Tuesday, January 30, 2007

കൂടെ പോന്നവ

ഏറെയകലെ...
മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്
ഞാന്‍ നിന്നെക്കുറിച്ച്‌ ചിന്തിക്കുന്നു.
വിമാനങ്ങളുടെ ഉരുക്കു ചിറകുകളിലും
പക്ഷിത്തൂവലിന്റെ സൌമ്യത കാണുന്നു.
നിന്റെ നിശ്വാസമറിയുന്നു.
ഒടുവില്‍ കണ്ട മിഴികള്‍
‍ഉമ്മവെച്ചകന്നേ പോയ്‌.
ചേര്‍ത്തു പിടിച്ച കരങ്ങള്‍
‍വേര്‍പിരിഞ്ഞേപോയ്‌.
വിഷാദിയായ സ്വപ്നങ്ങള്‍,
പുഞ്ചിരിച്ചുകൊണ്ട്‌
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ്‌ തൊട്ട്‌
കൂടെ പോന്നു.
കൂടെത്തന്നെപോന്നു.

Monday, January 22, 2007

ബാല്യഗന്ധങ്ങള്‍

മഴനഞ്ഞോടിയ ബാല്യം...
എത്ര ആനന്ദത്തോടും
സ്നേഹവായ്പ്പോടും
കൂടിയാണ്‌
അത്‌ ഓര്‍മ്മിക്കുന്നത്‌...

ചെളിപുരണ്ട യൂനിഫൊം,
ഇതളുകളില്‍ കുറിപ്പെഴുതി
കൈമാറിയ ചെമ്പകപ്പൂക്കള്‍,
‍വഴിയരികിലെ കാരക്കമരം.
കയ്പും
ഇടക്കെപ്പോഴൊ
ചെറുമധുരവും തന്ന
ജീവിതം പോലെ...

പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.

കാണാതെയും
പറയാതെയും
നഷ്ടബോധത്തിന്റെ സ്നേഹമുദ്രകള്‍.

‍കാറ്റ്‌ കൊണ്ടുപോയ ബാല്യഗന്ധങ്ങള്‍....

Thursday, January 18, 2007

എണ്ണല്‍

കാലം.
ഒന്നും നഷ്ടപെടുത്തുകയായിരുന്നില്ല
എല്ലാം നമുക്ക്‌ തരികയായിരുന്നു
എല്ലാം സ്വീകരിച്ചവയല്ല.
വേണ്ടെന്നു വെച്ചവയും
മനസ്സിലെവിടെയൊ
ശേഖരിക്കപ്പെടുന്നു.

വിഷുപ്പക്ഷിപോലെ
വല്ലപ്പോഴും
വിരുന്നു വരുന്ന ഓര്‍മ്മക്കിളി.

സ്വപ്നങ്ങളുടെ കുട്ട
ആരൊ വേസ്റ്റിടാനെടുത്തുവച്ചു.

എല്ലാം ക്ലീനാക്കി എടുക്കുക.
പൂജ്യത്തില്‍ നിന്നൊ
മൈനസില്‍നിന്നൊ
ഒരാള്‍ക്ക്എണ്ണി തുടങ്ങാവുന്നതാണ്‌...

Tuesday, January 16, 2007

ജന്മദിനാശംസകള്‍

ബാലാര്‍ക്കനിന്‍ പൊന്‍കിരണങ്ങളേല്‍ക്കുന്ന
കുസുമ ദളങ്ങളും
പൊന്‍കസവെടുത്ത വെണ്‍മേഘങ്ങളും
ഇളം തെന്നലിന്‍ താരാട്ടു കേള്‍ക്കുന്ന
തുമ്പയും തുളസിയും,
ഒരു പ്രേമഗാനത്തിന്‍ വരികള്‍ കൊരുക്കുന്നുവോ.
നീലപട്ടുടുത്ത അംബരത്തോട്‌ താഴെ
മലനിരകള്‍ കൊഞ്ചിയതെന്ത്‌?
നിന്‍ പുഞ്ചിരിയാം ജാലകത്തിലൂ-
ടൊഴുകിയെത്തും പൊന്‍കിരണങ്ങള്‍
ഇന്നിന്റെ സൌന്ദര്യകൂട്ടാകുന്നുവോ?

ആശംസിക്കുന്നു നീയെന്നുമീ
ഭൂവിന്റെ സൌന്ദര്യമാകുവാന്‍.
എനിക്കെന്ന്നും തണലേകി തുണയായി
ദൂരങ്ങളും കാലങ്ങളും താണ്ടുവാന്‍.

നേരുന്നു പ്രിയേ ജന്മദിനാശംസകള്‍!!!

Thursday, January 11, 2007

മൊത്തക്കച്ചവടം

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

Wednesday, January 10, 2007

ഭംഗിയില്ലാത്ത ചിരി

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

(ബാക്കി സു വിന്റെ പോസ്റ്റില്‍ വായിക്കുക)