Thursday, November 13, 2008

കനല്‍‌പാടുകള്‍

കാതോര്‍ത്തു ഞാനിന്നും നിന്‍ മധുസ്വനത്തിനായ്
എന്നാത്മാവിന്‍ ലയത്തിനായ്.
താളം തെറ്റിയ പുഴയൊഴുക്കുപോലെ,
ധമനികളിലെ ചോരയോട്ടത്തിന്റെ ഓളം
നഷ്ടമായിരിക്കുന്നു ഇവന്.
ഈ വേര്‍പാടെനിക്കു താങ്ങുവതല്ലെന്നറിഞ്ഞാലും.

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.
മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം, എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
കാല്‍‌പാടുകള്‍ മഴവന്നു മായ്‌കും വരെ,
ചോര വാര്‍ന്നൊഴുകുന്നൊരെന്‍ സ്വപ്നങ്ങളുമായ്,
നീ എന്നിലേക്കണയുന്ന കാലത്തിനായ് കാത്തിരിക്കട്ടേ?

17 comments:

സുല്‍ |Sul said...

"കനല്‍‌പാടുകള്‍"

ചില വരികള്‍ കൂടി.

-സുല്‍

[ nardnahc hsemus ] said...

ന്റെ സുല്ലേ,
ഓള്‍ക്ക് ബ്ലോഗില്ലാഞ്ഞിട്ടല്ലേ...
ഇതൊക്കെ പണ്ടേ ഉണ്ടാക്കിക്കൊടുക്കേണ്ടതല്ലായിരുന്നോ?
ഇനി ആ ബാക്കി വരി യെപ്പൊ വരും ന്നാ???

:)

പ്രയാസി said...

ഒന്നും കളയാതെ കോപ്പി അതേ പോലെ അങ്ങോട്ടു പേസ്റ്റി

മഞ്ചിലായല്ലൊ..;)

G.MANU said...

ഇങ്ങേരിതിന്തെനുള്ള പൊറപ്പാടാ.. കുറെ നാളായല്ലോ പ്രേമത്തില്‍ കൈവക്കാന്‍ തൊടങ്ങീട്ട്.. വല്ല കമ്പിയും((ലൈന്‍) ഒത്തോ :)

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
ഇത് കലക്കി മച്ചാ.....

വല്യമ്മായി said...

പോസ്റ്റാന്‍ ധൃതി വെക്കാതെ ഒന്നു കൂറ്റി എഡിറ്റിയിരുന്നെങ്കില്‍ :(

പാര്‍ത്ഥന്‍ said...

ഞാൻ പറയാൻ വന്നത് വല്യമ്മായി പറഞ്ഞു. (അതിനടിയിൽ ഒരൊപ്പ്)

മഴപെയ്യുമ്പോൾ എവിടന്നാ കാല്പാടുകൾ??

നിനക്കെന്നെ സ്നേഹിച്ചുകൂടെ?

ഒരു കത്തി കയ്യിൽ കരുതാഞ്ഞതിന്റെ കുറവ്.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“ആരാണ് ആ കക്ഷി”?
:)
ആശംസകള്‍.............
വെള്ളായണി

അരുണ്‍ കരിമുട്ടം said...

സുല്ലേ,
ഒരു വിരഹവും കാത്തിരുപ്പും.എന്താ പറ്റിയത്?
:)

ജിജ സുബ്രഹ്മണ്യൻ said...

എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

കുറിക്കാന്‍ പേന ക്ലാസ്സ് മുറീല്‍ മറന്നു വെച്ചില്ലേ സുല്ലേ !!

ചന്ദ്രകാന്തം said...

“ചോരയോട്ടത്തിന്റെ ഓളം“ എന്നത്‌ ഇത്തിരി കടുപ്പമായില്ലേന്ന്‌ സംശയിച്ചാലോ....എന്നൊരു തോന്നൽ..!!!! (പ്രത്യേകിച്ചും വിഷയം പ്രണയമാകുമ്പോൾ..)

“മഴനൂലുകളെ വകഞ്ഞുമാറ്റുന്ന പാദങ്ങൾ“...അടിപൊളി.

Unknown said...

സുല്ലു മാഷെ നന്നായിരിക്കുന്നു വരികൾ

മാണിക്യം said...

ഞാന്‍ ആദ്യമായിട്ടാ ഇവിടെ..
കവിയേയും കവിതയേയും
ബന്ധപെടുത്തി ഞാന്‍ വായിക്കുന്നില്ല..
കൈയില്‍ നിന്ന് അതോ
ഒരിക്കലും കൈയ്യില്‍ എത്താതെയോ കടന്നുപോയ കാലത്തിന്റെ ഒര്‍മ്മ
നന്നായി എഴുതി ചേര്‍ത്തു...
ഒരു വരിയാവില്ല
ഒരു ഗ്രന്ഥം തന്നെ കുറിച്ചിട്ടുണ്ടാവും,
ഒരു പക്ഷെ പേനയില്‍ നിറച്ചതു കണ്ണിരാവും,
നിറവും മണവും ഇല്ലാത്ത കണ്ണിര്‍..
മറവിക്ക് എന്നല്ല മരണത്തിനു മുന്നില്‍
പോലും ഓര്‍മ്മകള്‍ തോല്‍ക്കില്ലല്ലോ‍..
അതു കൊണ്ടല്ലേ കവി പണ്ടെ പാടിയത്
ഓര്‍മ്മകള്‍ മരിക്കുമോ?
ഓളങ്ങള്‍ നിലക്കുമോ?എന്ന്
മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
,
{അപ്പോ പെണ്ണ് വെളുത്തതാ
ഹും! അപ്പോ അതാരായിരിക്കും?}

‘സുല്ലിട്ട്’ഞാന്‍ പോണു..

നല്ല കവിത!! .

Be Happy said...

സുല്‍ കവിത ഇഷ്ടമായി. വരികള്‍ എല്ലാം വളരെ മനോഹരമായിരിക്കുന്നു. അതില്‍ ഏറ്റവും മധുരമായതും ഹ്യദയത്തെ സ്‌പര്‍ശിക്കുന്നതുമായ വരികള്‍

1. മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം,

2. മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?

3. പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...

വിരഹം കത്തും വേര്‍പാടിലും, പ്രതീക്ഷയുടെ ആശാകിരണം, അതിനായുള്ള കാത്തിരുപ്പ്. കൊള്ളാം സുല്‍ ആശംസകള്‍.

നരിക്കുന്നൻ said...

സുല്ലേ....
പണ്ടത്തെ പ്രേമ ലേഖനങ്ങൾ മൊത്തമായി പോസ്റ്റാൻ തൂരുമാനിച്ചു അല്ലേ....

വാക്കുകളിൽ കനലെരിയുന്നു സുൽ. ഈ വരികൾ അവൾ കണ്ടിരുന്നെങ്കിൽ! നിശ്ചയമായും അവൾ നിന്നെ തേടിയെത്തുമായിരുന്നു. ഒരു വരിയെങ്കിലും എഴുതുമായിരുന്നു.

ആഗ്നേയ said...

എന്താണാവോ ഉദ്ദേശം...
ഇതു കവിതയാക്കി ചുരുക്കാതെ ഒരു കുറിപ്പാക്കിയിടാമായിരുന്നു
എങ്കില്‍ കുറച്ചൂടെ തീക്ഷ്ണമായേനെ..
ഓ.ടോ..അന്നിങ്ങനെയൊന്നും എഴുതാനറിഞ്ഞൂടാരുന്നൂല്ലേ?അതാണ് ചെല്ലക്കിളി പാറിപ്പോയത്...പോയ ബുദ്ധി???അതുകാരണം ആരോ അനുഭവിക്കുന്നു..

മുസാഫിര്‍ said...

മറവിക്കുമുന്നില്‍
തന്മാത്ര സിനിമയിലെ പോലെ അല്‍‌ഷിമേഴ്സ് വന്ന് തോറ്റടിയും വരെ, എന്റ്റെ കൂടെ ഉണ്ടാവാണം....
ഏത് പോലീസ്കാരന്‍ വന്നാലും ഓര്‍മ്മകളുടെ ഈ കാരാഗാരത്തില്‍ നീന്നും ഞാന്‍ വിട്ടുതരില്ല..

എഴുതി എഴുതി നന്നാവുന്നുണ്ട്,സുല്‍ (കൈയക്ഷരമല്ല,കവിത)

ബാലാമണി said...

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.

വരും സുല്‍ പാതി പാടാതെപോയ പട്ടിന്റെ ശീലുകളുമായ് അവള്‍ വരികതന്നെ ചെയ്യും. കാത്തിരിപ്പ് ഒരിക്കലും വ്യഥാവിലാകില്ല. മധുരമായ ഈ കവിത കണ്ടാല്‍ ആര്‍ക്കാണ് വരാതിരിക്കാനാവുക.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?

ഇതിനേക്കാള്‍ ഭംഗിയായ് ഒരാള്‍ക്ക് എങ്ങനെ സ്‌നേഹം ചോദിക്കാനാവും. ഒരുപാട് അര്‍ത്ഥങ്ങളും ആലങ്കാരികതയും, യാഥാര്‍‌ത്യങ്ങളും ഒതുക്കിയിട്ടുണ്ടല്ലോ ഈ രണ്ടുവരികളില്‍. ഇനിയും ഇതുപോലെയുള്ള ഒരുപാട് നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു.

സ്‌നേഹപൂര്‍‌വ്വം ബാലാമണി