Tuesday, October 16, 2007

എന്താണമ്മേ? : കുട്ടിക്കവിത

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

ആഴമതെന്നാലതെന്താണമ്മേ?
മൊഴിക്കുമാഴിക്കുമാണതുണ്ണീ.

ഭാരമെന്നാലതെന്താണമ്മേ?
മണ്ണിനും മനസ്സിനുമാണതുണ്ണീ.

പൊഴിയുന്നതെല്ലാമെന്താണമ്മേ?
വയസ്സും വാസന്തവുമാണതുണ്ണീ.

സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ.

Sunday, October 14, 2007

പുതുവൃത്തങ്ങള്‍ : കവിത

നികൃഷ്ടജീവി
പാതിരിയാവണം കൂദാശ കൊടുക്കണം
പലകാലം കഴിഞ്ഞത് വെളിയില്‍ പറയണം
ഈവണ്ണമൊത്താലവന്‍ നികൃഷ്ടജീവിയായ് വരും
രാജ്യം ഭരിക്കുന്ന മേലാളന്മാര്‍ക്ക്

പോഴന്‍
മനുഷ്യനായിരിക്കണം, മന്ത്രിയായിരിക്കണം
സ്വന്തം കൂട്ടത്തിലില്ലാത്തവനാവണം
മണ്ണിനിടയില്‍ പെട്ടവനാകണം
പോഴനാവാനും പൊങ്ങികിടക്കാനും ഉത്തമം.

വെറുക്കപ്പെട്ടവന്‍
പത്രമൊന്നു വാങ്ങണം സിന്‍ഡിക്കേറ്റ് കളിക്കണം
പലിശകിട്ടും പണം വെറുതെ കൊടുക്കണം
മുങ്ങി നടക്കണം പിന്നെ പൊങ്ങി തെളിയണം
ഇത്തരമൊത്തവന്‍ വെറുക്കപ്പെട്ടവനായ്‌വരും

Monday, October 08, 2007

തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്)

നിങ്ങളുടെ നട്ടെല്ല്
എങ്ങനെയാണ് വളഞ്ഞുപോയത്?
ആര്‍ക്കുമുമ്പിലാണ് നിങ്ങളെപ്പോഴും
തലകുനിച്ചു നിന്നത്?

വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത്.
ചോദ്യങ്ങള്‍ ചോദിക്കാതെ
വെറും കേള്‍വിക്കാരായ്.
വീണുടയാവുന്ന ദുരഭിമാനത്തിന്റെ
കാവലാളായ്,
വിനയത്തിന്റെ
വിനീത ദാസനായ്.

അദ്ധ്യാപകര്‍ പ്രവാചകരായിരുന്ന
കാലം കടന്നുപോയ്.
സോക്രട്ടീസ് അപ്രസകതനാക്കപ്പെട്ടു.

എല്ലാത്തിനും ഉത്തരവാദികളായ
തലതിരിഞ്ഞുപോയ
തലമുറയില്‍ നിന്നും
കുതറിയെണീക്കുക.

സമര്‍പ്പണം : ശ്രീശാന്തിനെ തെറിവിളിക്കുന്ന മലയാളിമക്കള്‍ക്ക്

Monday, October 01, 2007

റോഡ് : കവിത

പുതുമഴ
ഒരു ചാറ്റല്‍ മഴ
ഇലചാര്‍ത്തുകളില്‍നിന്നും
ഒഴിഞ്ഞു പോകുന്ന ജലം

നാട്ടിടവഴി
കന്നിമണ്ണിന്റെ ഗന്ധം
ശാലിനി നടക്കുകയായിരുന്നു
പുതിയ കരതേടി.

പലരും നടന്നുപോയി
ആരെയും നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

ഇടവഴിയുടെ
ഹൃദയം പിളര്‍ന്നു
അതിലവര്‍ ചരല്‍ നിറച്ചു
ചോര ചാലിട്ടൊഴുകി
ശാലിനി കരഞ്ഞു.

പലരും നടന്നുപോയില്ല പിന്നെ,
നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

കരിങ്കല്‍ ചീളുകള്‍ കൊണ്ടു
മാറിടം പിളര്‍ന്നു,
ടാറിട്ടതിനെയവര്‍
ദൃഢമാക്കി.
ശാലിനി പിന്നെ കരഞ്ഞില്ല.

മാറാരോഗവും
മങ്ങുന്ന കാഴ്ചയും
ആ‍തുരാലയം പോലുമന്യം.
ശാലിനി റോഡില്‍ വീണടിഞ്ഞു
റോഡുകള്‍ പൊളിഞ്ഞു കിടന്നു.