Sunday, February 17, 2008

പഴ്‌സ് : കവിത

പുതിയൊരു പഴ്സ് വാങ്ങി.
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റണം.
ആദ്യം പണത്തില്‍ കൈവച്ചു...
പിന്നെ എനിക്കരുമയായ പടങ്ങള്‍...
പടിയിറങ്ങുമ്പോളുമ്മതന്ന
ചെളിപുരണ്ട അമ്പതിന്റെ നോട്ട്...

ഇനി ഒരു കൂട്ടം കാര്‍ഡുകള്‍
കാലാവധി കഴിഞ്ഞ്
ഇരിപ്പു തുടരുന്നവരും കൂട്ടത്തില്‍...
ഇനിയെന്തിനവര്‍
കളയാം...

പിന്നെ പരതി അങ്ങിങ്ങ്
അറകളോരോന്നായി...
ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍
പേഴ്സിനെപോലെ മറ്റാര്?
തുണ്ടുകളിലെഴുതിയ നമ്പറുകള്‍
കിട്ടി രണ്ടെണ്ണം... ആരുടെയെല്ലാമാവോ...
ഇനി എന്തു പറഞ്ഞു വിളിക്കും അവരെ?
കളയാം...

നാട്ടിലെ ബസ്സിന്റെ ടിക്കറ്റ്...
സിനിമാ ടിക്കറ്റിന്റെ പാതിമുറി...
ഹെല്‍മെറ്റിടാതെ കിട്ടിയ പെറ്റിയുടെ,
മടക്കുകളില്‍ കീറലുകള്‍ വീണ
മറ്റൊരു ടിക്കറ്റും...
ഓര്‍മ്മകളിലെ ഇന്നലെകള്‍...
ഇനിയെന്തിനിവയെല്ലാം?
കളയാം...

കൊടുത്തതിന്റെയോ കിട്ടാനുള്ളതിന്റെയോ
കണക്കെഴുതിയ കടലാസു കൂട്ടം...
തുണിക്കടയിലെ അടിക്കാതെ പോയ
സമ്മാനത്തിനുള്ള ബില്ല്...
ഇനിയെന്തു പുല്ല്...
കളയാം...

പുതിയ തിരിച്ചറിവ്,
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റാനൊക്കില്ല.
പഴയ പഴ്സ് ,
എന്റെ സ്വകാര്യങ്ങള്‍ അറിയുന്ന,
ഉള്ളില്‍ സൂക്ഷിക്കുന്ന,
എപ്പോഴും കൂടെയുള്ള,
എന്‍മനമറിഞ്ഞ പ്രണയിനിയോ?
ഓര്‍മ്മകളെല്ലാം ഡസ്റ്റ് ബിന്നിലിട്ട്
എന്നെയറിയാത്ത ഞാനറിയാത്ത
പുതു മണവാട്ടിയായ
പുതിയ പഴ്സും ഞാനും ബാക്കിയായ്.

കുംഭമാസത്തിലെ തുഷാരത്തില്‍ വന്നത്

29 comments:

സാക്ഷരന്‍ said...

ഠേ … ആദ്യം എന്റെ വകയാവട്ടേ …
വളരെ നല്ല കവിത

പുതിയ തിരിച്ചറിവ്,
പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റാനൊക്കില്ല.

സതീര്‍ത്ഥ്യന്‍ said...

സത്യവചനം... നാന്നായി... :-)
ഒരു ഐഡിയ തരട്ടേ ? പഴയതെല്ലാം ഒരു ഡപ്പിയെടുത്തു അതിലേക്കുമാറ്റാം...
എന്നിട്ട് ഒരു അറയില്‍ അങ്ങനേ കിടക്കട്ടെ...
വല്ലപ്പോഴും, നീലക്കുറിഞ്ഞി പൂക്കുന്നപോലെ അവയൊക്കെ ഒന്നു തുറന്നുനോക്കാം... അടിക്കാത്ത ടിക്കറ്റിനന്ന് ലക്ഷങ്ങളടിക്കും.. :-)

നജൂസ്‌ said...

പണം ഭദ്രമായി മാറ്റണം. തുണ്ടുകടലാസുകള്‍ ഒന്നുകൂടെ നോക്കിയെ. വല്ലവന്റെയും ഹ്രദയം കൂടികാണും ചിലപ്പൊ.

ഇത്തിരിവെട്ടം said...

സുല്ലേ കവിത നന്നായി... പുതുമക്ക് വേണ്ടി ഒഴിവാക്കപെടേണ്ട പഴമകളുടെ ലിസ്റ്റ് കൊള്ളാം...

ഓടോ : ഇത്രയധികം കടലാസുകള്‍ ഒതുങ്ങിയിരുന്ന ആ പേഴ്സിനെ ഹാന്റ് ബാഗ് എന്ന് വിളിച്ചോളൂ...

ശ്രീ said...

നല്ല കവിത തന്നെ, സുല്ലേട്ടാ...
:)

ബയാന്‍ said...

ഓര്‍മ്മകള്‍ മറക്കാനേയാവൂ.. . മായ്കാനാവില്ല. പുതുമണവാട്ടിയും നാളെ ഓര്‍മ്മയാകുമോ..:)

മറ്റൊരാള്‍\GG said...

"പിന്നെ പരതി അങ്ങിങ്ങ്
അറകളോരോന്നായി...
ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍
പേഴ്സിനെപോലെ മറ്റാര്?"


കവിത നന്നായിട്ടുണ്ട്!

പരിത്രാണം said...

കവിത കൊള്ളം അതുപോലെ അതിലെ ഉള്ളടക്കവും. എന്തു കരടു കിട്ടിയാലും അതു കൊണ്ട് ഒരു കവിത ഒപ്പിക്കും സമ്മതിച്ചിരിക്കുന്നു സുല്ലേ...
മുന്നോട്ടുള്ള ജീവിതത്തിനു പ്രശ്നക്കരനാവാന്‍ സാധ്യതയുള്ള എന്തും പഴ്സ്നകത്തു നിന്നു മാറ്റുന്നതില്‍ തെറ്റില്ല പണത്തിന്റെ കാര്യം പിന്നെ സുല്ലിനോടു പറയണ്ടല്ലോ. ആളൊരു കണക്കെഴുത്തുകാരന്‍ അല്യോ.

കരീം മാഷ്‌ said...

ആവഴിക്കെപ്പോഴെങ്കിലും നടക്കേണ്ടിവന്നാല്‍
കാലടികള്‍ക്കിടെ അകലം കുറച്ചു
കഴുത്തറ്റമുള്ള മതിലിന്റെ ഓരം ചേര്‍ന്നു
നിറയെ പച്ചച്ചു നില്‍ക്കുന്ന ചെടിയിലൂടെ
പാളി ഞാനൊന്നു നോക്കും ഒരിലയനക്കമുണ്ടോ?
നന്ത്യാര്‍വട്ടത്തിന്റെ കൊമ്പുകുലുക്കി സുഗന്ധമഴ പെയ്യിക്കുന്ന ആ പഴയ പേഴ്സ് അവിടെ തന്നെ ബാക്കിയുണ്ടാവുമോ?

നിരക്ഷരന്‍ said...

“പടിയിറങ്ങുമ്പോളുമ്മതന്ന
ചെളിപുരണ്ട അമ്പതിന്റെ നോട്ട്...“

അതെന്നെ വല്ലാതെ വേട്ടയാടുന്നു.

എനിക്കിഷ്ടമായി. കാരണം, ഇത് വായിച്ചപ്പോള്‍ മനസ്സിലായി എന്നതു തന്നെ :) :)

ഉപാസന | Upasana said...

:)

G.manu said...

നല്ലൊരു കവിത മാഷേ... പഴ്സ് പുതിയത് വാങ്ങിയോ....

Sharu.... said...

നല്ല കവിത.... നല്ലൊരു തിരിച്ചറിവും

നിലാവര്‍ നിസ said...

നന്നായി.. കവിതയും ചിന്തയും..

പൊതുവാള് said...

സുല്ലേ ,

വളരെ നന്നായിരിക്കുന്നു.

ഇങ്ങനെ ഒഴിവാക്കാനാവാത്തവയൊക്കെ ഏതൊക്കെയോ ഉള്ളറകളില്‍ ഒതുക്കി വെച്ച് പുതുനിമിഷങ്ങളെ വരവേല്‍ക്കുന്നു വീണ്ടും വീണ്ടും നാം.....

പപ്പൂസ് said...

"ഉള്ളറകളിലെ കള്ളങ്ങളറിയുന്നവന്‍"

അതെ, അതു തന്നെയിവന്‍.... :)

സനാതനന്‍ said...

അവസാനവരികള്‍ അധികപ്പറ്റായപോലെ.അത് മുകളിലാകെ നിറഞ്ഞു നില്‍ക്കുകയായിരുന്നു.
നല്ല കവിത.

ധ്വനി said...

നല്ല കവിത! ഒരുപാട്!

ഏ.ആര്‍. നജീം said...

ഈ സുല്ല് ആളൊരു പുലി തന്നെ.. ഒരു പുതിയ പേഴ്സ് വാങ്ങിയപ്പോള്‍ അതും ഒരൊന്നൊന്നര കവിത എഴുതി പോസ്റ്റ് ചെയ്യാനുള്ള വക ഒപ്പിച്ചല്ലോ... സമ്മതിച്ചിരിക്കുന്നു.. :)

മഴത്തുള്ളി said...

പുതിയ പേഴ്സ് വാങ്ങി അതുനിറച്ചും 1000 ത്തിന്റെ നോട്ടുകള്‍ അടുക്കി വെച്ചിരുന്നു ചിരിക്കുന്ന സുല്ലേ, പാര്‍ട്ടി വേണം പാര്‍ട്ടി ;)

അങ്ങോട്ടു വന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള കാശില്ല. ഇങ്ങോട്ട് വന്ന് പാര്‍ട്ടി തന്നോളൂ.

പിന്നെ കവിതകളൊക്കെ അടിച്ചുപൊളിക്കുവല്ലേ മാഷേ, നിസ്സാരമായ കാര്യങ്ങളിലൂടെ വലിയ വലിയ സത്യങ്ങളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുന്ന സുല്ലിനെന്റെ വക ഒരു തേങ്ങയും ഇരിക്കട്ടെ ... മാറിക്കോ....... ഠേ..................

(അയ്യോ, തലയില്‍ കൊണ്ടോ? തേങ്ങ പൊട്ടുന്നതിനു മുന്‍പേ അത് പെറുക്കാന്‍ ആക്രാന്തം കാട്ടരുതെന്ന് പറഞ്ഞിട്ടില്ലേ ;) )

ഗീതാഗീതികള്‍ said...

എന്റെ പേഴ്സ് പോലെ തന്നെ....
വേണ്ടതും വേണ്ടാത്തതുമായ സര്‍വ ബില്ലുകളും കുത്തിതിരുകി, പേഴ്സ് ഗര്‍ഭിണിയുടെ വയറുപോലെയാകുമ്പോളിതുപോലൊരു അടുക്കിപെറുക്കല്‍.....

..::വഴിപോക്കന്‍[Vazhipokkan] said...

സുല്ലെ,
പ്രണയം പോലും ഡെസ്റ്റ് ബിന്നിലെറിഞ്ഞോ?
..കുഴപ്പമില്ല, റി സൈക്കിള്‍ ചെയ്യാനാകും !

ആഗ്നേയ said...

മണ്ണിലും, വിണ്ണിലും.തൂണിലും,തുരുമ്പിലും,ആനയിലും ഉറുമ്പിലും സുല്‍ കവുത വിരിയിക്കുന്നു:)
നന്നായെഴുതിയിരിക്കുന്നു..
(ഹോ! ആ പഴ്സില്‍ നിന്നും കണ്ടുകിട്ടിയ സ്വത്തുവിവരപ്പട്ടിക കേട്ടെന്റെ കണ്ണുതള്ളിപ്പോയി..
വല്യ മൊയലാളിയാ ല്ലേ?)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വളരെ നല്ല കവിത

Jithenrakumar/ജിതേന്ദ്രകുമര്‍ said...

പഴ്സ്‌ നമ്മുടെയൊക്കെ മനസു തന്നെയല്ലേ?വളരെ നല്ല കവിത. എണ്റ്റെ കവിതകള്‍ പുഴ.കോം ല്‍ വരാറുണ്ട്‌. പുതിയത്‌ 'വേദനയുടെ വിവാഹം' ഒന്നു കാണണേ.

Isabella said...

kavitha kollaam.....isabella ennu enne aadyamaayi vilichathinu oraayiram nandriii.....blog lookathu oru shishu aanu njaan..comment-nu direct reply cheyan ariyathondu ivide comment idunnu...

david santos said...

Thanks for your posting and have a good weekend.

സതീശ് മാക്കോത്ത് | sathees makkoth said...

പഴയതിലുള്ളതെല്ലാം
പുതിയതിലേക്ക് മാറ്റാനൊക്കില്ല.

നന്നായി മാഷേ.

എം.എച്ച്.സഹീര്‍ said...

നഷ്ടങ്ങള്‍ പലപ്പോഴും അനിവാര്യമായി വരുന്നു. പുതിയവ വീണ്ടും പഴകും..നന്നായിരിക്കുന്നു..