Monday, January 22, 2007

ബാല്യഗന്ധങ്ങള്‍

മഴനഞ്ഞോടിയ ബാല്യം...
എത്ര ആനന്ദത്തോടും
സ്നേഹവായ്പ്പോടും
കൂടിയാണ്‌
അത്‌ ഓര്‍മ്മിക്കുന്നത്‌...

ചെളിപുരണ്ട യൂനിഫൊം,
ഇതളുകളില്‍ കുറിപ്പെഴുതി
കൈമാറിയ ചെമ്പകപ്പൂക്കള്‍,
‍വഴിയരികിലെ കാരക്കമരം.
കയ്പും
ഇടക്കെപ്പോഴൊ
ചെറുമധുരവും തന്ന
ജീവിതം പോലെ...

പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.

കാണാതെയും
പറയാതെയും
നഷ്ടബോധത്തിന്റെ സ്നേഹമുദ്രകള്‍.

‍കാറ്റ്‌ കൊണ്ടുപോയ ബാല്യഗന്ധങ്ങള്‍....

23 comments:

Sul | സുല്‍ said...

മഴനഞ്ഞോടിയ ബാല്യം...
എത്ര ആനന്ദത്തോടും
സ്നേഹവായ്പ്പോടും
കൂടിയാണ്‌
അത്‌ ഓര്‍മ്മിക്കുന്നത്‌...

"ബാല്യഗന്ധങ്ങള്‍" -കവിത. പുതിയ പോസ്റ്റ്.

-സുല്‍

സു | Su said...

ബാല്യഗന്ധങ്ങള്‍...

സത്യം. സുന്ദരം.

പൊതുവാള് said...

സുല്ലേ,
ഞാനിതാ സുല്ലിട്ടിരിക്കുന്നു:)

മനോഹരം ഈ മരിക്കാത്ത ഓര്‍മ്മകള്‍.

ഇത്തിരിവെട്ടം|Ithiri said...

കാലം കവര്‍ന്ന സുവര്‍ണ്ണ കലമേ നിന്നിലേക്ക് മടങ്ങിവരാനായങ്കില്‍... ?

കുട്ടന്മേനൊന്‍::KM said...

മഴനഞ്ഞോടിയ ബാല്യം...സുന്ദരം

Anonymous said...

കവിത നന്നായിരിക്കുന്നു.
ബാല്യമതെത്ര സുന്ദരം....പക്ഷേ നമ്മള്‍ കുട്ടികളായിരുന്നപ്പോള്‍ വലുതാവാനല്ലേ ആഗ്രഹിച്ചിരുന്നത്‌. നഷ്ടപ്പെട്ടത്‌ എന്തുതന്നെയായാലും തിരിച്ച്‌ കിട്ടില്ലായെന്നുറപ്പാണെങ്കില്‍ നഷ്ടബോധത്തിന്റെ ആക്കം കൂടും.

Anonymous said...

മനോഹരമായിരിക്കുന്നു...
ഓര്‍മ്മകളുണര്‍ത്തുന്ന വരികള്‍....

കുറുമാന്‍ said...

കുറച്ചു നേരത്തേക്കെങ്കിലും, ബാല്യകാലത്തിലേക്ക് മടങ്ങിപോയി. നന്ദി സുല്‍

അഗ്രജന്‍ said...

മഴനഞ്ഞോടിയ ബാല്യം...
ചെളിപുരണ്ട യൂനിഫൊം...
ഇതളുകളില്‍ കുറിപ്പെഴുതി-
കൈമാറിയ ചെമ്പകപ്പൂക്കള്‍...
വഴിയരികിലെ കാരക്കമരം...
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇലകള്‍...


നന്ദി... സുല്ലേ, ബാല്യത്തിന്‍റെ മധുരസ്മരണകളിലൂടെ കൈപിടിച്ചു നടത്തിയതിന്.

Anonymous said...

സുല്ലേ..

ഗന്ധമുള്ള ഓര്‍മ്മകള്‍!
മഴയില്‍ നനഞ്ഞ ഓര്‍മ്മകള്‍!!
നഷ്ടപ്പെട്ടതെല്ലാം ഉള്ളീല്‍ വീണ്ടും സുഗന്ധമ്മായ്‌ നിറയുന്നു...

sandoz said...

സുല്‍ നന്നായിട്ടുണ്ട്‌.
കുറച്ച്‌ നേരം ബാല്യം പിടികൂടി.

[അതിക്രമങ്ങള്‍ അകത്താക്കിയതിനു ശേഷമാണു ഞാന്‍ ഇത്‌ വായിച്ചതെങ്കില്‍ ,നൊസ്റ്റാള്‍ജിയ പിടികൂടി ഓവറായി....നെഞ്ചത്തടീം കരച്ചിലുമായേനേ.]

Anonymous said...

അറിയാതെ മനസ്സ് അസ്വസ്ഥയുടെ കയത്തില്‍ മുങ്ങിതാവുന്‍പോള്‍ ഒരു കച്ചിതുരുന്‍പുപോലെ ബാല്യകാലസ്മരണകള്‍ നമുക്കു ആശ്വാസമേകുന്നു.
ഇണക്കവും,പിണക്കവും,നൊന്‍പര്‍ങ്ങളും.അങ്ങിനെ യെല്ലാമെല്ലാം.

സാരംഗി said...

ബാല്യത്തിന്റെ ഗന്ധങ്ങള്‍ എന്നും ഓര്‍മ്മ നില്‍ക്കുന്നവയാണു, ജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളില്‍ പെട്ട്‌ അലയുമ്പോള്‍ അല്‍പമെങ്കിലും മനസ്സിനു ആശ്വാസം തരുന്നത്‌ അതു മാത്രമാണു.. നന്ദി സുല്‍..ഒരിയ്ക്കല്‍ കൂടി അത്‌ ഓര്‍മ്മപ്പെടുത്തിയതിനു..

Anonymous said...

ഓര്‍മച്ചെപ്പു തുറന്നാല്‍ ആദ്ദ്യം കണുന്നതു ഈ
മഴനഞ്ഞോടിയ ബാല്യം...എത്ര സുന്ദരം!

Sul | സുല്‍ said...

"ബാല്യഗന്ധങ്ങള്‍"ക്ക് വലിയ സ്വീകരണം നല്‍കിയ എല്ലാരോടും നന്ദി.

സു :)
പൊതുവാളന്‍ :)
ഇത്തിരീ :)
മേന്നേ :)
ചേച്ചിയമ്മ :) എങ്കിലും ഓര്‍മ്മകള്‍ സുന്ദരം അല്ലേ.
പാവാടക്കാരി :)
കുറുമാന്‍ :)
അത്തിക്കുര്‍ശി :)
സാന്‍ഡോസ് :) അതേതായാലും നന്നായി.
സഞ്ചാരി:)
സാരംഗി:)
പ്രിയംവദ:)

ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി.

-സുല്‍

ittimalu said...

നഷ്ടമായ് തീര്‍ന്നതെന്തൊക്കെ നിഴല്‍ ചൊല്ലി
നഷ്ടമായ് തീര്‍ന്നു നിനക്കു നീ തന്നെയും
(ശ്രീകുമാരന്‍ തമ്പി)

ഇത് ഞാന്‍ ഇപ്പൊ വേറൊരിടത്തിട്ട കമന്റാ.. ഇതു വായിച്ചപ്പോള്‍ നഷ്ടബോധം ഇത്തിരി കൂടി കൂടി പോയി...

അല്ല ആ പുറകെ വന്നത് ആരാന്നാ പറഞ്ഞെ? ;)

Anonymous said...

ഇതേ ഓര്‍മ്മകള്‍ എന്നിലും മധുരിക്കുന്നു..ബെഞ്ചിന്റെ നനവ്‌ ഉണങ്ങാത്തിടത്ത്‌ ഇരിക്കുന്ന സുഖം.

മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍, ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍, തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍ അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍, മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌ ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍, ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്ത്‌ വച്ച തേന്‍ മിഠായി കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍, ഉമ്മായുടെ കൈയില്‍ നിന്ന് മുളക്‌ ചമ്മന്തി ചേര്‍ത്തു കുഴച്ച ഒരുള ചോറുണ്ണാന്‍....അങ്ങെനെയങ്ങേനെ... പക്ഷെ ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ്‌ നനയുംവരെ നനയണം.

Anonymous said...

കാറ്റ് കൊണ്ട്പോയ..
നഷ്ടബോധം നന്നായി പ്രതിഫലിക്കുന്നുണ്ട്.ഒരു നനഞ്ഞ മാതളഗന്ധവും.

സതീശ് മാക്കോത്ത് | sathees makkoth said...

നന്നായിരിക്കുന്നു സുല്‍ ഈ ബാല്യകാല സ്മരണ

അഡ്വ.സക്കീന said...

പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.


മിസ് കോള്‍ കൊടുക്കുന്ന മൊബൈല്‍ ഫോണിന്റെ റോളായിരുന്നല്ലേ, അന്നു കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക്.
എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടു പോകുന്ന കവിത.

കരീം മാഷ്‌ said...

മഴനഞ്ഞോടിയ ബാല്യം...
ഈ ഒരോറ്റ വരി മതി ഈ കവിത നമ്മെ ഗതകാല നൊമ്പരങ്ങളുടെ നെരിപ്പോടില്‍ നോവിക്കാന്‍.
അസ്സലായിരിക്കുന്നു.
കവിതയിലൂടെ ബാല്യകാലത്തിലേക്കു ഞാന്‍ നനഞ്ഞോടുകയായിരുന്നു.

aniyans said...

സുല്ലേ കവിതകള്‍ കസറുന്നുണ്ടല്ലോ. വായന കൂടി എന്ന് തോന്നുന്നു കവിതയിലെ മാറ്റം കണ്ടപ്പോള്‍. അതോ വെറുത്തെ തോന്നുന്നതാണോ. ഞാന്‍ കമന്റെഴുതുന്നത് അപൂര്‍വമാണ്. പക്ഷേ സുല്ല്ലിന്റെ കവിതയിലെ മാറ്റം കണ്ടപ്പോള്‍ എഴുതാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. എനിക്കേറ്റവും ഇഷ്ടമായ വരികള്‍.
പിറകിലെപ്പൊഴൊ
പ്രിയപ്പെട്ടൊരാള്‍
‍വരുന്നുണ്ടെന്നു കരുതി
അവര്‍ക്കായ്‌
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ
ഇലകള്‍
പറിച്ചിട്ട്‌ മുമ്പെനടന്ന
വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെ
വഴിപ്പാടുകള്‍.

രണ്ട് തിരുത്തുകള്‍ നിര്‍ദേശിച്ചാല്‍ പിണങ്ങല്ലേ. ഒന്ന് അവര്‍ക്കായി എന്ന വാക്ക് ഒഴിവാക്കി നോക്കൂ. രണ്ടാമത് മുന്‍പേ എന്ന വാക്ക് ആവശ്യമുണ്ടോ അവിടെ?

Sul | സുല്‍ said...

"ബാല്യഗന്ധങ്ങള്‍" വായിച്ചു കമെന്റിയ എല്ലാര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

ഇട്ടിമാളു :) നന്ദി
സഹീര്‍ :) എന്റെ കവിതയെക്കാളും പ്രിയം താങ്കളുടെ വരികള്‍.
കരീം മാഷ് :) നന്ദി
സതീശ് :) നന്ദി
സക്കീന :) സ്വാഗതം. നന്ദി.
അനിയന്‍സ് :) നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ എല്ലായ്പോഴും പ്രതീക്ഷിക്കുന്നു. വീണ്ടും വായിച്ചപ്പോള്‍ അനിയന്‍ പറഞ്ഞതാണ് ശരിയെന്നു ഈ ചേട്ടനു തോന്നി. നന്ദി:)

-സുല്‍