Sunday, February 10, 2008

വാര്‍ത്തകള്‍ കേള്‍ക്കുന്നത്.... : കവിത

പ്രധാനവാര്‍ത്തകള്‍ പുഞ്ചിരിയോടെ..
പിന്നെ പരത്തി നിവര്‍ത്തി
ഘട്ടം ഘട്ടമായി...

പ്രമുഖന്റെ വിടവാങ്ങലെന്നും
ആദ്യയിടം.
അനുശോചങ്ങളുടെ
കൂരമ്പുകള്‍ നെയ്ത
ശരശയ്യയില്‍ മൃതന്‍.
സഹതാപത്തിലേറെ
വിദ്വേഷം വിതക്കുന്ന
കപടത.

അരാഷ്ട്രീയ രാഷ്ട്രീയത്തിന്
അടുത്ത സ്ലോട്ട്,
അഴികളിലൊടുങ്ങാത്ത
പുതിയ അഴിമതികളുടെ
പഴയ വിഴുപ്പലക്കലുകള്‍
തലപെരുപ്പിക്കുന്നു.

അടുത്ത വളവില്‍
നാട്ടുവാര്‍ത്തകളുടെ നാറ്റം.
മുഖത്തുമുണ്ടിട്ടു നടത്തും
വാണിഭങ്ങളുടെ വാണിഭം.
ഒരു വാണിഭം:
വാര്‍ത്തകളുടെ ചാകര.
ചാകര തേടുന്ന ചാരകണ്ണുകള്‍.

ബോംബുകളുടേയും
യുദ്ധങ്ങളുടേയും
അനാഥരുടേയും വിധവകളുടേയും
വിദേശദര്‍ശനം‍.
ഹൃദയഭിത്തിയിലെ
മുള്ളുവലികള്‍.

കായികത്തിന്റെ
കയ്പ്പുനീരും
ഇടക്ക് പെയ്യുന്ന
മധുരവും നുണഞ്ഞ്
അവസാന
ദലവും മറിയുമ്പോള്‍
സമാധാനത്തിന്റെ
തിരിച്ചുവരവറിയിച്ച്
വാര്‍ത്തകള്‍ അവസാനിക്കുന്നു.

വാര്‍ത്തകളുടെ വര്‍ത്തമാനത്തില്‍
വാര്‍ത്തകളാകാത്ത വാര്‍ത്തകള്‍...
ദിനമൊന്നു വളരാത്ത മൃതപ്പിറവികള്‍.
ദിനേനമൂന്നെന്ന
വൈദ്യന്റെ കുറിപ്പിനെവെട്ടും
മണിക്കൂറിലൊന്നെന്ന
അസമാധാനത്തിന്റെ വിഷഗുളികകള്‍.

നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...

25 comments:

സുല്‍ |Sul said...

നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...

"വാര്‍ത്തകള്‍ കേള്‍ക്കുന്നത്....“
പുതിയ കവിത.
-സുല്‍

കണ്ണൂരാന്‍ - KANNURAN said...

സുല്ലേ, വാര്‍ത്തകള്‍ പോസിറ്റീവായി കാണൂ .. .... കൊള്ളാം കവിത.

G.manu said...

“ദിസ് ന്യൂസ് ഈസ് സ്പോണ്‍സേഡ് ബൈ കഠാര ക്വട്ടേഷന്‍സ് “ എന്ന കാലം ഉടനെ ഉണ്ടാവും..


കവിത നന്നായി മാഷെ..നല്ല വാ‍ര്‍ത്തകള്‍ കേള്‍ക്കാം എന്ന പ്രത്യാശയോടെ

Sharu.... said...

“നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...”
നല്ലൊരു ചോദ്യം....പക്ഷെ ആരോട്...അല്ലെങ്കില്‍ ആരിതു കേള്‍ക്കാന്‍...
നല്ല കവിത

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരാഷ്ട്രീയ രാഷ്ട്രീയത്തിന്
അടുത്ത സ്ലോട്ട്,
അഴികളിലൊടുങ്ങാത്ത
പുതിയ അഴിമതികളുടെ
പഴയ വിഴുപ്പലക്കലുകള്‍
തലപെരുപ്പിക്കുന്നു.

ഹൊ, യെന്തൊരലക്ക്.

ഹരിശ്രീ said...

സുല്‍ ജീ,

കൊള്ളാം

കവിത...

പ്രയാസി said...

വര്‍ത്തമാന വാര്‍ത്തകളിലെ
കാപട്യങ്ങള്‍ക്കെതിരെയുള്ള
ചൂണ്ടു വിരലായി സുല്ലിന്റെ ഈ കവിത..!

അഭിനന്ദനങ്ങള്‍..:)

ശ്രീ said...

“നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...”
നന്നായി, സുല്ലേട്ടാ...
:)

പരിത്രാണം said...

നേരു നേരായറിയാന്‍... നമുക്കു പ്രത്യാശിക്കാം സുല്ലേ...
പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ട് നയിക്കുന്നതു.
നിരാശപെടണ്ടാ ഇത്തരം കവിതകള്‍ തന്നെ അതിന്റെ ഒരു തുടക്കം ആണു.
പ്രതീക്ഷക്കു വകയുണ്ട്

അഗ്രജന്‍ said...

ന്യൂസവറിന്‍റെ നീളം തന്നെ ഇതിനും വേണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നല്ലേ :)

നിലാവര്‍ നിസ said...

നേരറിയും
നേരേയറിയും

അത് നേരത്തെയറിയുമോ എന്നു മാത്രമേ സംശയമുള്ളൂ.. ആശംസകള്‍..

ശ്രീനാഥ്‌ | അഹം said...

kollaam...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതില്‍ ഒരു വ്യത്യസ്ഥഭാവം ഉണ്ടല്ലൊ അതുതന്നെ ഇതിന്റെ വിജയവും നന്നായി. ഭാവുകങ്ങള്‍.
നേരറിയാം നേരറിയാം...............

പോങ്ങുമ്മൂടന്‍ said...

nannayirikkunnu...

kichu said...

സുല്‍..

നല്ല് കവിത. ചോദ്യം നന്നായി..
ഷാ‍രുവിന്റെ കമെന്റും.

അപ്പു said...

സുല്ലണ്ണാ..

ഈയിടെ എഴുതിയ കവിതകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടു ഇത്. വെറുതെ ഇഷ്ടപ്പെട്ടതല്ല, അതിന്റെ ആശയംതന്നെയാണ് വളരെ ഇഷ്ടമായത്. നമ്മുടെ ചാനലുകളുടെ വാര്‍ത്തകളും ഒന്നു കണ്ടുനോക്കിയാല്‍ എന്താ തോന്നുക! കഷ്ടം. സെന്‍സേഷനല്‍ വാര്‍ത്തകള്‍ തപ്പി, മറ്റൊന്നും നോക്കാതെ മുമ്പോട്ടോടുന്ന പത്രപ്രവര്‍ത്തകര്‍..വിഷഗുളികള്‍ തന്നെ ഈ വാര്‍ത്തകള്‍.

ചന്ദ്രകാന്തം said...

"നാളെത്ര കാക്കണം
നേരു നേരായറിയാന്‍"

അതെ.. വാര്‍ത്തകള്‍ പലപ്പോഴും സത്യമാകുന്നില്ല. സത്യങ്ങള്‍ തിരിച്ചും.

മഴത്തുള്ളി said...

നല്ലതൊന്നു കേള്‍ക്കാന്‍
നന്നായിരിക്കാന്‍
നാളെത്ര കാക്കണം
നേരു നേരായറിയാന്‍...

മാഷേ കവിത വളരെ ശരി. നന്നായിരിക്കുന്നു.

ഇളംതെന്നല്‍.... said...

സംഭവം മരിക്കുന്നു , വാര്‍ത്തയായ് പുനര്‍ജന്മം.... ഈ കവിതയും ഒരു”സംഭവ“മായി സുല്ലേ....

sivakumar ശിവകുമാര്‍ said...

കവിത നന്നായി...കേട്ടോ...

വാല്‍മീകി said...

കൊള്ളാം, നല്ല വരികള്‍.

ധ്വനി said...

നാളെത്ര കാക്കണം
നേരു നേരായറിയാന്‍...
പുഞ്ചിരിയ്ക്കുന്ന മുഖം വായിയ്ക്കുന്ന വായനകളിലെന്നല്ല... നമ്മുടെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യനില്‍ വരെ ഇതാണു സത്യം!

ആഗ്നേയ said...

സുല്ലേ..അപ്പൂ..ഇടക്കൊക്കെ നമ്മളും മോശക്കാരല്ലന്നേ...

anamika said...

നന്നായിട്ടുണ്ട്...സത്യത്തില്‍ നല്ലോതോന്നു കേള്‍ക്കാന്‍ അറിയാന്‍ എത്ര കാത്തിരിക്കണം?

ഇത്തിരിവെട്ടം said...

നല്ലത് കേള്‍ക്കാന്‍ നല്ലത് കേള്‍പ്പിക്കണ്ടേ സുല്ലേ... :)