Sunday, February 04, 2007

ഇരുട്ടു തീനികള്‍

ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്‌
നിന്നരികിലെ ഇരുട്ടിനെ.

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.
ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.
വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള്
‍ഞാന്‍ ഉരുകിയൊലിക്കുന്നു.

ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
‌ജലാശയത്തിന്റെ
അടിയില്‍
‍അടിഞ്ഞിരിക്കുന്നതു
സത്യമല്ലേ.
ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ
ഓടിയകലും ഇരുട്ടിനു തന്നെ
വെട്ടത്തേക്കാള്‍ വേഗം.

ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.

19 comments:

സുല്‍ |Sul said...

"ഇരുട്ടു തീനികള്‍"

“കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.“

സുല്ലിന്റെ സ്വന്തം പുല്ലില്‍ ഒരു കതിരുകൂടി.
പുതിയ പോസ്റ്റ്.

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

ഇന്നിരുട്ടിനാണ് കൂടുതല്‍ മാര്‍ക്കറ്റ്...

chithrakaran ചിത്രകാരന്‍ said...

ഇരുട്ടുമായുള്ള മല്‍പ്പിടുത്തത്തില്‍ നമ്മള്‍ തൊല്‍ക്കുമെന്നറിഞ്ഞിട്ടും നാം ജീവിതാന്ത്യം വരെ യുദ്ധം തുടരുന്നു. പ്രകാശിക്കലാണ്‌ ജീവിതമെന്നു തിരിച്ചറിഞ്ഞതുകൊണ്ടു മാത്രം !!
നല്ല ആശയം. നന്ദി. സുല്‍

സുല്‍ |Sul said...

കണ്ണൂരാന്‍ :) ഇരുട്ടിനു തന്നെയല്ലേ ഈ ഭൂമിയില്‍ എപ്പോഴും മുന്‍‌തൂക്കം.

ചിത്രകാരന്‍ :) സ്വയം ഇരുട്ട് വലിച്ചെടുത്ത് ഇരുട്ടിലാഴുന്നവര്‍ അല്ലേ.

-സുല്‍

mydailypassiveincome said...

സുല്‍,

കുറെ നാളായി സുല്ലിന്റെ എന്നല്ല പല പോസ്റ്റുകളും കാണാതെ പോകുന്നു തിരക്കു കാരണം.

കൊള്ളാം നല്ല ആശയം :)

sandoz said...

സുല്‍-കവിതയെ കുറിച്ച്‌ ആധികാരികമായി പറയാനുള്ള ഗ്രാഹി എനിക്ക്‌ ഇല്ലെങ്കിലും തോന്നിയ ഒരു കാര്യം പറയട്ടെ.

ഈ ബ്ബ്ലോഗില്‍ കവിതക്കു പറ്റിയ വളക്കൂറുള്ള മണ്ണു ഞാന്‍ കാണുന്നു.ഒരു തൈ മുളച്ച്‌ വരുന്നതും കാണുന്നു.കുറച്ച്‌ വളം ..കുറച്ച്‌ വെള്ളം ....അവനങ്ങ്‌ വളരട്ടെ മാഷേ....

വല്യമ്മായി said...

ഇരുട്ടൊളിച്ച് വെച്ചതെല്ലാം
വെളിപ്പെടുമെന്ന് ഭയന്നല്ലേ
വെളിച്ചം കാണുമ്പോള്‍
ഇരുട്ടോടിയൊളിക്കുന്നത്

Mubarak Merchant said...
This comment has been removed by a blog administrator.
Mubarak Merchant said...

ഇരുട്ടിന്റെ ആഴങ്ങളിലേക്കൂളിയിടാന്‍ എനിക്കിഷ്ടമായിരുന്നു, എന്നും.
പണ്ടൊക്കെ രാത്രിയില്‍ കറന്റ് പോകാന്‍ കാത്തിരിക്കുമായിരുന്നു.. എന്നിട്ട് മെഴുകുതിരി കത്തിച്ച് അതിന്റെ കുഞ്ഞു വെളിച്ചം സൃഷ്ടിക്കുന്ന നീളം കൂടിയ നിഴലുകളെ നോക്കി ഓരോന്നാലോചിച്ച് അങ്ങനെ ഇരിക്കും.
ഒരു പക്ഷേ അതുകൊണ്ടു തന്നെയാവാം,
ജമ്മുവിലെ ഏകാന്ത വാസക്കാലത്ത് മിലിട്ടറി ബ്ലാക്ക് ഔട്ടുകള്‍ എന്നെ ഭയപ്പെടുത്താതിരുന്നത്. പക്ഷേ ബ്ലാക്ക് ഔട്ട് സമയത്ത് തലയ്ക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന യന്ത്രപ്പക്ഷികള്‍ താഴോട്ടടിക്കുന്ന സേര്‍ച്ച് ലൈറ്റിന്റെ ശക്തിയേറിയ പ്രകാശ വീചികള്‍ എന്നെ ഭയപ്പെടുത്തുക തന്നെ ചെയ്തു!
അവയായിരിക്കുമോ ഇരുട്ടു തീനികള്‍?

ഏറനാടന്‍ said...

പ്രപഞ്ചത്തില്‍ ഇരുട്ടാണ്‌ സിംഹഭാഗവുമുള്ളതത്രേ. വെളിച്ചം വരുമ്പോള്‍ ഇരുട്ട്‌ ഓടിയൊളിക്കുന്നു. വെളിച്ചം എവിടേനിന്നും വരുന്നു. വെട്ടത്തിനറിയാമോ? സുല്ലിനറിയാം.
:)

തമനു said...

“വെട്ടം വീഴുമുമ്പെ
ഓടിയകലും ഇരുട്ടിനു തന്നെ
വെട്ടത്തേക്കാള്‍ വേഗം.“

നല്ല ചിന്ത സുല്‍.. എന്തിനാവാം ഇരുട്ടോടിപോകുന്നത്‌..? പേടിച്ചീട്ടോ .. അതോ പകല്‍ വെളിച്ചത്തില്‍ ലോകത്തിന്റെ വൃത്തികെട്ട മുഖം കാണാന്‍ കെല്‍പ്പില്ലാഞ്ഞോ ..?

ഇരിട്ടിന്റെ കറുപ്പിനാല്‍ പിടിച്ച കരിക്കാണ് , വെളുപ്പിന്റെ വിളറീയ നിറത്തേക്കാള്‍ ഭംഗി സുല്‍.

നല്ല കവിത

മുസ്തഫ|musthapha said...

ജലാശയത്തിനടിയില്‍ പതിയിരിക്കുന്ന, ഒരു വെട്ടം വീഴുമ്പോഴേക്കും ഓടിയൊളിക്കുന്ന ഇരുട്ട്...

നല്ല ആശയം, നല്ല നിരീക്ഷണങ്ങള്‍‍... :)

നന്നായിരിക്കുന്നു... ആശംസകള്‍

സുല്‍ |Sul said...

"ഇരുട്ടു തീനികള്‍"

മഴത്തുള്ളീ :) ഇപ്പോള്‍ തിരക്കു കഴിഞ്ഞോ?

സാന്‍ഡോസ് :) മണമടിച്ചു തുടങ്ങിയല്ലൊ. എന്തെങ്കിലും കാണാതിരിക്കില്ല.

വല്യമ്മായി :) എല്ലാം കാണാനുള്ള കണ്ണ് വെട്ടത്തിനല്ലേ കിട്ടിയത്, ഇരുട്ടിനതു മറക്ക്യാനും.

ഇക്കാസ് :) ഇവിടെയും ഒരു നോവലു വിരിയുന്നല്ലോ?

തമനു :) വൃത്തികെട്ടതൊന്നും കാണാന്‍ ആരും നില്‍ക്കാറില്ലല്ലൊ. പാവം വെട്ടം അവന്‍ എന്തെല്ലാം കാണണം.

അഗ്രു :) നന്ദി.

ഇരുട്ടു തീനികള്‍ വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും കൂപ്പുകൈ.

-സുല്‍

സുല്‍ |Sul said...

ഏറനാടാ :) വൈകിയെങ്കില്‍ മാപ്. നന്ദിയുണ്ട്.

പിന്നെ “വെളിച്ചം എവിടേനിന്നും വരുന്നു. വെട്ടത്തിനറിയാമോ? സുല്ലിനറിയാം. “


എനിക്കറിയില്ല ഏറനാടാ. ‘വെട്ടം‘ പുതിയ ബ്ലോഗര്‍ ആണ്. മജീദെന്നാ പേര്. എവിടുന്നു വരുന്നു എന്ന് ഇത്തിരിവെട്ടത്തോട് ചോദിക്കാം. അതല്ലേ അതിന്റെ ഒരു ശരി.

-സുല്‍

Kalesh Kumar said...

നല്ല പോസ്റ്റ് സുല്ലേ!

സുല്‍ |Sul said...

കലേഷ്ജി നന്ദി.

നാട്ടില്‍ എന്താ വിശേഷം. യു എ ഇ മീറ്റുണ്ടാക്കി, ഇപ്പൊ കൊച്ചി മീറ്റുണ്ടാക്കാന്‍ നടക്കുവാണോ?.

-സുല്‍

asdfasdf asfdasdf said...

കനം കൂടിയ ഇരുട്ട്‌
വന്നിടിക്കുമ്പോള്‍
എനിക്ക്‌ തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു

നന്നായിരിക്കുന്നു ‍.

salil | drishyan said...

ഇരുട്ടിലേക്ക് വെളിച്ചം തൂവുന്ന ചിന്തകള്‍ കൊള്ളാട്ടോ സുല്‍‌സ്...

സസ്നേഹം
ദൃശ്യന്‍

മറ്റൊരാള്‍ | GG said...

പുതിയ ആളാണ്‌!!!
പലപ്പോഴും ഇവിടെ ബ്ലോഗുകള്‍ ബ്ലോക്കുകള്‍ ആകുന്നതു കാരണം, മനസ്സുവച്ച്‌ ഒന്ന് കമന്റാന്‍ കൂടീ പറ്റുന്നില്ല.. കവിത ഇഷ്ടപ്പെട്ടു. പിന്നെ, ഇരുട്ടിനെ തിന്നുന്ന വെളിച്ചമാണോ സുല്‍?