Sunday, September 23, 2007

മതിലുകള്‍

തുളസി കതിരിനു
നിന്റെ ഗന്ധമാണ്.
തുളസിതറയില്‍ നിന്നെത്തുന്ന
കാറ്റില്‍
പള്ളിയിലെ ബാങ്കൊലിയും.


കുന്നത്തെ കോവിലിലെ
മണിനാദവും
സന്ധ്യാദീപ വന്ദനവും
പിന്നെ നാമുരുവിട്ട
ദിക്ക് റുകളും*
ഓര്‍മ്മകളിലെന്നെ തളക്കുന്നു.


മനുഷ്യനെ ചേര്‍ത്തുവച്ച
മതിലുകള്‍ക്ക്
മേന്മയെന്ന് മുത്തശ്ശി.


ബാബറേയും രാമനേയും
അടക്കം ചെയ്ത മതിലില്‍
വിള്ളലുകള്‍ക്കായി നാം
കാത്തിരുന്നു.
ലാദനും സേതുവും
പണികള്‍ നടത്തിയ
മതിലുകള്‍ക്കിപ്പോഴും
വിള്ളലില്ല.


ഒരുമിക്കാം
നമുക്കടുത്തജന്മം പ്രിയേ
ഇരുവരും
മതിലിന്നൊരുവശത്തെങ്കില്‍.


മതിലുകള്‍ മരിക്കുന്നില്ലല്ലൊ.


*ദിക് റ് = മുസ്ലിം ദൈവീക സ്തോത്രങ്ങള്‍.

16 comments:

സുല്‍ |Sul said...

“തുളസി കതിരിനു
നിന്റെ ഗന്ധമാണ്.
തുളസിതറയില്‍ നിന്നെത്തുന്ന
കാറ്റില്‍
പള്ളിയിലെ ബാങ്കൊലിയും.“

"മതിലുകള്‍" പുതിയ കവിത.

-സുല്‍

ചന്ദ്രകാന്തം said...

ഒബ്‌ജക്ഷന്‍ യുവറോണര്‍..,
മനസ്സിനെ മറയ്ക്കുന്ന മതിലുകള്‍ ഇനിയും ബാക്കി നില്‍ക്കുന്നതിനെ അനുകൂലിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. അവ പൊളിച്ചടുക്കാതെ, അടുത്ത ജന്മം വരെയുള്ള കാത്തിരിപ്പ്‌ അസഹനീയമാണ്‌. ലോകത്തിന്റെ അതിരുകള്‍ പുതുക്കി നിശ്ചയിയ്ക്കാന്‍.. ബഹുമാനപ്പെട്ട കോടതി....."

സുല്ലേ......

Appu Adyakshari said...

സുല്ലേ,, ഈ മതിലുകള്‍ ഇടിഞ്ഞുവീഴട്ടെ എന്ന് പ്രത്യാശിക്കാം, സാധ്യതകള്‍ ഇല്ലെങ്കിലും !

വേണു venu said...

സുല്ലേ, കവിത ഇഷ്ടപ്പെട്ടു. :)

Ziya said...

സുനിത വില്യംസ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വന്നപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മ്മ വരുന്നത്..
“ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ഭൂമിയില്‍ അതിരുകള്‍ ഇല്ല”.

അതിരുകളില്ലാത്ത ഒരു ലോകം കാണണമെങ്കില്‍ അത്രമേല്‍ ഉയരത്തിലെത്തണമെന്ന് സാരം. നാം മനുഷ്യരും നമ്മുടെ മനസ്സും ഉയരത്തിലെത്താതെ ഈ മതിലുകള്‍, ഈ അതിരുകള്‍ തകരില്ല...മായില്ല...

നല്ല കവിത സുല്‍

കുറുമാന്‍ said...

മതിലുകള്‍ - മാനം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്നു. എല്ലാം നമ്മള്‍ തന്നെ കെട്ടിപടുത്തത്.

ചന്ത്രകാന്തത്തിന്റെ കമന്റിനോട് യോജിക്കുന്നു.

ശ്രീ said...

“ബാബറേയും രാമനേയും
അടക്കം ചെയ്ത മതിലില്‍
വിള്ളലുകള്‍ക്കായി നാം
കാത്തിരുന്നു.”

മതിലുകള്‍‌ നന്നായി്ട്ടുണ്ട്.
:)

ചീര I Cheera said...

എനിയ്ക്കും ഇഷ്ടമായി ഇത്..

Vanaja said...

കവിത ഇഷ്ടമായി.
മനസ്സിലെ മതിലുകളെല്ലാം ഇടിഞു വീഴട്ടെ. അങനെയാല്ല, വീഴാന്‍ വേണ്ടി കാത്തു നിക്കാതെ ഇടിച്ചു വീഴ്തുക നാം.

എന്ന്
വനജ (ഒപ്പ്)

ഫ്രെം അഡ്ഡ്രെസ്സ്

മനുഷ്യ ജീവി,
മതിലുകളില്ലാതെ.ബ്ലോഗ്സ്പോട്ട് .കോം,
ഭൂലോകം.

മയൂര said...

ഇങ്ങിനെ എത്രയെത്ര മതിലുകള്‍...
കവിത ഇഷ്ടായി...

ഏ.ആര്‍. നജീം said...

സുല്ലേ..,
കവിത നന്നായിരിക്കുന്നു...
സ്‌നേഹം..

ആവനാഴി said...

പ്രിയ സുല്‍,

മതിലുകള്‍ മരിച്ചീടാന്‍ കാത്തിരിക്കയോ?കഷ്ടം!
മതിലുകളുടനുടന്‍ തച്ചുടക്കയേ നല്ലൂ.

സസ്നേഹം
ആവനാഴി

മഴത്തുള്ളി said...

സുല്ലേ, മതിലുകള്‍ ഇടിച്ചുനിരത്തൂ. ഇങ്ങനെ ശക്തമായ ഭാഷയിലുള്ള കവിതകള്‍ ഇനിയും രചിക്കൂ.

ആശംസകള്‍.

un said...

ബെര്‍ലിന്‍ മതിലു പൊളിഞ്ഞു വീണു.. പിന്നല്ലേ..വേണമെന്നു വിചാരിച്ചാല്‍ മാത്രം മതി.. പക്ഷെ, വിചാരിക്കില്ല ഒരുത്തനും..
എങ്കിലും, സുല്‍, ശ്രമം തുടരുക..

മനോജ് കുമാർ വട്ടക്കാട്ട് said...

സുല്ലേ, നല്ല കവിത.

മനുഷ്യനെ ചേര്‍ത്തുവച്ച
മതിലുകള്‍ക്ക്
മേന്മയെന്ന് മുത്തശ്ശി.


(അതുകൊണ്ടാണോ നാട്ടില്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇടയ്ക്ക് മനുഷ്യമതിലുകള്‍ ഉണ്ടാക്കുന്നത്? :)

സുല്‍ |Sul said...

ടെസ്റ്റ്