു വിളിക്കും അവരെ?
കളയാം...

നാട്ടിലെ ബസ്സിന്റെ ടിക്കറ്റ്...
സിനിമാ ടിക്കറ്റിന്റെ പാതിമുറി...
ഹെല്‍മെറ്റിടാതെ കിട്ടിയ പെറ്റിയുടെ,
മടക്കുകളില്‍ കീറലുകള്‍ വീണ
മറ്റൊരു ടിക്കറ്റും...
ഓര്‍മ്മകളിലെ ഇന്നലെകള്‍...
ഇനിയെന്തിനിവയെല്ലാം?
കളയാം...

കൊടുത്തതിന്റെയോ കിട്ടാനുള്ളതിന്റെയോ
കണക്കെഴുതിയ കടലാസു കൂട്ടം...
തുണിക്കടയിലെ അടിക്കാതെ പോയ
സമ്മാനത്തിനുള്ള ബില്ല്...
ഇനിയെന്തു പുല്ല്...
കളയാം...

പുതിയ തിരിച്ചറിവ്,
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റാനൊക്കില്ല.
പഴയ പഴ്സ് ,
എന്റെ സ്വകാര്യങ്ങള്‍ അറിയുന്ന,
ഉള്ളില്‍ സൂക്ഷിക്കുന്ന,
എപ്പോഴും കൂടെയുള്ള,
എന്‍മനമറിഞ്ഞ പ്രണയിനിയോ?
ഓര്‍മ്മകളെല്ലാം ഡസ്റ്റ് ബിന്നിലിട്ട്
എന്നെയറിയാത്ത ഞാനറിയാത്ത
പുതു മണവാട്ടിയായ
പുതിയ പഴ്സും ഞാനും ബാക്കിയായ്.

കുംഭമാസത്തിലെ തുഷാരത്തില്‍ വന്നത്

Sunday, February 10, 2008

വാര്‍ത്തകള്‍ കേള്‍ക്കുന്നത്.... : കവിത

പ്രധാനവാര്‍ത്തകള്‍ പുഞ്ചിരിയോടെ..
പിന്നെ പരത്തി നിവര്‍ത്തി
ഘട്ടം ഘട്ടമായി...

പ്രമുഖന്റെ വിടവാങ്ങലെന്നും
ആദ്യയിടം.
അനുശോചങ്ങളുടെ
കൂരമ്പുകള്‍ നെയ്ത
ശരശയ്യയില്‍ മൃതന്‍.
സഹതാപത്തിലേറെ
വിദ്വേഷം വിതക്കുന്ന
കപടത.

അരാഷ്ട്രീയ രാഷ്ട്രീയത്തിന്
അടുത്ത സ്ലോട്ട്,
അഴികളിലൊടുങ്ങാത്ത
പുതിയ അഴിമതികളുടെ
പഴയ വിഴുപ്പലക്കലുകള്‍
തലപെരുപ്പിക്കുന്നു.

അടുത്ത വളവില്‍
നാട്ടുവാര്‍ത്തകളുടെ നാറ്റം.
മുഖത്തുമുണ്ടിട്ടു നടത്തും
വാണിഭങ്ങളുടെ വാണിഭം.
ഒരു വാണിഭം:
വാര്‍ത്തകളുടെ ചാകര.
ചാകര തേടുന്ന ചാരകണ്ണുകള്‍.

ബോംബുകളുടേയും
യുദ്ധങ്ങളുടേയും
അനാഥരുടേയും വിധവകളുടേയും
വിദേശദര്‍ശനം‍.
ഹൃദയഭിത്തിയിലെ
മുള്ളുവലികള്‍.

കായികത്തിന്റെ
കയ്പ്പുനീരും
ഇടക്ക് പെയ്യുന്ന
മധുരവും നുണഞ്ഞ്
അവസാന
ദലവും മറിയുമ്പോള്‍
സമാധാനത്തിന്റെ
തിരിച്ചുവരവറിയിച്ച്
വാര്‍ത്തകള്‍ അവസാനിക്കുന്നു.

വാര്‍ത്തകളുടെ വര്‍ത്തമാനത്തില്‍
വാര്‍ത്തകളാകാത്ത വാര്‍ത്തകള്‍...
ദിനമൊന്നു വളരാത്ത മൃതപ്പിറവികള്‍.
ദിനേനമൂന്നെന്ന
വൈദ്യന്റെ കുറിപ്പിനെവെട്ടും
മണിക്കൂറിലൊന്നെന്ന
അസമാധാനത്തിന്റെ വിഷഗുളികകള്‍.

നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...

Saturday, February 02, 2008

പ്രവാസിക്ക് പ്രഷറുണ്ടാക്കുന്നത്...

ഓഫീസില്‍ :
അവര്‍ പെണ്ണായതുകൊണ്ടോ
ജിസിസി ആയതുകൊണ്ടോ
എന്നേക്കാള്‍ സാലറി അവര്‍ക്ക്
കൂടാതെ, കാറും.
“ഇനിയെന്തെല്ലാം
നല്‍കുന്നുണ്ടാവോ ഡേഷ്‌‌ മോന്‍... “
ചോദിച്ചു ചെന്നാല്‍, തെറിക്കാവുന്ന
പണിയുള്ളവന്റെയുള്ളം.

റോഡില്‍ :
മഞ്ഞവര മുറിച്ച്
മുന്നിലേക്കു വരുന്ന
ദുബായ് മൂന്നക്ക നമ്പര്‍ പ്ലേറ്റ്.
“ഓയ് %#*))#$$“.
വഴികൊടുക്കാത്തതിന്
കാറുടമയുടെ പൊട്ടിത്തെറി.
അല്പം തലവെട്ടിച്ച്
“പോഡാ ‌‌‌------ “
കാറിലിരുന്ന് ആരും കേള്‍ക്കാതെ
എന്റെ പൊട്ടാത്ത തെറി.

വാസസ്ഥലത്ത് :
കഴുകിയിട്ട കാറില്‍
മണ്ണുവാരിയിട്ട
അപ്പുറത്തെ വില്ലയിലെ
ശ്രീലങ്കന്‍ തള്ള,
രാത്രിയില്‍ ആരും കാണാതെ
ആണിയെടുത്തു കോറുന്ന
തമിഴന്‍ തടിയന്‍.
തെളിവില്ലാത്തതിനാല്‍
തള്ളിപ്പോകുന്ന കൈകടത്തലുകള്‍.
“പട്ടി നായിന്റെ മക്കള്‍...”
മനസ്സമാധാനത്തിനായി
മനസ്സില്‍ കുറിച്ച വാക്കുകള്‍.

പിറകെ വരാവുന്ന കെണികളോര്‍ത്ത്
പിറകെ വലിക്കുന്ന ഭയത്തെ
മലയാളിതന്‍ സദാചാരമെന്ന്
വെറുതെ പുലമ്പുന്നു നമ്മള്‍.
പ്രഷറുമായി തിരികെമടങ്ങാന്‍
പ്രവാസിയെ പ്രാപ്തരാക്കുന്ന
പ്രതിലോമ പ്രതികരണങ്ങള്‍ മാത്രം.

Tuesday, January 29, 2008

മുഖങ്ങള്‍ : കവിത

നഗരത്തിന് പലമുഖമാണ്.

ഒരു മുഖമുണ്ടായിരുന്നു
പ്രിയതരമായി.

കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു.

പൊടിപിടിച്ച,
വക്കുപൊട്ടിയ,
ചളിതെറിച്ച -
മുഖം മാറ്റണം.
നഗരത്തില്‍ ഇനി
പൊയ്മുഖം മതി
എല്ലാമുഖവും പോലെ.

Tuesday, January 22, 2008

ഒഴുക്ക് : കവിത

കാറ്റിന്റെ കൈകളില്‍ അപ്പുപ്പന്‍ താടിയായ്
കരയും, മലകളും, മേഘമാലകളും കടന്ന്...
ഒഴുകുകയായിരുന്നു ഞാന്‍, സൂര്യന്റെ-
നീലനിറമുള്ള കിരണങ്ങളുടെ തഴുകലേറ്റ്.

പിന്തുടരുവതേതോ നിഴലെന്നെ മെല്ലെ,
ഭൂതകാലങ്ങളിലെയെന്‍ ഓര്‍മ്മകളോ...
തിരിഞ്ഞുനോട്ടമിനി കഴിയില്ലെനിക്ക്
ഒഴുകാം ഈ നിഴലിലും നിന്നകലേക്ക്...

മുന്നിലെ പാതകളില്‍ പ്രകാശം പരന്നിരുന്നു...
എനിക്കു പിന്നിലായ് നിലയില്ലാ കറുപ്പും.
അറിയാമെനിക്ക് ഞാന്‍ പിന്നിടുന്ന പാതകള്‍
മരിക്കുന്നു, അസ്ഥിത്വമില്ലായിരുന്നെന്ന പോല്‍.

അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.

Tuesday, January 08, 2008

ചിതയില്‍.. : കവിത

എരിഞ്ഞമരുമെന്‍ ചിതയെ നെഞ്ചിലേറ്റുന്നതാരോ...
അരികില്‍ വന്ന് മൂകയായ് നടന്നകലുന്നതാരോ..
മൃതിയിലുമെന്‍ സ്മൃതിയില്‍ നടന്നെത്തുന്നതാരോ...
ഇനിയും ഒരു ജീവനായ് മോഹിപ്പിക്കുവതാരോ...

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?
വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?
അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?
ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

കാലത്തിനൊപ്പം കോലവും മാറിവരും
അറിയാമെനിക്ക്, ഇനിയും പറയുന്നതെന്തിന് ?
നാലാളു നടക്കാത്ത നിരത്തുകളിലിനിയും
വര്‍ണ്ണം വിടര്‍ത്തും വഴിവിളക്കെന്തിന് ?

ജീവിതാന്ത്യം വരെ ജീവിതത്തിനന്യനായ്...
ആനന്ദലോകത്തില്‍ ആനന്ദമന്യനായ് ...
അറിയുന്നു ദണ്ണമിതിലേറെ ഇനിയെന്ത്,
നീയിരിക്കിലും നിന്നില്‍ നിന്നന്യനായ്

ഇന്നെനിക്കെന്നില്‍ പരിതപിക്കാനേ കഴിയൂ
സ്വയം കൈചൂണ്ടി ചിരിക്കാനേ കഴിയൂ
യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.