
കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു.
വര്‍ഷ പരീക്ഷയിലെ വിജയത്തിനു
അഭിനന്ദനമറിയിച്ചതെന്തിനായിരുന്നു.
സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു.
ചെമ്പക ദലങ്ങളില്‍ വരഞ്ഞ നിന് ഹൃത്തിനായ്
ആ ഇടവഴി പിന്നെയെന്‍ രാജവീഥിയായത്...
ചുരുട്ടിയ കൈകളില്‍ അടിച്ചു
പൊട്ടിച്ച ശീമകൊന്നയിലകള്‍
നിനക്കുണര്‍ത്തുപാട്ടായത്...
എനിക്കറിയാം
ഇടമുറിയാതെ പെയ്യുന്ന വര്‍ഷത്തിലും
ചേര്‍ത്തുപിടിച്ച പാവാടതുമ്പുലച്ച്
അമ്പലത്തിലേക്കുള്ള ഒതുക്കുകള്‍ കയറിയത്
എന്നിലേക്കുള്ള വരവു പോക്കുകളായിരുന്നെന്ന്.
നീണ്ടകാര്‍കൂന്തലിലോ നിന് ശ്യാമവര്‍ണ്ണത്തിലോ
വിടര്‍ന്ന നയനങ്ങളിലൊ അതൊ
വിരിയുന്ന ചിരിയിലലിയുന്ന നുണക്കുഴിയിലോ
സഖീ ഞാന്‍ നിന്നെ തിരഞ്ഞത്?
നിന്റെയോര്‍മ്മകള്‍ തരുന്ന
കൈതപ്പൂ മണം,
പകര്‍ത്തിയെഴുതാനറിയാത്ത
പ്രണയത്തിന്റെ സാക്ഷിപത്രം.
------------
ഇതിവിടെ എഴുതിയതിനുള്ള മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ പോസ്റ്റില്‍.
( പടകടപ്പാട് )
27 comments:
“സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു. “
-സുല്‍
ഇഷ്ടായീ........
ആശംസകള്‍.
കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു. ..
...
ചുരുട്ടിയ കൈകളില്‍ അടിച്ചു !
ഹോ, അത് അക്രമമായിട്ടാ, ന്നട്ട് പരിക്ക് വല്ലോം പറ്റ്യാ സുല്ലേ?
ഈ വരിയില്‍ സ്പെല്ലിങ്ങ് മിസ്റ്റേക്കുണ്ട്.. ചുരുട്ടിയ കൈകളാല്‍ അടിച്ചു എന്നാക്കുമല്ലോ?
അതുപോലെ, അവസാന വരിയും പിന്നെ 14 ആമത്തെ വരിയും, 17 ആം വരിയിലെ ആദ്യത്തെ വാക്കും ഇല്ലെങ്കിലും സാരമില്ലായിരുന്നു. (കട്: അഗ്രജന്) ബ്ലൊഗിലിപ്പോ സകലയെണ്ണവും കവിത എഡിറ്റര്മാരല്ല്യോ? സത്യത്തില്‍ വരികളൊന്നും തന്നെ ഇല്ലെങ്കിലും കുഴപ്പമില്ലാര്‍ന്നു. യേത് ;)
ചിരിയിലലിയുന്ന നുണക്കുഴിയിലോ
സഖീ ഞാന്‍ നിന്നെ തിരഞ്ഞത്?
കണ്ടാ കണ്ടാ, തന്നെ പേടിച്ച് കുഴീലൊളിച്ചിരിക്ക്യാ ആ കുട്ടി, വിട്ടേരു സുല്ലേ ;)
അപ്പോള്‍ കൈതകള്‍ പൂക്കുന്ന ഇടവഴിയില്‍ താങ്കള്‍ക്കും പ്രണയം ഉണ്ടായിരുന്നു അല്ലേ!
ഹായ്, കൈതപ്പൂ മണം .
സുല്‍, നന്നായി.
'പ്രണയം...ജീവാമൃത ബിന്ദൂ..' .......എന്ന് തിരുത്തിപ്പാടി നടക്കാണല്ലേ..
നന്നായി. പക്ഷേ.. കൈതപൂത്തു നില്ക്കുന്ന ഇടവഴിയില്‍ അധികം ചുറ്റിക്കളിയ്ക്കണ്ടാ....
വല്ല പാമ്പും വന്ന് ഹൃദയദളം വിടര്‍ത്തും.
:)
നാടകാന്തം കവിത്വം എന്നത് മാറ്റി,പ്രണയ നിരാശാന്തം കവിത്വം എന്നാക്കി.
ഓ ടോ.കവിത ഇഷ്ടപ്പെട്ടു.
അതുശരി കൈതപ്പൂവിന്റെ മണമാണ് എനിക്കേറ്റവും ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍ മനസ്സിലായില്ല. ഇപ്പോ എല്ലാം മനസ്സിലായി :)
ചെമ്പകമേ ചെമ്പകമേ ....... എന്ന പാട്ടു മൂളാറുള്ളതും എന്തിനാണെന്ന് ഇപ്പോ മനസ്സിലായി.
കൊള്ളാം നന്നായിരിക്കുന്നു.
നല്ല വരികള്‍. റൊമാന്റിക് .
എല്ലാ ആശംസകളും.
ഭാര്യ ഈ ബ്ലോഗ് വായിക്കാറില്ല അല്ലേ?
ഒത്തിരി ഇഷ്ടായി.
അല്ല ഈയിടെയായി എന്താ സുല്ലിനു പറ്റിയത്?
മധ്യപ്രായം കഴിയുമ്പോ പഴേ ഫ്രസ്റ്റേഷന്സൊക്കെ തലപൊക്കുമെന്ന് കേട്ടിട്ടുണ്ട്...
കവിത ഒരു പ്രതിവിധിയാകുമെങ്കി ആയിക്കോളൂ...ഞങ്ങഡെ തലവിധി ! :)
സുല്ലേ, നല്ല കവിത... അസ്സലായിരിക്കുന്നു
അവസാനം രണ്ടുമൂന്നു വരി കൂടി എഴുതിയാലും ഈ കവിത അസ്സലായിതന്നെയിരിക്കുമായിരുന്നു... ;)
ഓടോ:
വെള്ളിയാഴ്ച പാർക്കീ വെച്ച് കണ്ടപ്പോ അനക്ക് ഇത്രേം കൊയപ്പം തോന്നീല്ലാർന്നു...
:)
"സമ്മാനമായ് നീ നിന്റെ മുടിയില്‍ തിരുകിയ
ചെമ്പകം എനിക്കേകിയതെന്തിനായിരുന്നു"
എന്തിനായിരുന്നെന്നറിഞ്ഞിട്ടും കുന്തം വിഴുങ്ങിയ പോലെ ഇരുന്നാല്‍ ഇതാണു ഗതി ശിഷ്ടകാലം
"പകര്‍ത്തിയെഴുതാനറിയാത്ത
പ്രണയത്തിന്റെ സാക്ഷിപത്രം." എങ്ങനെ പൂര്‍ത്തീകരിക്കണമെന്നറിയാതെ നക്ഷത്രമെണ്ണേണ്ടിവരും!!!.
പറയാന്‍ ബാക്കി വച്ച കുറേ വരികള്‍ കൂടിയുണ്ടെന്നു തോന്നുന്നു, എങ്കിലും നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
സുല്ലിന്റെ പ്രണരാക്ഷരങ്ങൾ ഇഷ്ടമായി. പിന്നെ കൈതപ്പൂവിന് പകരം പാലപ്പൂ മണക്കുന്നത് ശ്രദ്ദിക്കണം.
സുല്ലേ ഇതെന്താ ഈ ബ്ലോഗില്‍ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. കൈതപ്പൂമ്പൊടിയാണോ? ;)
നന്നായിട്ടുണ്ട്, ചോദ്യങ്ങൾ. കാവലാന്റെ ധൈര്യത്തിൽ ഞാനും ഒരു മറുപടി പറയുന്നു.
കൈതകള്‍ പൂത്തൊരിടവഴിയില്‍
ഓടിവന്നെന്നെ തടഞ്ഞതെന്തിനായിരുന്നു
പഹയാ, നിന്റെ ജീവന്റെ രക്ഷ കരുതിയാണ്.
അതുകൂടി മനസ്സിലാവാതായോ. ഇക്കാര്യമറിഞ്ഞാൽ ആരും നിന്നെ പ്രണയിക്കില്ല. തീർച്ച.
ഒരു കൈതയുടെ ഫോട്ടോ കിട്ടിയില്ലേ.
“ചുരുട്ടിയ കൈകളില്‍ അടിച്ചു
പൊട്ടിച്ച ശീമകൊന്നയിലകള്‍“!!!!!!!!
ഉണര്ത്തുപാട്ടുപാടാന് “ഠപ്പേ”ന്നുള്ള ആ ഒച്ചയല്ലാതെ മറ്റൊന്നും കിട്ടീല്ലേ?ചുമ്മാതല്ല ചീറ്റിപ്പോയത്..:-)
കൈതേടേം ചെമ്പകത്തിന്റേം പോട്ടം കിട്ടാണ്ടാണാ ആ ക്രോട്ടണ്‍സ്?മോശായിപ്പോയി..
ന്നാലും കവിത നന്നായി..:-)
ബൂലോകരുടെ അനുവാദത്തോടെ പടം മാറ്റിയിട്ടുണ്ടേയ്...
-സുല്‍
അമ്പതാം വയസ്സിലും കൌമാരക്കാരന്റെ മനസ്സാണ് മോഹം ല്ലേ...
ഓടോ :
കവിത ഇഷ്ടായി :)
സുന്ദരമായ പ്രണയം... :)
ഒരു മുന്‍കൂര്‍ ജാമ്യം നന്നായി.സുല്‍,സത്യം പറയണമല്ലോ,നല്ല വരികള്‍
സു(ഖ)ല്ലേ,
നന്നായിരിക്കുന്നു വരികള്‍..
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം?.....
..................
ഓടോ: എന്നാലും ഇത്തിരീ ,
ഇതിത്തിരി കടന്ന കൈയായിപ്പോയില്ലേ?
നല്ല വിശ്വാസമുള്ളതു(?) കൊണ്ടു മാത്രം സുല്ല് താങ്കളോട് പറഞ്ഞു ത്തന്ന പ്രായത്തിന്ന്റ്റെ രഹസ്യം ഇവിടെ പരസ്യപ്പലകയില്‍ പതിക്കണമായിരുന്നോ?
''വര്‍ഷ പരീക്ഷയിലെ വിജയത്തിനു
അഭിനന്ദനമറിയിച്ചതെന്തിനായിരുന്നു''
ഓ ചുമ്മാ.....
ഇതൊക്കെ സുല്ലിന്റെ ഒരു നമ്പരല്ലേ................ :)
(എമ്മാലും എന്റെ സുല്ലേ.. )
ആദ്യമേ പറയട്ടേ.... അസ്സലായി ട്ടോ...
പിന്നെ കമന്റ്സ് ഒക്കെ വായിച്ച്പ്പോല് ശരിക്കും ചിരിവന്നു.പ്രണയം ഇല്ലാതെ ഹൃദയം ഉണ്ടോ? അതിനു പ്രായം ഉണ്ടോ?
“അമ്പലത്തിലേക്കുള്ള ഒതുക്കുകള്‍ കയറിയത്
എന്നിലേക്കുള്ള വരവു പോക്കുകളായിരുന്നെന്ന്“വല്ലാതെ ആകര്‍ഷിച്ചു ഈ വരികള്‍..
എഴുതു ഇനിയും.......
Post a Comment