Showing posts with label കുട്ടിക്കവിത. Show all posts
Showing posts with label കുട്ടിക്കവിത. Show all posts

Tuesday, October 16, 2007

എന്താണമ്മേ? : കുട്ടിക്കവിത

ഉയരമെന്നാലതെന്താണമ്മേ?
വാനവും ജ്ഞാനവുമാണതുണ്ണീ.

ആഴമതെന്നാലതെന്താണമ്മേ?
മൊഴിക്കുമാഴിക്കുമാണതുണ്ണീ.

ഭാരമെന്നാലതെന്താണമ്മേ?
മണ്ണിനും മനസ്സിനുമാണതുണ്ണീ.

പൊഴിയുന്നതെല്ലാമെന്താണമ്മേ?
വയസ്സും വാസന്തവുമാണതുണ്ണീ.

സ്നേഹമതെന്നാലതെന്താണമ്മേ?
അമ്മയും ദൈവവുമാണതുണ്ണീ.