Thursday, March 13, 2008

അവരെന്തു ചെയ്യുന്നുണ്ടാവും?

തളിക്കുളം പത്താംകല്ലില്‍ ബസ്സിറങ്ങി
പടിഞ്ഞാറോട്ട് ഒരു നാഴിക പോയാല്‍
എന്റെ വീടായി.

ചുടു ചൂഢാമണി* മണക്കുന്ന
സന്ധ്യകളില്‍
പോകറ്റിലെ അഞ്ചുരൂപ
ചട്ടുകം താഴെവെക്കുന്ന
ഇടവേളകളില്‍
വിജയേട്ടന്റേതാവുന്നു.

മജീദിക്കയെപ്പോഴും ചിരിച്ചിരിക്കുന്നുണ്ടാവും
അവരുടെ ഹോട്ടലിലോ
മരുന്നു കടയിലോ
ഇരുമ്പു കടയിലോ

പിന്നെയങ്ങോട്ട് ഇരുട്ടുവീഴുന്ന
പാതയാണ്.
ഏതിരുട്ടത്തും വഴിതെറ്റാതെ വീടണയാന്‍.

വാലത്തെ വീടും
തൊപ്പിക്കാരന്റെ വീടും കഴിഞ്ഞ
വളവില്‍
തെങ്ങിനു ചാലിട്ടു നനക്കുന്ന
അശോകന്‍ മാഷ്
വീട്ടുമുറ്റത്തുലാത്തുന്നുണ്ടാവും

എരണേഴന്റെ ഉണങ്ങിയ
കടയില്‍
മുനിഞ്ഞു കത്തുന്ന ബള്‍ബ്

വിത്തെറിയാത്ത പാടമാണ്
പാതക്കിരുവശവും ഇനി.
ചീവീടുകള്‍ ഇണയെതിരയുന്ന
തിരക്കിലായിരിക്കും.

ചെറുകണ്ടനും നാണിക്കും
ചിദംബരന്‍
അന്നത്തെ ഉപ്പും മുളകും
പൊതിയുകയായിരിക്കും
കടയില്‍.

വിളക്കുകാലിനടിയില്‍
സൈക്കിളില്‍,
ഒരു കാലു നിലത്തൂന്നി
ബാബുവും കുമാരനും
തര്‍ക്കിക്കുന്നുണ്ടാവും.

“എന്താ സായ്‌വേ ഈ നേരത്ത്”
എന്തെങ്കിലും ചോദിക്കാതെ വിടാത്ത
റിട്ടയര്‍ പോലീസ് രാമേട്ടന്‍.

പൈപിന്‍ കരയില്‍
വെള്ളത്തിനു നില്‍ക്കുന്നവരുടെ
പുഞ്ചിരി, അന്വേഷണങ്ങള്‍....

ഉമ്മയുടെ സ്നേഹം...
സുലൈമാനിയോടൊപ്പം
വിജയേട്ടന്‍ പൊതിഞ്ഞു തന്ന
ചൂഢാമണി.

തിരിച്ചു നാടെത്തുമ്പോള്‍
ആരെല്ലാം ബാക്കികാണുമവിടെ?
ദൈവമേ,
ഏവരേയും നീ കാത്തു വച്ചേക്കണേ...

*കപ്പലണ്ടി വറുത്തത്.

27 comments:

Shaf said...

തിരിച്ചു നാടെത്തുമ്പോള്‍
ആരെല്ലാം ബാക്കികാണുമവിടെ?
ദൈവമേ,
ഏവരേയും നീ കാത്തു വച്ചേക്കണേ...

Ameeeen

aa valiya manassinu munnil
onnu namichotte..

:)

കിനാവ് said...

:(

അപ്പു said...

സുല്ലേ, ഒരു പതിനഞ്ചു ഫ്രെയില്‍ക്കുറയാതെ ഫോട്ടോകളെടുത്താലും ഇത്രയും ആശയം വ്യക്തമാകാനിറ്റയ്യാകാത്ത വിധം ഭംഗിയായി തന്റെ ഗ്രാമത്തെ ഈ വരികളിലൂടെ വരച്ചിട്ടിരിക്കുകയല്ലേ.. നന്നായിട്ടുണ്ട്. നല്ല ഒരു “ഡ്രോയിംഗ് “കേട്ടോ.

Sharu.... said...

വളരെ നല്ല കവിത.... ഗദ്യമാണ് കൂടുതലെങ്കിലും (അതല്ലേ ഇപ്പോഴുള്ള ശൈലി)

കുട്ടന്‍മേനൊന്‍ said...

ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകള്‍. !

പരിത്രാണം said...

സുല്ലിന്റെ പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു "ഏവരേയും നീ കാത്തു വച്ചേക്കണേ..."

എല്ലാവരെയും ഉള്‍കൊള്ളിച്ചിട്ടുണ്ടല്ലോ നല്ലവണ്ണം ചിന്തിച്ചു നോക്കൂ ഇനി ആരെങ്കിലു ഉള്‍പ്പെടുത്താന്‍ വിട്ടുപോയിട്ടുണ്ടോ എന്നു ഇല്ലെങ്കില്‍ സുല്ല് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയാള്‍ ബാക്കിയുണ്ടെങ്കില്‍ സുല്ലിന്റെ കാര്യം പോക്കാ ഹ ഹ ഹ.

അപ്പു പറഞ്ഞപോലെ ശരിക്കും ഒരു ഡ്രോയിംഗ് തന്നെ
:)

ആലുവവാല said...

സുല്ലേ,
ഈ വഴികളിലൂടെ ഞാന്‍ നടന്നു പോയിക്കാണണം!
തളിക്കുളത്തെക്കുറിച്ച് എന്റെ ഓര്‍മ്മകളിലും ചൂഢാമണീ ചിതറിക്കിടക്കുന്നുണ്ട്. വിത്തിടാത്ത പാടങ്ങളുണ്ട്. പത്താങ്കല്ലില്‍ ബസ്സിറങ്ങിയിട്ടുണ്ട്. അവിടെ നിന്ന് പടിഞ്ഞാട്ട് പോകുന്ന വഴയലൂടെ നടന്നിട്ടുണ്ട്...
സുല്ലിന്റെ വീടിനു മുന്നിലൂടെയും ഞാന്‍ പോയിക്കാണണം!
കൈതക്കല്‍ ഇസ്ലാമിയാ കോളേജില്‍ പഠിച്ച മൂന്നു കൊല്ലം, വൈകൂന്നേരങ്ങളീല്‍ കപ്പലണ്ടീ കൊറിച്ച്, ഈ വഴികളിലൂടെയൊക്കെ നടക്കല്‍ എന്റെ പതിവായിരുന്നു....

നന്നായിരിക്കുന്നു....!

Jithendrakumar/ജിതേന്ദ്രകുമര്‍ said...

Very good!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെ കുറെ പേര്‍ ഉണ്ടാവും ല്ലേ. അല്ല ഉണ്ട്. ഇല്ലാതെ പോകുന്നത് നമ്മളാണല്ലൊ

വാല്‍മീകി said...

ഞാനിന്ന് ഈ വരികളിലൂടെ നടന്നു പോയി....

ശ്രീ said...

നന്നായി ഇഷ്ടപ്പെട്ടു സുല്ലേട്ടാ...

എല്ലാവരും ബാക്കി കാണുമെന്നേ...
:)

നിലാവര്‍ നിസ said...

ശരിയാണ്.. തെളിഞ്ഞ ഒരു നടത്തത്തിന്റെ ഓര്‍മയുണ്ട് വരികളില്‍..

അഗ്രജന്‍ said...

very nice!

റിനുമോന്‍ said...

നമ്മള്‍ ഒരേ നാട്ടുകാരെന്നു പറയാം...ഇനി ആ ഭാഗത്തേക്ക്‌ പോകുമ്പോള്‍ തീര്‍ച്ചയായും വീട്ടില്‍ കയറും...തളിക്കുളം 'കാര്‍ത്തിക' തന്നെ സത്യം...

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

സുല്ലേ,... അങ്ങോട്ട് പോകുന്ന ബസ്സ് ഏതാ? സമയം? ഞാന്‍ വരും വരാതിരിക്കില്ല..

::സിയ↔Ziya said...

ഒരിരുപതു കൊല്ലം പുറകോട്ട് പോയി മനസ്സ്...
പറഞ്ഞറിയിക്കാനാവാത്ത ഒരു നഷ്‌ടബോധം...

വിളക്കുകാല്‍
സൈക്കിളും നിലത്തൂന്നിയ കാലും
മുനിഞ്ഞു കത്തുന്ന ബള്‍ബ്
വിത്തെറിയാത്ത പാടം

നന്ദി!

ബഷീര്‍ വെള്ളറക്കാട്‌ said...

നന്മയുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു..
very good lines .

Anonymous said...

എന്തൊക്കെയാണു എഴുതി വെച്ചിരിക്കുന്നത് മാശേ

Smartphone said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Smartphone, I hope you enjoy. The address is http://smartphone-brasil.blogspot.com. A hug.

ലീല എം ചന്ദ്രന്‍.. said...
This comment has been removed by the author.
ലീല എം ചന്ദ്രന്‍.. said...

സുല്‍..
പറയാതെ വയ്യ..
പ്രാര്‍ത്ഥനാനിരതമായ..ഈ മനസ്സ്‌ എന്നെന്നും കാത്തുവയ്ക്കുക..
ആശംസകള്‍......

ഗുരുജി said...

വളരെ വളരെ മനോഹരമായിരിക്കുന്നു...
ഒരു ഗ്രാമമാകെ നടന്നുകണ്ടതുപോലെ...നന്നായിരിക്കുന്നു..

ഹരിശ്രീ said...

സുല്‍ ജീ,

വളരെ നന്നായിരിയ്കുന്നൂ...

:)

ചന്ത്രക്കാരന്‍ said...

സുല്‍ഫി മാഷെ...
എന്നെ അറീയൊ?

കൊള്ളാം...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇവിടെ ഒരിക്കല്‍ വന്ന് വായിച്ച്‌ അഭിപ്രയം എഴുതിയിരുന്നു. ഇന്ന് വീണ്ടും വന്നു. തളിക്കുളം വഴി നടന്നു.


സുല്ലിന്റെ ബ്ലോഗ്‌ വായിച്ച്‌ അഭിപ്രായം എഴുതിയ ഇത്രെം ആളുകള്‍ക്ക്‌ ഒരു മറുപടി എഴുതി കാണുന്നില്ല. !

midhun pp said...
This comment has been removed by the author.
ദണ്ഡകാരണ്യം said...

നന്നായിരിക്കുന്നു