Wednesday, December 12, 2007

കുരുക്കൊന്നുമില്ലാതെ : കവിത

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....
നാട്ടില്‍ നിന്നാദ്യമായ്
മറുനാ‍ട്ടില്‍ വന്ന്
വീട്ടുപനി പിടിപെട്ടവനെപോലെ...
കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍....

എത്ര രസകരങ്ങളായിരുന്നാ കാഴ്ചകളെന്ന്
തെല്ലിട ഞാനൊന്നോര്‍ത്തുപോയ്.
ചരിഞ്ഞു കയറുമ്പോള്‍
പിന്നിലുള്ളവന്റെ കയര്‍ക്കല്‍...
പാതക്കു വീതിപോരാതെ
പാഴ്മണ്ണിലൂടെ പോകും നാലുചക്രങ്ങള്‍
ഉയര്‍ത്തുന്ന പൊടിപടലമെങ്ങും
ഹാ... എന്തു ഭംഗി...
മഞ്ഞവര മുറിച്ചവന്
ശീട്ട് മുറിക്കുന്ന നിയമപാലകര്‍...
നാലുചക്രത്തിനു പിന്നാലെപോയ,
പാഴ്മണ്ണില്‍ പുതഞ്ഞ
സണ്ണിയുടെ നിലവിളി....
ഓഡിയുടെ മൂട്ടിലിടിച്ച
ഫോര്‍ഡിലച്ചായന്റെ ഫോണ്‌വിളി...
കാത്തുനിന്ന് നിന്ന്
ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍...
നാലുപാത രണ്ടാവുന്നിടത്തുള്ള
തള്ളലുകള്‍, കീ കീ കള്‍
ശകാരങ്ങള്‍....
പാര്‍ക്കിങ്ങിനിടം കിട്ടാതെ
ഓഫീസ് കെട്ടിടത്തെ പലതവണ
പ്രദക്ഷിണം വെക്കുന്നത്....

ഇന്നിതൊന്നുമില്ലാതെ
വിരസമാം യാത്ര...
ഗതാഗതക്കുരുക്കില്ലാതെ
എത്ര വിരസം ഈ ദുബായ്...

അലാറത്തിന്റെ അലറലവസാനിപ്പിച്ച്
വിരസമല്ലാത്ത ദുബായിലേക്ക്
ഞാന്‍ കണ്ണുമിഴിച്ചു.

Tuesday, December 11, 2007

സമാധിയില്‍ : കവിത

പ്രപഞ്ചത്തിലോരോ അണുവിലേക്കും
മനസ്സിന്റെ അനന്തപ്രയാണം
പ്രാണന്റെ മര്‍മ്മരമായ്...
നിവര്‍ന്നു കിടക്കുന്നൊരാകാശം
അവസാനമില്ലാതലയുന്ന
കാറ്റിനും മേഘജാലങ്ങള്‍ക്കുമൊരിടമായ്

കുഞ്ഞോളങ്ങളും കാറ്റലകളും,
രൌദ്രഭാവവും തിരമാലകളും
ചൂടും തണുപ്പും ഇടകലരാതെയു-
ള്ളിലൊളിപ്പിക്കും മഹാസാഗരം പോല്‍

ഉള്ളെന്നും പുറമെന്നുമില്ലാതെ
ചലനമെന്നും നിശ്ചലമെന്നുമില്ലാതെ
പഴയതും പുതിയതുമല്ലാതെ
എല്ലാമായ ഒന്ന്
ഒരിടത്തുമില്ലെങ്കിലുമെ-
ല്ലായിടത്തുമുള്ള ഒന്ന്.

മനസ്സില്‍ നിറയുന്നത്
നിറഞ്ഞ ശൂന്യതയെന്നറിയുന്നു
ഞാനീ അഗാധ നിശ്ചലതകളില്‍

Thursday, December 06, 2007

കാലവും കാത്ത് : കവിത

നിന്റെ ചിരിയൊച്ചയിലലിയുന്ന
അണപ്പല്ലുകളുടെ മര്‍മ്മരം
എനിക്കറിയാം.
നിന്നോട്
പരിതപിക്കാനേ കഴിയൂ

ഒന്നും നിന്റെ കുറ്റമല്ല
ആരുടേയുമല്ല.
എല്ലാം കാലം തന്നതാണ്
കാലമതു തിരിച്ചെടുക്കുവതെന്ന്
കാത്തിരുന്നു കാണുക നാം.

അന്ന്
ഒരുമിച്ചു കളിച്ച്
ഒരുമിച്ചു ചിരിച്ചു
ഒരുമിച്ചു വളര്‍ന്നു
ആത്മാവുള്ള മിത്രങ്ങള്‍

ഇന്ന് (ഡിസം 6)
ഒരുമിച്ചു കളിക്കുന്നു
ഒരുമിച്ചു ചിരിക്കുന്നു
ഒരുമിച്ചു വളരുന്നു
ആത്മാവില്ലാത്ത ശവങ്ങള്‍.
പൊയ്മുഖങ്ങളും
വിഡ്ഡിച്ചിരികളും
നമ്മുടെ ജീവിതത്തിന്റെ
ഭാഗമായതെങ്ങനെ?

അടുത്തിരിക്കുമ്പോഴും
മനസ്സുകള്‍ മൈലുകളകലെ.
അന്യോന്യം സന്തോഷിപ്പിക്കാന്‍;
കപട സ്നേഹം,
പച്ചചിരി,
മതേതരം ,
സഹിഷ്ണുത,
പാടിപതിഞ്ഞ പദങ്ങള്‍
അര്‍ത്ഥമില്ലാത്ത പുലമ്പലുകള്‍.

നാമെന്നാണിനി നാമാവുക?
മുഖം‌മൂടിയില്ലാതൊന്നു ചിരിക്കാന്‍
കൈകളില്‍ കത്തിയൊളിപ്പിക്കതൊന്നു
കെട്ടിപ്പിടിക്കാന്‍...
ഒരുമിച്ചൊരോണമുണ്ണാന്‍...
നമുക്കു നാമാവാന്‍.

Tuesday, December 04, 2007

നല്ല നാല് വീക്കുകള്‍ : കവിത

നാലു വീക്കു കൊടുത്താല്‍
നന്നാവുമായിരുന്നെന്ന്
നാട്ടുകാര്‍

നാലല്ല നാല്പത്
വീക്കി നോക്കിയിട്ടും
നന്നായില്ലെന്ന്
നോക്കിയവര്‍

വീക്കുതന്ന്
നന്നാക്കാന്‍ നോക്കേണ്ടെന്നും
നന്നാവാതിരിക്കല്‍ ഒരു
വീക്നെസ്സ് ആണെന്നും
ഞാന്‍

സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍.

ആരെങ്കിലും ചോദിച്ചോ
‘ഒന്ന് നന്നായിക്കൂടേന്ന്’
ഞാനും ചോദിക്കട്ടെ
‘ഒന്ന് നന്നായിക്കൂടേന്ന്’
പുതുവര്‍ഷാശംസകള്‍!!!